സിഡ്‌നി: ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം ഇന്ന് രാത്രി ആകാശത്തൊരുങ്ങുന്ന അപൂര്‍വ ദൃശ്യവിരുന്നിന് കാത്തിരിക്കുകയാണ് ലോകം. അതിമനോഹരമായ സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ പ്രതിഭാസങ്ങളും ഒരുമിച്ചു കാണാന്‍ സാധിക്കുന്ന ത്രില്ലിലാണ് ശാസ്ത്രലോകം.
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പസഫിക് സമുദ്രം, തെക്ക്-കിഴക്കന്‍ ഏഷ്യ, നോര്‍ത്ത്, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍നിന്ന് ഒരേ സമയം ഗ്രഹണം ദൃശ്യമാകും. എന്നാല്‍ എല്ലായിടത്തും ചന്ദ്രഗ്രഹണം പൂര്‍ണമായി കാണാനാകില്ല. ഓസ്‌ട്രേലിയന്‍സമയം രാത്രി 7.44-നും രാത്രി 10.52 നും ഇടയിലാണ് ഗ്രഹണം ദൃശ്യമാകുക. ഗ്രഹണം പൂര്‍ണമാകുന്ന രാത്രി 9:18-നാണ് കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഓസ്‌ട്രേലിയയില്‍ എവിടെയൊക്കെ, എപ്പോഴാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്? കൂടുതല്‍ അറിയാം.
ന്യൂ സൗത്ത് വെയില്‍സ് / വിക്‌ടോറിയ / ക്യൂന്‍സ് ലന്‍ഡ് / ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറി / ടാസ്മാനിയ
രാത്രി 7.44: ഭാഗികഗ്രഹണംആരംഭിക്കുന്നു
രാത്രി 9.11: പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നു
രാത്രി 9.18: ഗ്രഹണം പൂര്‍ണതോതിലാകുന്നു
രാത്രി 9.25: പൂര്‍ണഗ്രഹണം അവസാനിക്കുന്നു
രാത്രി 10.52: ഭാഗികഗ്രഹണം അവസാനിക്കുന്നു
സൗത്ത് ഓസ്‌ട്രേലിയ/നോര്‍ത്തേണ്‍ ടെറിട്ടറി
രാത്രി 7.14: ഭാഗിക ഗ്രഹണം ആരംഭിക്കുന്നു
രാത്രി 8.41: പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നു
രാത്രി 8.48: ഗ്രഹണം പൂര്‍ണതോതിലാകുന്നു
രാത്രി 8.55: പൂര്‍ണഗ്രഹണം അവസാനിക്കുന്നു
രാത്രി 10:22: ഭാഗിക ഗ്രഹണം അവസാനിക്കുന്നു
പടിഞ്ഞാന്‍ ഓസ്‌ട്രേലിയ
രാത്രി 5.44: ഭാഗിക ഗ്രഹണം ആരംഭിക്കുന്നു
രാത്രി 7.11: പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നു
രാത്രി 7.18: ഗ്രഹണം പൂര്‍ണതോതിലാകുന്നു
രാത്രി 7.25: പൂര്‍ണഗ്രഹണം അവസാനിക്കുന്നു
രാത്രി 8:52: ഭാഗിക ഗ്രഹണം അവസാനിക്കുന്നു
എന്താണ് ചന്ദ്രഗ്രഹണം?
സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുകയും സൂര്യപ്രകാശം ചന്ദ്രനില്‍ വീഴാതിരിക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴല്‍ ചന്ദ്രനെ എത്രമാത്രം മൂടിയിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഭാഗികവും പൂര്‍ണവുമായ രണ്ടു തരം ഗ്രഹണങ്ങള്‍ നടക്കാറുണ്ട്.
പൂര്‍ണമായും ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ ആകുന്നതാണ് പൂര്‍ണ ചന്ദ്രഗ്രഹണം. ഈ സമയത്ത് ചന്ദ്രനും സൂര്യനും ഭൂമിയുടെ എതിര്‍വശങ്ങളിലായാണ് സ്ഥിതി ചെയ്യുക. അതായത് ഇവ മൂന്നും നേര്‍ രേഖയില്‍ വരികയും സൂര്യപ്രകാശം ഭൂമിയുടെ നിഴല്‍ കാരണം ചന്ദ്രനില്‍ എത്താതിരിക്കുകയും ചെയ്യും.
എന്താണ് സൂപ്പര്‍ മൂണ്‍?
പൂര്‍ണചന്ദ്രന്‍ ഏറ്റവും മനോഹരമായും വ്യക്തമായും കാണപ്പെടുന്ന അവസ്ഥയാണ് സൂപ്പര്‍ മൂണ്‍. ഭ്രമണപഥത്തിലെ ഭൂമിയുടെ ഏറ്റവും അടുത്ത സ്ഥലത്തെ 'പെരിജി' എന്ന് വിളിക്കുന്നു. പൂര്‍ണചന്ദ്രന്‍ പെരിജിയില്‍ ദൃശ്യമാകുമ്പോള്‍, അത് ഒരു സാധാരണ പൂര്‍ണ്ണചന്ദ്രനെക്കാള്‍ അല്‍പം തെളിച്ചമുള്ളതും വലുതുമായി കാണപ്പെടുന്നു. ഇതാണ് 'സൂപ്പര്‍മൂണ്‍' എന്നറിയപ്പെടുന്നത്. സാധാരണ മറ്റ് സമയങ്ങളില്‍ കാണപ്പെടുന്ന പൂര്‍ണ ചന്ദ്രനെക്കാള്‍ വലിപ്പത്തിലാണ് സൂപ്പര്‍ മൂണ്‍ കാണാന്‍ കഴിയുക.
ബ്ലഡ് മൂണ്‍ എന്താണ്?
ഗ്രഹണ സമയത്ത് ചന്ദ്രനിലേക്കു വളരെ നേര്‍ത്ത രീതിയില്‍ പ്രകാശം പതിക്കുകയും അത് ചുവന്ന നിറമുള്ളതായി തോന്നിക്കുകയും ചെയ്യും. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്‍ ചുവന്ന നിറത്തില്‍ മനോഹരമായി തിളങ്ങി നില്‍ക്കുന്ന കാഴച്ചയാണ് ഈ സമയത്തു കാണാന്‍ കഴിയുക. ഇതാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.