അടിമുടി അഴിച്ചുപണി: കെപിസിസിക്കൊപ്പം എല്ലാ ഡിസിസികളും പുനസംഘടിപ്പിക്കും; രാജിവച്ച് വി.കെ ശ്രീകണ്ഠന്‍

 അടിമുടി അഴിച്ചുപണി: കെപിസിസിക്കൊപ്പം എല്ലാ ഡിസിസികളും പുനസംഘടിപ്പിക്കും; രാജിവച്ച് വി.കെ ശ്രീകണ്ഠന്‍

ന്യൂഡല്‍ഹി: കാലത്തിന്റെ അനിവാര്യമായ മുന്നറിയിപ്പ് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തില്‍ പാര്‍ട്ടി അടിമുടി അഴിച്ചു പണിയാനൊരുങ്ങുന്നു. പുതിയ കെപിസിസി പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും വരുന്നതിനൊപ്പം കേരളത്തിലെ എല്ലാ ഡിസിസികളും പുനസംഘടിപ്പിക്കും. മുഴുവന്‍ ഡിസിസി പ്രസിഡന്റുമാരെയും മാറ്റും. ഇതു സംബന്ധിച്ച് ഡിസിസി പ്രസിഡന്റുമാര്‍ക്ക് സൂചന ലഭിച്ചതായി അറിയുന്നു.

വി.കെ ശ്രീകണ്ഠന്‍ എംപി പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് കൈമാറി. ഒഴിയാന്‍ സന്നദ്ധത അറിയിച്ചവരോട് തല്‍ക്കാലം തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈകാതെ ബൂത്ത് തലം വരെ പുനസംഘടനയുണ്ടാകും. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എഐസിസി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ജില്ലാ ഘടകങ്ങള്‍ക്കുള്‍പ്പടെ പ്രധാന പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. അഴിച്ചുപണി താഴേത്തട്ട് മുതല്‍ വേണമെന്ന ശുപാര്‍ശയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിന്മേലാണ് ഡിസിസികള്‍ പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എഐസിസി എത്തിയത്. അശോക് ചവാന്‍ അധ്യക്ഷനായ സമിതി തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ജില്ലാ ഘടകങ്ങളുടെ വീഴ്ചയും വിലയിരുത്തും.

മിക്ക ഡിസിസി പ്രസിഡന്റുമാരും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത് എന്ന് വിലയിരുത്തലുണ്ടായിരുന്നു. പലയിടത്തും ഡിസിസി പ്രസിഡന്റുമാര്‍ പക്ഷപാതചപരമായ സമീപനം സ്വീകരിച്ചു എന്ന് സ്ഥാനാര്‍ത്ഥികള്‍ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇവര്‍ ഇക്കാര്യം സംസ്ഥാന ഘടകത്തെയും എഐസിസി നേതൃത്വത്തെയും അറിയിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.