മാതാവിന്റെ വണക്കമാസ വിചിന്തനം ഇരുപത്തിഏഴാം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം ഇരുപത്തിഏഴാം ദിവസം

വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. (ലൂക്കാ 1:53)

മറിയത്തിന്റെ സ്തോത്രഗീതത്തിലെ വാക്കുകളാണിവ. ആത്മീയമായി സമ്പന്നർ എന്ന് വിശ്വസിക്കുന്നവർക്ക് ദൈവാശ്രയത്വം ഉണ്ടായിരിക്കുകയില്ല, തങ്ങൾ എല്ലാറ്റിലും, ആത്മീയവും ലൗകീകവുമായി സമ്പന്നരാണ് എന്ന തെറ്റായ ചിന്തയാണ് അവരെ ഭരിക്കുന്നത്. തങ്ങൾ നീതിമാന്മാരാണ് എന്ന ധാരണയിൽ അവർ തങ്ങളിൽതന്നെ ആശ്രയിക്കുകയും ചെയ്യുന്നു.

എന്നാൽ ആത്മീയമായി ദരിദ്രർ, എന്ന് വിശ്വസിക്കുന്നവർ, തങ്ങളുടെ കുറവുകളെ ഓർത്തു പശ്ചാത്തപിക്കുകയും പൂർണ്മായ ദൈവാശ്രയത്വത്തിലേക്ക് കടന്നു വരുകയും ചെയ്യും. അങ്ങനെയുള്ളവരുടെ പ്രാർത്ഥന ദൈവം കേൾക്കുകയും, തന്റെ ശക്തമായ കരംനീട്ടി അനുഗ്രഹിക്കുകയും, പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ നിറക്കുകയും ചെയ്യും.

ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമ യേശു പറയുന്നുണ്ട്. അവിടെ ഫരിസേയന്റെ പ്രാർത്ഥന, തന്നിൽതന്നെ ആശ്രയിക്കുന്ന, എല്ലാം തികഞ്ഞവൻ എന്ന് ധരിക്കുന്നവന്റെ പ്രാർത്ഥനയാണ്.

എന്നാൽ ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നിൽ കനിയണമേ എന്നു പ്രാർത്ഥിച്ചു. അവൻ തന്റെ ആത്മീയ ദാരിദ്രം ദൈവസന്നിധിയിൽ സമ്മതിക്കുന്നു. അവിടെ യേശു പറയുന്നു ആ ചുങ്കക്കാരൻ, ഫരിസേയനേക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് മടങ്ങി എന്ന്.

ഹൃദയപൂർവ്വം ദൈവത്തെ തേടുന്നു എങ്കിൽ, അവിടുന്ന് സ്വർഗീയ അനുഗ്രഹങ്ങൾ കൊണ്ട് നമ്മെ സംതൃപ്തരാക്കും എന്ന് താഴെപറയുന്ന വചനങ്ങൾ നമുക്ക് ഉറപ്പ് തരുന്നു.

യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല (യോഹ 6:35 )

തിരുനാളിന്റെ അവസാനത്തെ മഹാദിനത്തിൽ , യേശു എഴുന്നേറ്റുനിന്നു ശബ്ദമുയർത്തി പറഞ്ഞു ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്നു , വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും (യോഹ 7:37 ).

സിംഹക്കുട്ടികൾ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം; കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല (സങ്കീ 34 :10 ).

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ ; അവർക്ക് സംതൃപ്തി ലഭിക്കും (മത്താ 5:6 ).
നമ്മുടെ കുറവുകളെ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞു സർവ്വശക്തനായ ദൈവത്തിൽ നമുക്ക് പൂർണ്മായും ആശ്രയിക്കാം. തീർച്ചയായും ആത്മീകവും ലൗകീകവുമായ അനുഗ്രഹങ്ങൾ കൊണ്ട് അവിടുന്ന് നമ്മെ സംതൃപ്തരാക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.