കുവൈറ്റ്: കോവിഡ് കാലത്ത് അംഗങ്ങൾക്ക് തുണയാവുന്ന സാമൂഹ്യ ഇടപെടലുകളുമായി എസ്.എം.സി.എ കുവൈറ്റ്. കോവിഡ് മൂലം പലവിധ കഷ്ടതകളിൽപെട്ടവർക്ക് തുണയായി സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) കുവൈറ്റിന്റെ ഇരുപത്തിയാറാമതു വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വിമാനത്താവളങ്ങൾ അടച്ചത് മൂലം നാട്ടിൽനിന്ന് യഥാസമയം മടങ്ങി വന്നു ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കാതെ പോയവർക്ക് ഏതു നിമിഷവും മടങ്ങിവരുന്നതിനു സഹായകമാകുന്ന രീതിയിൽ വാക്സിനേഷനിൽ മുൻഗണന നൽകണമെന്ന് കേന്ദ്ര, കേരള സർക്കാരുകളോടും ഇതിൽ എംബസിയുടെ പ്രത്യേക ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർക്ക് എസ്.എം.സി.എ നിവേദനം കൈമാറി.
എൻആർഐകൾക്ക് പ്രായഭേദമന്യേ വാക്‌സിനേഷൻ ലഭ്യമാക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ വാക്‌സിനുകളുടെ പേരുകൾ പ്രവാസ രാജ്യങ്ങളിൽ അംഗീകരിക്കത്തക്ക രീതിയിൽ പുനഃക്രമീകരിക്കുക, വാക്‌സിനേഷൻ ക്യാമ്പുകളിൽ എൻആർഐ ഡസ്കുകൾ ഏർപ്പെടുത്തുക എന്നീ നിർദ്ദേശങ്ങളാണ് ഇക്കാര്യത്തിൽ എസ്.എം.സി.എ മുന്നോട്ടുവെച്ചത്.
ഈ നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുന്നു എന്നും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും രേഖാമൂലം മറുപടി ലഭിക്കുകയും ഉണ്ടായി. തുടർന്ന് പത്ത് ദിവസങ്ങൾക്കകം തന്നെ ഈ വിഷയത്തിന് പരിഹാരമായേക്കാവുന്ന നടപടികൾക്ക് കേരള സർക്കാർ തുടക്കം കുറിക്കുകയും, പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ അത് അറിയിക്കുകയും ചെയ്തു.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചും പലരുടെയും ജോലിക്ക് സ്ഥിരത ഇല്ലാത്തതിനാലും കുവൈറ്റിലെ ഇന്ത്യൻ സ്കൂളിൽ ആദ്യ ടേമിലെ ഫീസ് അടയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കൂടുതൽ സാവകാശം നൽകണം. രണ്ടിലേറെ കുട്ടികൾ പഠിക്കുന്ന മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ കൂടുതലായ പിന്തുണ നൽകുന്നതിൽ സ്കൂൾ മാനേജ്മെന്റ്കളുടെ സഹകരണം അഭ്യർത്ഥിച്ചുകൊണ്ടു എല്ലാ ഇന്ത്യൻ സ്കൂളുകളുടെയും പ്രിൻസിപ്പൽമാരെയും മാനേജർമാരെയും എസ്.എം.സി.എ സമീപിക്കുകയുണ്ടായി. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ ശ്രദ്ധയിലേക്കും കൊണ്ടുവരികയും ഇങ്ങനെ കഷ്ടപ്പെടുന്ന മാതാപിതാക്കൾ നേരിട്ട് സ്കൂൾ മാനേജ്മെന്റ്കളെ സമീപിച്ചാൽ വേണ്ടുന്ന നടപടികൾ സ്വീകരിക്കാമെന്നും ചില സ്കൂൾ മാനേജ്മെന്റ്കൾ ഉറപ്പു നൽകി.
അതേസമയം മാതാപിതാക്കളോ മക്കളോ നാട്ടിൽ പരസഹായമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന പ്രവാസികുടുംബങ്ങളിൽ അടിയന്തിര സാഹചര്യങ്ങളിൽ അവശ്യ സഹായമെത്തിക്കുന്നതിനുള്ള പ്രത്യേക പ്രവാസി ഹെല്പ്ഡെസ്ക് ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസിന്റെ വിവിധ യൂണിറ്റുകളുടെ കീഴിൽ നിലവിൽ വന്നു. കേരളത്തിലെ രണ്ടായിരത്തിലധികം ഇടവകകളിലും കേരളത്തിന് പുറത്തുള്ള പ്രധാന സിറ്റികളിലും എസ്.എം.സി.എ വഴി ഈ സേവനം ലഭ്യമാണ്. ഈ ഹെല്പ് ഡസ്കിൽ ബന്ധപ്പെടുന്നതിനും സാധ്യമായ മറ്റു സഹായങ്ങൾ ഒരുക്കുന്നതിനും സംഘടനയുടെ സാമൂഹികക്ഷേമ വിഭാഗമായ സോഷ്യൽ വെൽഫെയർ കമ്മിറ്റി പ്രത്യേക ശ്രദ്ധ നൽകുന്നു.
കുവൈറ്റിൽ രോഗികളാകുന്ന അംഗങ്ങളെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിനും അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന അംഗങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ എത്തിക്കുന്നതിനും അവരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ കൃത്യമായി എത്തിക്കുന്നതിനുമൊക്കെ ഉതകുന്ന രീതിയിൽ പ്രത്യേകം ആക്ഷൻഫോഴ്സുകൾക്കു സംഘടന രൂപംനൽകി.
മഹാമാരിയുടെ കാലത്ത് പ്രവാസികൾക്ക് പ്രത്യേകിച്ചു അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങും തണലുമായ പ്രവർത്തനപരിപാടികൾക്കു എസ്.എം.സി.എയുടെ ഇരുപത്തിയാറാമതു പ്രവർത്തന വർഷത്തിൽ മുൻഗണന നൽകുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.