ദിസ്പുര്‍: അസമില്‍ കുടുങ്ങിയ കേരളത്തിലെ ബസ് ഡ്രൈവര്‍മാരുടെ അവസ്ഥ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. കേരളത്തില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ കയറ്റിക്കൊണ്ടു വന്ന് തിരികെ പോകാന്‍ പറ്റാത്ത ദയനീയാവസ്ഥയാണ് വാര്‍ത്തയ്ക്ക് ഇത്രയും പ്രചാരണം ലഭിക്കാന്‍ കാരണം. സീ ന്യൂസും ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സീ ന്യുസിന്റെ അസം പ്രതിനിധികളുടെ അന്വേഷണത്തില്‍ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം പുറത്ത് വരികയായിരുന്നു.
കേരളത്തില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പോലെയുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്നാണ് അന്വേഷണത്തില്‍ ബോധ്യമായത്. കാരണം അസം സര്‍ക്കാരും സന്നദ്ധ സംഘടനകളും എല്ലാ പിന്‍തുണയും വേണ്ട സഹായവും കൃത്യമായി നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് കേരള സര്‍ക്കാരിനും അസം സര്‍ക്കാരിനും നല്‍കാന്‍ അസം കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് വന്നു. മലയാള മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതുപോലെ ഡ്രൈവര്‍മാരെയോ ബസിനെയോ ആരും എവിടെയും പിടിച്ചുവെച്ചിട്ടില്ല. സംഭവത്തില്‍ ഇടപെടാന്‍ കത്തോലിക്ക സഭ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ബസ് ഡ്രൈവര്‍മാര്‍ക്ക് ഇപ്പോഴത്തെ നിലനില്‍പ്പിനു വേണ്ടുന്ന കാര്യങ്ങള്‍ നല്‍കുകയും ചെയ്തു.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയാണ് ടൂറിസം. ഈ പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാന്‍ അന്യസംസ്ഥാനത്തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് ബസ് ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും വലിയ ആശ്വാസമായിരുന്നു.
വായ്പകള്‍ അടയ്ക്കാനും വാഹനത്തിന്റെ പണികള്‍ക്കും ദൈനംദിന ചെലവുകള്‍ക്കും എല്ലാമുള്ള ഏക വഴി. കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ കേരളത്തില്‍ നിന്ന് തൊഴിലാളികളെ കയറ്റി പതിവായി അസമിലേക്ക് വരുന്നു. അസമിലെ തിരഞ്ഞെടുപ്പിന് മുമ്പ് ധാരാളം ആളുകള്‍ അസമിലെ വിവിധ ജില്ലകളിലേക്ക് പോയി.
കേരളത്തിലും അസമിലും സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തിരിച്ചുപോകാന്‍ ആവശ്യമായ യാത്രക്കാരെ ലഭിക്കാതെ അസമിലെ വിവിധ പ്രദേശങ്ങളില്‍ ബസുകള്‍ കുടുങ്ങുകയായിരുന്നു. താങ്ങാനാവാത്ത യാത്രാ ചെലവ് കാരണം അവര്‍ക്ക് ശൂന്യമായ ബസുകളുമായി തിരികെ പോകാന്‍ കഴിഞ്ഞില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപനം കാരണം യാത്രക്കാര്‍ക്കായി അവരുടെ കാത്തിരിപ്പ് ആഴ്ചകളും മാസങ്ങളും നീളുകയായിരുന്നു. അപ്രതീക്ഷിതമായി അസമില്‍ താമസിക്കേണ്ടി വന്നത് അവരെ മാനസികമായും ശാരീരികമായും തളര്‍ത്തി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭക്ഷണത്തിനും വെള്ളത്തിനും പലര്‍ക്കും ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഇക്കൂട്ടത്തില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. ഇവര്‍ക്ക് വേണ്ട ശുശ്രൂഷയും സഭാ നേതൃത്വവും സര്‍ക്കാരും ചേര്‍ന്നു നല്‍കി.
