ലണ്ടന്‍: ബ്രിട്ടണില്‍ ക്നാനായ യുവാവും യുവതിയും കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് തങ്ങളുടെ വിവാഹം ഒരു കത്തോലിക്ക ഇതര സമൂഹത്തില്‍ വച്ചു നടത്തിയതുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതക്കെതിരെ ചിലര്‍ ആരോപണമുയര്‍ത്തുമ്പോള്‍ ഇതിന് പിന്നിലെ യാഥാര്‍ഥ്യം എന്താണെന്ന് ഓരോ വിശ്വാസിയും തിരിച്ചറിയണം.
ലാറ്റിന്‍ പള്ളിയില്‍ നടത്താനിരുന്ന വിവാഹം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മുടക്കിയതുകൊണ്ടാണ് ഇവര്‍ കത്തോലിക്കാ സഭ ഉപേക്ഷിച്ചു പോയി വിവാഹം കഴിച്ചത് എന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്ന വാദം. എന്നാല്‍ ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്.
ഈ വിവാഹം ക്നാനായ ആചാരമനുസരിച്ച് സീറോ മലബാര്‍ ക്രമപ്രകാരം നടത്തുവാനായിരുന്നു അവര്‍ ആദ്യം തീരുമാനിച്ചിരുന്നത്. അതിനായി ആദ്യം സമീപിച്ചത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഭാഗമായ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടറായ വൈദികനെയായിരുന്നു.
ഈ വൈദികന്‍ വളരെ സന്തോഷത്തോടെ ഇവരെ സ്വീകരിക്കുകയും ഈ വിവാഹം നടത്തിക്കൊടുക്കുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ വിവാഹം നടത്തിക്കൊടുക്കുന്നതിന് സഭ നിര്‍ദ്ദേശിക്കുന്ന ഫോം പൂരിപ്പിച്ചു നല്‍കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അതിനു തയ്യാറായില്ല.
കാരണം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ തങ്ങളുടെ 'ക്‌നാനായത്വം നഷ്ടപ്പെട്ടുപോകുമെന്നുള്ള അടിസ്ഥാന രഹിതമായ കാരണങ്ങള്‍' പറഞ്ഞുകൊണ്ടാണ് അവര്‍ അതിനു തയാറാകാതിരുന്നത്.
എന്നാല്‍ ക്‌നാനായക്കാര്‍കൂടി അടങ്ങുന്ന ഇവിടെയുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടിയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഫ്രാന്‍സിസ് മാര്‍പാപ്പ അനുവദിച്ചു നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഭാഗമായി നിലനില്‍ക്കുന്ന ക്നാനായ മിഷനുകളില്‍ അംഗമാകുന്നതു വഴി ഇവിടെയുള്ള ക്നാനായക്കാരുടെ ക്നാനായ അംഗത്വം ഒരിക്കലും നഷ്ടമാകുകയില്ല എന്ന് സഭാ നേതൃത്വം പലതവണ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടും അവര്‍ അതിന് തയ്യാറായില്ല. പിന്നീട് വിവാഹം ലാറ്റിന്‍ പള്ളിയില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു.
വിവാഹത്തിനായി ലാറ്റിന്‍ പള്ളിയെ സമീപിച്ചപ്പോള്‍ അവര്‍ സീറോ മലബാര്‍ സഭാ വിശ്വാസികളായതിനാല്‍ വിവാഹം സാധുവായി പരികര്‍മ്മം ചെയ്യുന്നതിന് ഇവിടെയുള്ള അവരുടെ സീറോ മലബാര്‍ രൂപതയിലെ ഇടവക വികാരിയുടെ അര്‍പ്പിതാധികാരം (Delegation) ആവശ്യമാണെന്ന് വിവാഹിതരാകാന്‍ ആഗ്രഹിച്ചവരെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വരനും വധുവും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷനെ സമീപിച്ചപ്പോള്‍ അവര്‍ക്ക് ലാറ്റിന്‍ പള്ളിയില്‍ വച്ചു വിവാഹം നടത്താനുള്ള എല്ലാ സഹായവും അദേഹം വാഗ്ദാനം ചെയ്തതുമാണ്. ഇതിനു മുന്‍പും അദേഹം ഇതുപോലുള്ള അനുവാദങ്ങള്‍ നല്‍കിട്ടുള്ളതുമാണ്. അതിനാല്‍ അവരുടെ ക്നാനായ മിഷന്‍ ഡയറക്ടര്‍ മുഖേന ഒരു അപേക്ഷ നല്‍കിയാല്‍ മാത്രം മതി അതിനുള്ള അനുവാദം നല്‍കാമെന്ന് അഭിവന്ദ്യ പിതാവ് ഇരുവരെയും അറിയിച്ചു.
