കവന്‍ട്രി: മലയാളി നഴ്‌സുമാരുടെ സേവനസന്നദ്ധത ലോകമെമ്പാടും ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാരുണ്യ മനോഭാവത്തോടെ രോഗികളെ സമീപിക്കുന്നതിലും ഏറ്റെടുക്കുന്ന ജോലികള്‍ സമര്‍പ്പണ മനോഭാവത്തോടെ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ മികവിന് ഉദാഹരണങ്ങളേറെയാണ്. യു.കെയിലെ നഴ്‌സിങ് രംഗത്ത് പത്തനംതിട്ടക്കാരിയായ ലീന ഫിലിപ്പ് (അന്ന ഫിലിപ്പോസ്) നേടിയ അംഗീകാരമാണ് പ്രവാസികളുടെ അഭിമാനം വീണ്ടും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നഴ്‌സുമാര്‍ക്കുള്ള പരമോന്നത ബഹുമതിയായ ചീഫ് നഴ്‌സിങ് ഓഫിസര്‍ അവാര്‍ഡാണ് ഷെഫീല്‍ഡിലെ ലീനയെ തേടിയെത്തിയത്. അവാര്‍ഡ് ഏര്‍പ്പെടുത്തി രണ്ടു വര്‍ഷത്തിനകംതന്നെ പുരസ്‌കാരം മലയാളിയെ തേടിയെത്തി എന്നതും അഭിമാനം ഇരട്ടിപ്പിക്കുന്നു.
ഷെഫീല്‍ഡ് ടീച്ചിങ് ഹോസ്പിറ്റലിലെ എന്‍ഡോസ്‌കോപ്പി വിഭാഗം മാനേജരാണ് പത്തനംതിട്ട കോന്നി സ്വദേശിയായ ലീന ഫിലിപ്പ്. ജോലിയില്‍ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും സമര്‍പ്പണവുമാണ് ലീനയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ലീന ഉള്‍പ്പെടെ ഷെഫീല്‍ഡ് ഹോസ്പിറ്റലിലെ നാലു പേരെയാണ് ഈ അവാര്‍ഡിനായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് തെരഞ്ഞെടുത്തത്.
രാജ്യത്തെ എല്ലാ എന്‍.എച്ച്.എസ് ട്രസ്റ്റിലും ഒരു നഴ്‌സിനെങ്കിലും ഈ പുരസ്‌കാരം നല്‍കണം എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് അവാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ ട്രസ്റ്റിലും യോഗ്യരായവരെ കണ്ടെത്തി ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കി അതാതു ട്രസ്റ്റ് സി.ഇ.ഒയാണ് എന്‍.എച്ച്.എസിന് കൈമാറുന്നത്. രാജ്യത്തെ എല്ലാ ട്രസ്റ്റുകളില്‍നിന്നുമുള്ള ശിപാര്‍ശകള്‍ ദേശീയ തലത്തിലുള്ള സമിതി വിലയിരുത്തിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തുന്നത്.
കായംകുളത്തെ കറ്റാനം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ലീന ജനിച്ചതും വളര്‍ന്നതും. മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച് കറ്റാനം സെന്റ് തോമസ് മിഷന്‍ നഴ്‌സിങ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് പടിപടിയായി ഹോണേഴ്‌സ് എടുത്തു. ഇപ്പോള്‍ നഴ്‌സിംഗില്‍ മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കുകയാണ് ലീന. ഇതിനിടയില്‍ പഠിക്കാന്‍ കഴിയുന്ന ജോലി സംബന്ധമായ മുഴുവന്‍ കോഴ്‌സുകളും ട്രസ്റ്റിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കി.
ട്രസ്റ്റിന്റെ പ്രവര്‍ത്തനം മികവുറ്റതാക്കാനാണ് ലീന തന്റെ ഓരോ നിമിഷവും ചെലവഴിക്കുന്നത്. 2019 മുതല്‍ ഷെഫീല്‍ഡ് ഹോസ്പിറ്റലിലേക്ക് എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ നഴ്‌സുമാര്‍ക്ക് വലിയ സഹായമാണ് ലീന. പുതുതായി എത്തുന്ന ജീവനക്കാര്‍ക്കും ട്രസ്റ്റിനും ഇടയില്‍നിന്ന് എല്ലാ കാര്യങ്ങളും ലീന ക്ഷമയോടെ ചെയ്തുകൊടുക്കും. ജോലി സമയത്തിന് പുറമേ കൂടുതല്‍ സമയം ലീന ട്രസ്റ്റിന് വേണ്ടി പ്രയോജനപ്പെടുത്തി. പുതുതായി എത്തുന്നവര്‍ക്ക് എന്റോള്‍ ചെയ്യാനാവശ്യമായ മുഴുവന്‍ കാര്യങ്ങളും സ്വന്തം നിലയില്‍ ഏറ്റെടുത്തു ചെയ്തു.
പുതിയ സ്റ്റാഫ് ജോലിയില്‍ കാര്യപ്രാപ്തി നേടുന്നതു വരെ ക്ഷമയോടെ പഠിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ ലീന ഏറ്റെടുത്തു. ഇങ്ങനെ നൂറ്റന്‍പതോളം പേര്‍ക്കാണ് ലീന ധൈര്യം നല്‍കിയത്. ഇത്തരം അധികച്ചുമതലകള്‍ ആരും ഏറ്റെടുക്കാത്തപ്പോഴാണ് ലീന വ്യത്യസ്തയാവുന്നത്. ഈ മനോഭാവമാണ് ലീനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
യുകെയിലെ നഴ്‌സിങ് സമൂഹത്തിന്റെ പ്രാധാന്യം കുറേക്കൂടി ഗൗരവത്തില്‍ രാജ്യം കാണുന്നതിന് വേണ്ടിയാണ് ചീഫ് നഴ്‌സിങ് ഓഫിസറായി നിയമിതയായ റൂഥ് മേ ഇങ്ങനെയൊരു അവാര്‍ഡ് ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഇതുസംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരിനു നല്‍കിയത്. കോവിഡിന്റെ ആക്രമണം ലോകത്ത് ആരംഭിക്കുന്നതിനു മുന്‍പ് നല്‍കിയ ഈ നിര്‍ദേശം അതീവപ്രധാന്യത്തോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലോകം കൂടുതലായി തിരിച്ചറിയുമ്പോഴാണ് അതിനു മുന്‍പേതന്നെ നഴ്‌സുമാരെ അംഗീകരിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തിന് പ്രാധാന്യമേറുന്നത്.
കൃത്യമായ പ്ലാനിങ്ങോടെയാണ് ജോലിയും കുടുംബവും ലീന ഒരുമിച്ചു കൊണ്ടുപോകുന്നത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ലീനയ്ക്കുണ്ട്. മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ ജീവനക്കാരന്‍ ഫിലിപ്പ് വര്‍ഗീസാണ് ലീനയുടെ ഭര്‍ത്താവ്. സ്റ്റോക് ഓണ്‍ ട്രെന്റിലെ കീല്‍ യൂണിവേഴ്‌സിറ്റി ബയോ കെമിസ്ട്രി അവസാന വര്‍ഷ വിദ്യാര്‍ഥി മേവിനും ന്യുറോസയന്‍സ് വിദ്യാര്‍ഥിനി മീവലുമാണ് മക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.