അഡിസ് അബാബ : പ്രാദേശിക സംഘർഷം നിലനിൽക്കുന്ന എത്യോപ്യയിലെ ടിഗ്രേ പ്രദേശത്തെ വാൾഡിബ ആശ്രമം എത്യോപ്യൻ - എറിത്രിയൻ സേനകളുടെ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ വാൾഡിബ സന്യാസ ആശ്രമം ക്രൈസ്‌തവലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മൊണാസ്ട്രിയാണ്. സമുദ്ര നിരപ്പിൽ നിന്നും 1118 മീറ്റർ ഉയരത്തിൽ, സരിമ നദിയുടെ പടിഞ്ഞാറ്, ടിഗ്രായിയിലെ വോൾക്കെയ്റ്റിലാണ് പ്രശസ്തമായ ഈ ആശ്രമം.
എത്യോപ്യൻ ഓർത്തോഡോക്സ് സഭയുടെ കീഴിലുള്ള ഈ ആശ്രമത്തിൽ നിന്നും സന്യാസിമാർ നാടുകടത്തപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. അവരിൽ പ്രായമായവരും രോഗികളും വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അഭയ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ സൈനീക നടപടികൾ മൂലം പരാജയപ്പെടുകയാണുണ്ടായത്. ഓർത്തോഡോക്സ് സഭയിൽ അംഗബലം കൊണ്ട് രണ്ടാം സ്ഥാനത്തുനിൽക്കുന്ന എത്യോപ്യൻ ഓർത്തോഡോക്സ് സഭയിലെ പാത്രിയാക്കീസായ ആബൂൻ മത്തിയാസിന്റെ വീഡിയോ സന്ദേശം പുറത്തു വന്നതോടുകൂടിയാണ് ലോകം ടിഗ്രേയിലെ ക്രൈസ്തവ പീഡന പരമ്പരകൾ അറിഞ്ഞു തുടങ്ങിയത്. എത്യോപ്യൻ സർക്കാരിന്റെ അനുവാദത്തോടുകൂടി നടക്കുന്ന വംശഹത്യയാണിതെന്ന് പാത്രിയർക്കീസ് ആരോപിച്ചിരുന്നു.
വാൾഡിബ ആശ്രമവും അതിന്റെ പ്രാന്ത പ്രദേശങ്ങളും വർഷങ്ങൾക്കു മുൻപേതന്നെ കരിമ്പ് കൃഷിക്കായി ഏറ്റെടുക്കാൻ എത്യോപ്യൻ സർക്കാർ ശ്രമം നടത്തിയിരുന്നു. പുരാതനമായ സന്യാസ വിദ്യാലയം നിരവധി പണ്ഡിതന്മാരെയും എഴുത്തുകാരെയും സൃഷ്ടിച്ചു. ജോസഫും മറിയയും ഈശോയും ഈജിപ്തിലെ താമസ സമയത്ത് സന്ദർശിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലത്താണ് ആശ്രമം സ്ഥാപിതമായിരിക്കുന്നത്. വാൾഡിബയിൽ ആയിരുന്നപ്പോൾ, ജറുസലേമിലേക്ക് മടങ്ങാൻ അവർക്ക് ഒരു ദിവ്യ സന്ദേശം ലഭിച്ചു, എറിത്രിയ അല്ലെങ്കിൽ യെമൻ വഴിയുള്ള ഒരു ഭൂഗർഭ പാതയിലൂടെ അവർ യാത്ര ചെയ്ത് ജെറുസലേമിൽ എത്തിച്ചേർന്നതായി വിശ്വസിക്കുന്നു.
ആശ്രമത്തിലേക്ക് വാഹന സൗകര്യം ഇല്ലാത്തതിനാൽ കാൽനടയായോ കഴുതപ്പുറത്തോ മാത്രമേ ഇവിടേക്ക് എത്തിച്ചേരാൻ കഴിയൂ. ആക്രമണത്തിന് മുൻപ് ഏകദേശം ആയിരത്തോളം സന്യാസിമാർ ഇവിടെ കഴിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക രാഷ്ട്രങ്ങളുടെയും മറ്റു ക്രൈസ്തവ സഭകളുടെയും ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പാത്രിയർക്കീസും ഓർത്തോഡോക്സ് സഭയും പുലർത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.