മൊബൈല്‍ ഫോണില്‍ ഉയര്‍ന്ന സ്റ്റോറേജ് ആവശ്യമെങ്കില്‍ ഇനി ഗൂഗിളിന് പണം നല്‍കണം

മൊബൈല്‍ ഫോണില്‍ ഉയര്‍ന്ന സ്റ്റോറേജ് ആവശ്യമെങ്കില്‍ ഇനി ഗൂഗിളിന് പണം നല്‍കണം

വാഷിംഗ്ടണ്‍: ഗുഗിള്‍ ഫോട്ടോസ് എന്ന പ്ലാറ്റ്ഫോമില്‍ പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോര്‍ ചെയ്ത് വയ്ക്കാന്‍ പറ്റുന്ന സൗകര്യം മെയ് 31 ഓടെ ഗൂഗിള്‍ അവസാനിപ്പിച്ചേക്കുമെന്ന്് സൂചന. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഇടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഒന്നാണ് ഗുഗിള്‍ ഫോട്ടോസ് എന്ന പ്ലാറ്റ്ഫോം. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍.

ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്ഫോം നല്‍കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക് അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് ജൂണ്‍ ഒന്ന് മുതല്‍ ഗൂഗിള്‍ ഫോട്ടോസ് ഗൂഗിള്‍ അനുവദിച്ചിട്ടുള്ള 15 ജി.ബി ഫ്രീ സ്റ്റോറേജിന്റെ ഭാഗമായി മാറും.

ഉയര്‍ന്ന സ്റ്റോറേജ് ആവശ്യമാണെങ്കില്‍ ഇനി മുതല്‍ പണം കൊടുത്ത് സ്‌പേസ് വാങ്ങേണ്ടി വരും. 100 ജി.ബി സ്പേസിന് 130 രൂപയും 200 ജി.ബി സ്പേസിന് 210 രൂപയുമായിരിക്കും ഈടാക്കുകയെന്നാണ് അറിയുന്നത്. എന്നാല്‍ ഗൂഗിള്‍ പുറത്തിറക്കിയിട്ടുള്ള ഫോണുകളില്‍ ഈ പരിധി ബാധകമാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗൂഗിള്‍ ഡിഫോള്‍ട്ടായി അനുവദിച്ചിട്ടുള്ള 15 ജി.ബി പരിധി ഗൂഗിള്‍ ഫോട്ടോസിന് ഇതുവരെ ബാധകമായിരുന്നില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന റെസലൂഷനുള്ള ഫോട്ടോകളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസില്‍ സൂക്ഷിക്കാന്‍ സാധിക്കുമായിരുന്നു.

ഇപ്പോള്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഗൂഗിള്‍ ഫോട്ടോസ് ആപ്ലിക്കേഷന്‍ നല്‍കിയിട്ടുള്ളതിനാല്‍ ഫോട്ടോകളും വീഡിയോകളും ഇതിലാണ് സ്റ്റോര്‍ ചെയ്യുന്നത്. ഇതുവഴി സ്റ്റോറേജിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് ഗൂഗിളിനുണ്ടാകുന്നത് എന്നാണ് വിലയിരുത്തല്‍. ജി-മെയില്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ പ്രതിദിനം 43 ലക്ഷം ജി.ബി ഫയല്‍ എത്തുന്നുണ്ടെന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.