ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ നടക്കുന്ന സൈനിക ആയുധങ്ങളുടെ പ്രദര്‍ശനമേളയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ച നൂറിലധികം പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഏഴു പേര്‍ അറസ്റ്റിലായി. ബ്രിസ്ബന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഡിഫന്‍സ് എക്‌സ്‌പോയിലേക്കാണ് 150-ല്‍ അധികം വരുന്ന പ്രതിഷേധക്കാര്‍ ഇന്നു രാവിലെ ഇടിച്ചുകയറാന്‍ ശ്രമിച്ചത്. യുദ്ധത്തില്‍ ആയുധങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നതിനെതിരേയായിരുന്നു പ്രതിഷേധം.
വ്യാജ ആയുധങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ ബ്രിസ്ബന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഒരുമിച്ചുകൂടി റാലി നടത്താന്‍ ശ്രമിക്കുമ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്ലക്കാര്‍ഡുകളും സംഗീതോപകരണങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ യുദ്ധത്തിനെതിരേ ഉറക്കെ മുദ്രാവാക്യം വിളിക്കുകയും യൂണിഫോം ധരിച്ച സൈനികരെ 'യുദ്ധക്കുറ്റവാളികള്‍' എന്ന് പരിഹസിക്കുകയും ചെയ്തു. യുദ്ധം ഉയര്‍ത്തുന്ന ഭീഷണിയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന വേഷങ്ങള്‍ അണിഞ്ഞാണ് പ്രക്ഷോഭകരില്‍ ചിലരെത്തിയത്.
പ്രതിഷേധക്കാര്‍ സെന്ററിനു പുറത്തുള്ള ഗോവണിയിലും നടപ്പാതയിലും രക്തം എന്നു തോന്നിപ്പിക്കുന്ന ചുവന്ന ദ്രാവകം ഒഴിക്കുകയും എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തിയവരെയും പോലീസിനെയും പ്രകോപിപ്പിക്കുകയും ചെയ്തു. പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.
സംഭവസമയത്ത് എണ്‍പതോളം പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുണ്ടായിരുന്നെന്നും ഏഴ് പേരെ അറസ്റ്റ് ചെയ്തതായും ആക്ടിംഗ് ഇന്‍സ്‌പെക്ടര്‍ മൈക്കല്‍ കോള്‍സണ്‍ പറഞ്ഞു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കി, കേടുപാടുകള്‍ വരുത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.
ആയുധങ്ങളുടെ വിനാശകരമായ ശക്തിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ വെന്‍ഡി ഫ്‌ളാനെറി പറഞ്ഞു. ആയുധ നിര്‍മാണം വളരെ ചെലവേറിയതാണ്. ഇതിന്റെ ഉപയോഗം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. യുദ്ധം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വെന്‍ഡി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.