വാഷിംഗ്ടണ്‍: അമേരിക്കയില്‍ വര്‍ണവിവേചനത്തിന് ഇരയായി കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ഓര്‍മകള്‍ക്ക് ഇന്നലെ ഒരു വര്‍ഷം തികയുമ്പോള്‍ വൈറ്റ് ഹൗസില്‍ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഫ്‌ളോയ്ഡിന്റെ കുടുംബത്തിന്റെ ധീരതയെ ജോ ബൈഡന്‍ അഭിനന്ദിച്ചു. അസാധാരണമായ ധൈര്യമാണ് കുടുംബം പ്രകടിപ്പിച്ചത്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഇളയ മകള്‍ ഗിയാന, അവളെ ഇന്ന് ഞാന്‍ വീണ്ടും കണ്ടുമുട്ടി. കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. വൈസ് പ്രസിഡന്റ്് കമല ഹാരിസുമായും കുടുംബം കൂടിക്കാഴ്ച്ച നടത്തി. പോലീസ് നിയമ പരിഷ്‌കരിക്കണം ഉടനെ നടപ്പാക്കണമെന്ന് കുടുംബാംഗങ്ങള്‍ ഇരുവരോടും അഭ്യര്‍ഥിച്ചു.
അതേസമയം ഫ്‌ളോയ്ഡ് മരിച്ച് ഒരു വര്‍ഷം തികയുന്ന വേളയില്‍ പ്രതി ഡെറിക് ഷോവിന്റെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ് കുടുംബം. ശിക്ഷ ഈ ആഴ്ച കോടതി പ്രഖ്യാപിക്കും.
ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം കള്ളനോട്ട് കൊടുത്തുവെന്ന ആരോപണത്തിലാണ് കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡിനെ മിനിയപൊളിസിലെ പോലീസ് പിടികൂടുന്നത്. വണ്ടിയില്‍നിന്ന് വലിച്ചിറക്കി റോഡില്‍ കിടത്തി ഡെറിക് ഷോവിനെന്ന വെള്ളക്കാരനായ പോലീസുകാരന്‍ കാല്‍മുട്ട് ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ അമര്‍ത്തി. 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്ന് ഫ്‌ളോയ്ഡ് പലവട്ടം വിളിച്ചുപറയുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടു. സംഭവം കണ്ടുനിന്ന ഡാര്‍ണെല്ല ഫ്രെയ്‌സര്‍ എന്ന ധീരയായ പെണ്‍കുട്ടി പകര്‍ത്തിയ 8 മിനിറ്റും 15 സെക്കന്റും നീണ്ട ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നു.
'ഐ കാന്‍ഡ് ബ്രീത്' എന്ന് നിസഹായനായി പറയുന്ന ഫ്‌ളോയ്ഡിന്റെ ശബ്ദം അമേരിക്കയുടെ തെരുവുകളെ പിടിച്ചുലച്ചു. ആയിരങ്ങള്‍ തെരുവിലിറങ്ങി. പലയിടങ്ങളിലും പ്രക്ഷോഭം അക്രമാസക്തമായി. അന്ന് ട്രംപിന്റ കീഴിലായിരുന്നു അമേരിക്ക. പ്രതിഷേധത്തിന്റെ ഫലമായി, പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എഫ്.ബി.ഐ അന്വേഷണം ഏറ്റെടുത്തു. പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷ ഈ ആഴ്ച പ്രഖ്യാപിക്കും. 40 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്നതാണ് കുറ്റകൃത്യമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ തലമുറയായി ഏറ്റുവന്ന അപമാനങ്ങളുടെ തീവ്രത കുറക്കാന്‍ വിധി സഹായകമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.