ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളി മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്കു കടന്നതായി സൂചന

ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളി മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍നിന്ന്  ക്യൂബയിലേക്കു കടന്നതായി സൂചന

ആന്റിഗ്വ: ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളി മെഹുല്‍ ചോക്‌സി ക്യൂബയിലേക്കു കടന്നതായി സൂചന. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പിനു പിന്നാലെയാണ് വജ്രവ്യാപാരിയായ മെഹുല്‍ ചോക്‌സി ഇന്ത്യവിട്ട് ആന്റിഗ്വയില്‍ അഭയം തേടിയത്. ഇവിടെനിന്നാണ് ക്യൂബയിലേക്കു കടന്നതായി ഇന്ത്യക്ക് വിവരം ലഭിച്ചത്. ചോക്‌സിയെ കാണാനില്ലെന്ന് ആന്റിഗ്വാ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2017-ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ കരീബിയന്‍ ദ്വീപ് രാജ്യമായ ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലേക്ക് കടന്ന ചോക്‌സി, അവിടുത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. ചോക്‌സിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് കമ്മിഷണര്‍ ആറ്റ്‌ലി റോഡ്‌നിയെ ഉദ്ധരിച്ച് ആന്റിഗ്വയിലെ പ്രാദേശിക മാധ്യമമായ ആന്റിഗ്വാ ന്യൂസ് റൂം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് ചോക്‌സിയെ അവസാനമായി കണ്ടത്. വൈകിട്ട് അഞ്ചേകാലോടെ വീട്ടില്‍നിന്ന് ഒരു കാറില്‍ പോയതായി കണ്ടവരുണ്ട് പിന്നീടാണ് കാണാതായത്. ആന്റിഗ്വയില്‍നിന്ന് ചോക്‌സിയെ കാണാതായതായി ജോണ്‍സണ്‍ പോയിന്റ് പോലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോക്‌സിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ചോക്‌സിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അക്കാര്യം പോലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ചോക്‌സി ക്യൂബയിലേക്ക് കടന്നെന്നാണ് സൂചന. ചോക്‌സിക്ക് ക്യൂബയില്‍ സ്വത്തുവകകളുണ്ട്. ചോക്‌സി ആന്റിഗ്വ വിട്ടതായും ക്യൂബയിലെ ആഡംബരവസതിയില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ടാവുമെന്നും അദ്ദേഹത്തിന്റെ സഹായിയെ ഉദ്ധരിച്ച് ആന്റിഗ്വയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചോക്‌സിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആന്റിഗ്വയ്ക്കു മേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഒരുപക്ഷെ ഇതാകാം നാടുവിടാന്‍ ചോക്‌സിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ചോക്‌സിക്ക് മറ്റൊരു കരീബിയന്‍ രാജ്യത്തിന്റെ പൗരത്വമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.