'വാക്സിനായി യോജിച്ച് നീങ്ങണം': ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചു

'വാക്സിനായി യോജിച്ച് നീങ്ങണം': ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചു

തിരുവനന്തപുരം: വാക്സിന്‍ പ്രശ്നം പരിഹരിക്കാന്‍ യോജിച്ചു നീങ്ങണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന അഭ്യര്‍ഥനയാണ് മുഖ്യമന്ത്രിയുടെ കത്തിലുള്ളത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പിണറായി കത്തയച്ചത്. രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകുന്ന ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രത്തിന്റേത്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാക്സിന്‍ കണ്ടെത്തണം എന്നതാണ് കേന്ദ്ര നിലപാട്.

എന്നാല്‍ വളരെ പരിമിതമായ അളവില്‍ മാത്രമേ വാക്സിന്‍ ലഭിക്കുന്നുള്ളു. വിദേശ മരുന്ന് കമ്പനികളാകട്ടെ വാക്സിന്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയില്‍ ഏര്‍പ്പെടാന്‍ താല്പര്യപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളുടെയും വാക്സിന്‍ ആവശ്യകത കണക്കില്‍ എടുത്തുകൊണ്ട് കേന്ദ്രം ഒരു ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

രണ്ടാം തരംഗത്തിനു ശേഷം ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത കൂടിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുക എന്നത് അനിവാര്യമാണ്. അതിന് സാര്‍വത്രികമായ വാക്സിനേഷനിലൂടെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ പൊതുനന്മയ്ക്കായി സാര്‍വത്രികമായി വാക്സിന്‍ ലഭ്യമാക്കേണ്ടതുണ്ട്. പണം ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വാക്സിന്‍ നിഷേധിക്കപ്പെട്ടുകൂടാ.

വാക്സിന്‍ സംഭരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ വീണാല്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരുങ്ങലില്‍ ആകും. ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്.

അതിന് വെല്ലുവിളി ഉണ്ടാകുന്നത് നമ്മുടെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ജനാധിപത്യത്തിനു തന്നെ ദോഷകരമാവുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുന്നതില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.