വാഷിംഗ്ടണ്‍: കൊറോണ വൈറസ് ഉത്ഭവം ചൈനയിലെ ലബോറട്ടറിയില്‍നിന്നോ അതോ മൃഗങ്ങളില്‍നിന്നോ സംഭവിച്ചത് എന്നതു സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തി 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി. തുടക്കം മുതല്‍ ഉയര്‍ന്നുകേട്ട ഈ ആരോപണത്തിന് കൃത്യമായ ഉത്തരം വേണമെന്നാണ് ജോ ബൈഡന്റെ ഉത്തരവ്. 
ലോകമെങ്ങും 35 ലക്ഷത്തിലധികം ജനങ്ങളെയാണ് വൈറസ് കൊന്നൊടുക്കിയത്. ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുവച്ച മൃഗങ്ങളില്‍നിന്നാണോ അതോ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയില്‍നിന്നാണോ വൈറസിന്റെ ഉത്ഭവം എന്നതു സംബന്ധിച്ചാണ് ആശയക്കുഴപ്പം. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി പ്രമുഖര്‍ രോഗത്തിന്റെ ഉറവിടം ചൈനീസ് ലാബുകള്‍ ആണെന്ന് ആരോപിച്ചിരുന്നു. ചൈനീസ് ലാബുകളില്‍നിന്നും അബദ്ധത്തില്‍ പുറത്തുവന്നതാണ് കോവിഡ് 19-നു കാരണമായ വൈറസ് എന്നായിരുന്നു ആരോപണം. എന്നാല്‍, തുടക്കം മുതല്‍ ചൈന ഇക്കാര്യം നിഷേധിച്ചു. 
അന്തിമ റിപ്പോര്‍ട്ട് എന്തു തന്നെയായാലും ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഈ സംഭവം ഉലച്ചിലുണ്ടാക്കുമെന്നാണ് നിഗമനം. തങ്ങളല്ല മഹാമാരിക്കു പിന്നിലെന്ന നിലപാടാണ് ചൈനയുടേത്. എന്നാല്‍ ലാബില്‍നിന്നു പുറത്തുവന്ന വൈറസാണിതെന്ന നിഗമനമാണ് യു.എസിലെ റിപ്പബ്ലിക്കന്‍ പക്ഷത്തുള്ളവര്‍ പുലര്‍ത്തുന്നത്. 
2019ല്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇതിനകം ലോകമാകെ 16.8 കോടി പേര്‍ക്ക് ബാധിച്ചിട്ടുണ്ട്. 35 ലക്ഷം പേര്‍ രോഗം ബാധിച്ച് മരിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.