വിഷയത്തില്‍ സമയോചിതമായി ഇടപെട്ട് അസം കത്തോലിക്ക സഭ
ബസ് ഡ്രൈവര്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സഭ മനസിലാക്കുന്നത് ഏകദേശം ഒരാഴ്ച മുമ്പാണ്. ഇതേത്തുടര്‍ന്ന് അവരുടെ ഭക്ഷണത്തിനായുള്ള സഹായങ്ങള്‍ അസം സഭാംഗവും എന്‍ഇഐആര്‍ബിസി എക്യുമെനിസം ആന്റ് നെസ്‌കോം സെക്രട്ടറിയുമായ ഫാ. ടോം മങ്ങാട്ടുതാഴെ എത്തിച്ചു നല്‍കി.
പക്ഷേ, അവര്‍ ധാരാളം ആളുകള്‍ ഉള്ളതിനാലും ഫണ്ടുകളുടെ അപര്യാപ്തത കൊണ്ടും അദ്ദേഹത്തിന് അത് തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ നാവ്ഗാവ് പട്ടണത്തിലെ ഡ്രൈവര്‍മാരില്‍ നിന്ന് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. കിട്ടിയ വിവരമനുസരിച്ച് അസമിലെ വിവിധ ജില്ലകളില്‍ 800 ജീവനക്കാരുള്‍പ്പടെ 400 ഓളം ബസുകളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഇത്രയും ആളുകളുടെ ഭക്ഷണവും മറ്റ് ആവശ്യങ്ങളും തനിച്ച് നിറവേറുക അസാധ്യമാണെന്ന് ബോധ്യമായതോടെ അവരുടെ ദുരവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം മുന്‍ ഇടവക വികാരി ഫാ. ഹിപ്പോളിറ്റസ് ടോപ്പോയ്ക്ക് കൈമാറി. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടലുകല്‍ നടത്തുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഫാദര്‍ ടോമിന് അദ്ദേഹത്തെ നന്നായി അറിയാമായിരുന്നു.
ഫാ. ഹിപ്പോളിറ്റസിലൂടെ എന്‍ഇഐആര്‍ബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജി.പി അമല്‍രാജ് ഇക്കാര്യമറിഞ്ഞ് ടോം അച്ചനുമായി ബന്ധപ്പെടുകയും ഡ്രൈവര്‍മാരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഡ്രൈവര്‍മാര്‍ താമസിക്കുന്ന സൈറ്റുകളില്‍ നിന്ന് ഫോട്ടോഗ്രാഫുകള്‍ ശേഖരിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ചെയ്തു. ഫാ. ഹിപ്പോളിറ്റസ് വഴി ബസ് ഡ്രൈവര്‍മാര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വാങ്ങുന്നതിനായി എംഎസ്എംഎച്ച്‌സി കോണ്‍ഗ്രിഗേഷന്‍ 50,000 രൂപ സംഭാവന നല്‍കി. ഇത്രയും ആളുകള്‍ക്ക് വേണ്ട സഹായം ചെയ്യുന്നതിനായി ടോം അച്ചനും സംഘവും ഏകദേശം 85,000 രൂപ ചെലവഴിച്ചു. നാവ്ഗാവ് എംസിബിഎസ് ക്രൈസ്റ്റ് ജ്യോതി സ്‌കൂള്‍, കത്യാറ്റോളിയിലെ കത്തോലിക്കാ പള്ളികള്‍, സില്‍ചാങ്, രംഗിയ, മംഗല്‍ദായ് എന്നിവയും ഡ്രൈവര്‍മാര്‍ക്ക് സഹായം നല്‍കാന്‍ മുന്നോട്ടു വന്നു.
സഭയുടെ ഇടപെടലിന്റെ ഫലമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണം ആരംഭിച്ചു. ഭക്ഷണം, മരുന്ന്, സുരക്ഷ എന്നിവ നല്‍കുമെന്ന് അതത് ജില്ലകളിലെ അധികൃതര്‍ ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം നല്‍കി. ബസുകളുടെ സുരക്ഷ, സാമൂഹിക വിരുദ്ധരുടെ ഭീഷണികള്‍, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍, ഭക്ഷണ ജലക്ഷാമം എന്നിവയുമായി ബന്ധപ്പെട്ട വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്. ഡ്രൈവര്‍മാര്‍ക്ക് എല്ലാവിധ സഹായവും ഉറപ്പ് നല്‍കി സഭാ നേതൃത്വം പിന്തുണയുമായി അവര്‍ക്കൊപ്പം തന്നെ ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.