സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ദയാവധം നടപ്പാക്കുന്നതിനു പകരം പാലിയേറ്റീവ് കെയര്‍ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടണണമെന്ന് കാത്തലിക് ഹെല്‍ത്ത് ഓസ്ട്രേലിയ. സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനത്തെ എം.പിമാര്‍ക്ക് അയച്ച കത്തിലാണ്, പ്രായമായവര്‍ക്കു പരിചരണം നല്‍കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ കാത്തലിക് ഹെല്‍ത്ത് ഓസ്ട്രേലിയ ഈ ആവശ്യമുന്നയിച്ചത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവന്‍ എടുക്കുന്നതിലുപരി അവര്‍ക്ക് മെച്ചപ്പെട്ട സാന്ത്വന പരിചരണം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അതിനുള്ള ധനസഹായമാണ് സംസ്ഥാനം കണ്ടെത്തേണ്ടതെന്നും ആശുപത്രികളെയും പാലിയേറ്റീവ് കേന്ദ്രങ്ങളെയും പ്രതിനിധീകരിക്കുന്ന കാത്തലിക് ഹെല്‍ത്ത് ഓസ്ട്രേലിയ ആവശ്യപ്പെടുന്നു.
ദക്ഷിണ ഓസ്ട്രേലിയയില്‍ ഓരോ വര്‍ഷവും 6,000 മുതല്‍ 10,000 പേര്‍ക്കു സാന്ത്വന പരിചരണ ചികിത്സ ആവശ്യമായി വരുന്നുണ്ട്. സ്വന്തം വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ണായക സമയത്ത് വേണ്ട പരിചരണം ലഭ്യമാക്കാന്‍ നിലവിലെ ധനസഹായം അപര്യാപ്തമാണ്. ദയാവധം എന്ന തെരഞ്ഞെടുപ്പിലേക്ക് ആളുകളെ എത്തിക്കുന്നതിനു പകരം ഓസ്ട്രേലിയയിലെ മെഡിക്കല്‍ സയന്‍സിന് അനുകമ്പയുടെ മറ്റൊരു പാത തുറന്നുകൊടുക്കാന്‍ കഴിയണമെന്ന് കാത്തലിക് ഹെല്‍ത്ത് ഓസ്ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഗാര്‍സിയ കത്തില്‍ പറഞ്ഞു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളും വേദനസംഹാരികളും ഉപയോഗിച്ച് മികച്ച നിലവാരത്തിലുള്ള സാന്ത്വന പരിചരണം നല്‍കുന്നത് രോഗികളുടെ ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ദയാവധം നടപ്പാക്കുന്നതിനു പകരം സര്‍ക്കാര്‍
സാന്ത്വന പരിചരണ മേഖലയിലെ നിലവിലെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍ നിക്ഷേപം വര്‍ധിപ്പിക്കുകയും വേണം.
ദയാവധം എന്നത് അനുകമ്പാപൂര്‍വമായ സമീപനമല്ല; രോഗികളെ ഉപേക്ഷിക്കലാണ്. ഈ നിയമത്തിന്റെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍നിന്ന് പ്രായമായവരെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും കത്തില്‍ മുന്നറിയിപ്പു നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.