എന്നാല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത 'വടക്കും ഭാഗ' രൂപതയാണെന്നും അതിനാല്‍ അതുമായി ക്‌നാനായക്കാരായ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞ് അവര്‍ യു.കെയിലെ വത്തിക്കാന്‍ പ്രതിനിധിയെ ബന്ധപ്പെടുകയാണ് ഉണ്ടായത്.
എന്നാല്‍ ഇത് പൗരസ്ത്യ സഭയുമായി ബന്ധപ്പെട്ട ഒരു വിഷയമായതിനാല്‍ വത്തിക്കാന്‍ പ്രതിനിധി ഈ വിവരം വത്തിക്കാനിലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനെ അറിയിച്ചു. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ ഈ വിഷയം പഠിച്ചതിനു ശേഷം ക്നാനായ കത്തോലിക്കാ സമൂഹം സീറോ മലബാര്‍ സഭയുടെ അവിഭാജ്യ ഭാഗമായതിനാല്‍ ഈ വിഷയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നിര്‍ദേശിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കപ്പെടേണ്ടതാണെന്ന് അറിയിച്ചു.
അതിനുശേഷം വരനും വധുവും കത്തോലിക്കാ സഭ ഉപേക്ഷിച്ച് ഒരു അകത്തോലിക്ക സമൂഹത്തില്‍ ചേര്‍ന്ന് വിവാഹിതരാവുകയായിരുന്നു.
ഇവിടെ എന്താണ് സംഭവിച്ചത്? ക്‌നാനായ കത്തോലിക്കരുടെ അജപാലന ഉത്തരവാദിത്വമുണ്ടായിരിന്ന ക്‌നാനായ വൈദികനിലൂടെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന് അപേക്ഷ നല്‍കാന്‍ തയാറാകാത്തതിന്റെ പേരില്‍ കത്തോലിക്കാ വിശ്വാസം പോലും ഉപേക്ഷിച്ചു പോകുകയാണ് ഇക്കൂട്ടര്‍ ചെയ്തത്.
ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് സീറോ മലബാര്‍ വിശ്വാസികള്‍ ധാരാളമായി കുടിയേറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനും വിവാഹം പോലുള്ള കൂദാശകള്‍ സുഗമമായി നടത്തുന്നതിനും വേണ്ടിയാണ് പരിശുദ്ധ സിംഹാസനം വിദേശ രാജ്യങ്ങളില്‍ സീറോ മലബാര്‍ രൂപതകള്‍ സ്ഥാപിച്ചിരിക്കുന്നത്.
എങ്കിലും ഓരോ രാജ്യത്തും മറ്റു കത്തോലിക്ക റീത്തുകളില്‍ പോലും തങ്ങളുടെ വിവാഹം നടത്തുന്നതിന് സഭ അനുവാദം നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ലത്തീന്‍ റീത്തില്‍ ഇവരുടെ വിവാഹം നടത്തുന്നതിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത അനുവാദം നല്‍കുവാന്‍ തയ്യാറായതും. എന്നാല്‍ വരനും വധുവും ക്‌നാനായ കത്തോലിക്ക മിഷനുകളെയോ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെയോ അംഗീകരിക്കാന്‍ തയാറാകാത്തതുകൊണ്ട് രൂപതാധികാരികള്‍ നിസഹയരായിരുന്നു.
ഇപ്രകാരം സീറോ മലബാര്‍ ക്രമ പ്രകാരമോ ലാറ്റിന്‍ ക്രമ പ്രകാരമോ തങ്ങളുടെ വിവാഹം നടത്തുവാന്‍ ഇവര്‍ക്ക് എല്ലാ വിധ സാധ്യതകളുമുണ്ടായിരുന്നിട്ടും, അതിന് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുവാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത തയ്യാറായിരുന്നു.
എന്നിട്ടും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയേയും സീറോ മലബാര്‍ സഭയുടെ പ്രവാസികള്‍ക്കിടയിലുള്ള അജപാലന പ്രവര്‍ത്തങ്ങളെയും ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടും തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ നല്‍കിക്കൊണ്ടും സഭാ വിരുദ്ധരും സ്ഥാപിത ലക്ഷ്യങ്ങളുള്ളവരുമായ വ്യക്തികള്‍ രംഗത്തു വന്നത് തികച്ചുംഅപലപനീയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.