ചൊവ്വയിലെ 'തിളങ്ങുന്ന' മേഘങ്ങളുടെ ചിത്രങ്ങള്‍ ഒപ്പിയെടുത്ത് നാസയുടെ ക്യൂരിയോസിറ്റി

ചൊവ്വയിലെ 'തിളങ്ങുന്ന' മേഘങ്ങളുടെ ചിത്രങ്ങള്‍ ഒപ്പിയെടുത്ത് നാസയുടെ ക്യൂരിയോസിറ്റി

വാഷിംങ്ടണ്‍: ചൊവ്വയുടെ അന്തരീക്ഷത്തില്‍ മഴവില്‍ നിറങ്ങളില്‍ 'തിളങ്ങുന്ന' മേഘങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി നാസയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി. മാര്‍ച്ചിലെ സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ എടുത്ത 21 ചിത്രങ്ങളിലാണ് ഈ അപൂര്‍വ പ്രതിഭാസം ദൃശ്യമാകുന്നത്. ഐസ് ക്രിസ്റ്റലുകള്‍ നിറഞ്ഞ മേഘങ്ങളില്‍ അസ്തമയ സൂര്യന്റെ കിരണങ്ങള്‍ തട്ടി വിവിധ വര്‍ണങ്ങള്‍ തെളിയുന്നതിന്റെ ചിത്രങ്ങളാണ് ക്യൂരിയോസിറ്റി പകര്‍ത്തിയത്.

ചുവന്ന ഗ്രഹത്തിലെ നേര്‍ത്തതും വരണ്ടതുമായ അന്തരീക്ഷത്തില്‍ മേഘങ്ങള്‍ വളരെ അപൂര്‍വമാണ്. എല്ലാ ചൊവ്വാ വര്‍ഷത്തിലും ഏറ്റവും കൂടുതല്‍ തണുപ്പുള്ള സമയത്താണ് ദക്ഷിണ ധ്രുവപ്രദേശത്തായി മേഘം രൂപം കൊള്ളുന്നത്. ഒരു ചൊവ്വ വര്‍ഷം എന്നത് ഭൂമിയിലെ 687 ദിവസത്തിന് തുല്യമാണ്. കഴിഞ്ഞവര്‍ഷം നാസയിലെ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചതിലും നേരത്തെ മേഘങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങി. 2021 ജനുവരി അവസാനത്തോടെ മേഘങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

ഏതാണ്ട് ഒരേ വലിപ്പമുള്ള മേഘങ്ങളുടെ കണികകളാണ് പ്രത്യക്ഷപ്പെട്ടതെന്ന് യു.എസ് സ്‌പേസ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ മാര്‍ക്ക് ലെമ്മണ്‍ പറഞ്ഞു. മേഘങ്ങള്‍ രൂപംകൊണ്ടശേഷം എല്ലാം ഒരേ വലിപ്പത്തിലേക്കു വളരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് 60 കിലോമീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ സാധാരണ മേഘങ്ങള്‍ രൂപപ്പെടാറില്ല. എന്നാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയ ഈ മേഘങ്ങള്‍ വളരെയധികം ഉയരത്തിലാണുള്ളത്. തണുത്തുറഞ്ഞു കട്ടിയായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡോ അല്ലെങ്കില്‍ ഡ്രൈ ഐേസാ കൊണ്ട് രൂപപ്പെട്ടതാകാം ഈ മേഘങ്ങളെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

അസ്തമയ സൂര്യന്റെ കിരണങ്ങള്‍ തട്ടി ചുവപ്പ്, പച്ച, നീല, പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ തിളങ്ങിയ മേഘങ്ങള്‍ അത്ഭുതപ്പെടുത്തിയതായി ഡോ. ലെമ്മണ്‍ പറഞ്ഞു. ചൊവ്വയിലെ മേഘങ്ങള്‍ രൂപം കൊള്ളുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.