തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇ.ഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇ.ഡി നടപടി.
അതിനിടെ ശബരിമലയിലെ സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച. സ്വര്‍ണ കവര്‍ച്ചയിലെ ദുരൂഹതയിലേക്കാണ് വിജിലന്‍സ് റിപ്പോര്‍ട്ട് വിരല്‍ ചൂബണ്ടുന്നത്. ദേവസ്വം ബോര്‍ഡ് സംശയ നിഴലിലാണ്.
ഉദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി ചെയ്ത കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ അറിഞ്ഞില്ലെന്ന് കരുതാന്‍ കഴിയില്ലെന്നും സ്വര്‍ണ തട്ടിപ്പിന് പിന്നില്‍ ഉദ്യോഗസ്ഥ താല്‍പര്യം മാത്രമെന്ന് കാണാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് സംശയം നീളുന്നതാണ് റിപ്പോര്‍ട്ട്.
2019 ലെ ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദ്ദമോ നിര്‍ദേശമോ ഉണ്ടോയെന്ന് സംശയമുണ്ടെന്നും നിയമവിരുദ്ധമായി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വര്‍ണ്ണം പൂശാന്‍ ഇടയായത് 2019 ലെ ബോര്‍ഡിന്റെ വീഴ്ചയാണെന്നും ബോര്‍ഡിനെതിരെയും തുടര്‍നടപടി വേണമെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ശബരിമലയിലെ സ്വര്‍ണാപഹരണ കേസില്‍ അന്വേഷണം ചെറു മീനുകളില്‍ ഒതുങ്ങാതെ വന്‍ സ്രാവുകളിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. ശബരിമലയിലെ സ്വര്‍ണാപഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലെ എഫ്‌ഐആറില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ത്തു. 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയാണ് എട്ടാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. ഇ.ഡി കൂടി അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ചില ഉന്നത രാഷ്ട്രീയ നേതാക്കളിലേക്കും വന്‍ ബിസിനസുകാരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.
പക്ഷേ ദേവസ്വം വിജിലന്‍സിന്റെ എഫ്‌ഐആറില്‍ ബോര്‍ഡിലെ ആരുടെയും പേരില്ല. എ. പത്മകുമാര്‍ പ്രസിഡന്റായ ഭരണ സമിതിയാണ് പ്രതിസ്ഥാനത്തുള്ളത്. 2019 ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടു കൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡില്‍ ശങ്കര്‍ ദാസ്, കെ. രാഘവന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
എന്നാല്‍ വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്റെ കാലത്ത് ശബരിമലയില്‍ ചെയ്തിട്ടില്ലെന്നും ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ. പത്മകുമാര്‍ പറഞ്ഞു. അറിഞ്ഞോ അറിയാതെയോ തന്റെ ഭാഗത്തു നിന്നോ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നോ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. വീഴ്ചയുണ്ടോയെന്ന് കോടതി പരിശോധിക്കട്ടെയെന്നും എഫ്‌ഐആറിനെക്കുറിച്ച് അറിയില്ലെന്നും എ. പത്മകുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.