'കോണ്‍ഗ്രസ് അധ്യക്ഷയോട് പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ല'; ചവാന്‍ കമ്മിഷനു മുന്നില്‍ ഹാജരാകാത്തതിനെപ്പറ്റി മുല്ലപ്പള്ളി

  'കോണ്‍ഗ്രസ് അധ്യക്ഷയോട് പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ല'; ചവാന്‍ കമ്മിഷനു മുന്നില്‍ ഹാജരാകാത്തതിനെപ്പറ്റി മുല്ലപ്പള്ളി


തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് താന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്നും ഒന്നും കൂട്ടിച്ചേര്‍ക്കാനോ കുറയ്ക്കാനോ ഇല്ലാത്തതിനാലാണ് അശോക് ചവാന്‍ കമ്മിഷനു മുമ്പില്‍ ഹാജരാകേണ്ടെന്നു തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അശോക് ചവാനെയും ആ കമ്മിറ്റിയിലെ അംഗങ്ങളെയും വര്‍ഷങ്ങളായി അറിയാം.

കമ്മിഷന്‍ മുന്‍പാകെ വന്ന് ഒരു പുതിയ കാര്യം പറയാനില്ലെന്ന് ചവാനെ അറിയിച്ചിരുന്നു. പറയേണ്ട കാര്യങ്ങള്‍ എല്ലാം സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും സോണിയാ ഗാന്ധിക്ക് അയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കമ്മിഷന് നല്‍കാമെന്നും അത് തന്റെ പ്രസ്താവനയായി രേഖപ്പെടുത്താമെന്നും വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ഫലപ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെ കുറിച്ച് വളരെ കൃത്യമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെപിസിസി അധ്യക്ഷനായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു ബദല്‍ സംവിധാനം വളരെപ്പെട്ടെന്ന് ഉണ്ടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പുതിയ സംവിധാനം നിലവില്‍ വരുന്നതുവരെ അധ്യക്ഷ പദവിയില്‍ തുടരാമെന്ന് പറഞ്ഞിരുന്നതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല. അത്തരം തീരുമാനം എടുക്കുന്ന കാര്യത്തില്‍ താന്‍ ഒരിക്കലും പിന്നാക്കം പോയിട്ടുമില്ല. എന്നാല്‍ പാര്‍ട്ടി പരാജയപ്പെട്ട് നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇട്ടിട്ടുപോയ ആള്‍ എന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കാനാണ് താന്‍ സ്ഥാനത്ത് തുടര്‍ന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ്. യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ചും മുല്ലപ്പള്ളി വിശദീകരിച്ചു. കെപിസിസി അധ്യക്ഷന്‍ എന്ന നിലയിലാണ് തനിക്ക് യുഡിഎഫ്. ഏകോപന സമിതിയില്‍ പങ്കെടുക്കാനാവുക. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി സ്വീകരിക്കണമെന്ന് സോണിയാ ഗാന്ധിയോട് അഭ്യര്‍ഥിച്ച സാഹചര്യത്തില്‍, പിന്നെയും യോഗത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ അത് രാഷ്ട്രീയവും ധാര്‍മികവുമായി തെറ്റായ നടപടിയാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സോണിയാ ഗാന്ധിയില്‍നിന്നും രാഹുല്‍ ഗാന്ധിയില്‍നിന്നും നിര്‍ലോഭമായ സഹകരണമാണ് ലഭിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്ന ദുഃഖവും വേദനയുമുണ്ട്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിന്റെ പരിപൂര്‍ണമായ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. ആ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയില്‍വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.