ബ്രിന്‍ബന്‍: ഓസ്‌ട്രേലിയയില്‍ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് പ്രീമിയറും മന്ത്രിമാരും ഉള്‍പ്പെടെ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തില്‍ വന്‍ വര്‍ധന. ക്വീന്‍സ് ലാന്‍ഡ് പ്രീമിയര്‍ അന്നസ്താഷ്യ പാലാസ്‌ക്യൂക്കിന്റെ വാര്‍ഷിക ശമ്പളം 30,000 ഡോളര്‍ വര്‍ധിച്ച് 427,500 ഡോളറായി (2,35,12500 രൂപ) ഉയരും. നിലവില്‍ 399,955 ഡോളറാണ് അന്നസ്താഷ്യയുടെ വാര്‍ഷിക ശമ്പളം.
2023 വരെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു ശമ്പള വര്‍ധനയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ക്വീന്‍സ് ലാന്‍ഡ് പ്രീമിയറുടെ ശമ്പളം അടുത്ത 12 മാസത്തിനുള്ളില്‍ മൂന്നുതവണയായി വര്‍ധിപ്പിക്കുന്നത്. സ്വതന്ത്ര ബോഡിയായ ക്വീന്‍സ് ലാന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് റമ്യൂണറേഷന്‍ ട്രൈബ്യൂണലാണ് അംഗങ്ങളുടെ ശമ്പള വര്‍ധന സംബന്ധിച്ച് തീരുമാനമെടുത്തത്.
ശമ്പളവര്‍ധനയോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ പ്രീമിയറാകും അന്നസ്താഷ്യ പാലാസ്‌ക്യൂക്ക്. ഇവരുടെ ശമ്പളത്തില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ രണ്ട് ശതമാനവും അടുത്ത വര്‍ഷം മാര്‍ച്ചില്‍ 2.25 ശതമാനവും സെപ്റ്റംബറില്‍ 2.5 ശതമാനം വര്‍ധനയുമാണ് ലഭിക്കുന്നത്.
ക്വീന്‍സ് ലാന്‍ഡ് ഡെപ്യൂട്ടി പ്രീമിയര്‍ സ്റ്റീവന്‍ മൈല്‍സിന്റെ വാര്‍ഷിക ശമ്പളം 351,788 ഡോളറില്‍നിന്ന് 3,76,000 ഡോളറായി (2,06,80000 രൂപ) ഉയരും. പ്രതിപക്ഷ നേതാവ് ഡേവിഡ് ക്രിസഫുള്ളിക്കും കാബിനറ്റ് മന്ത്രിമാര്‍ക്കും പ്രതിവര്‍ഷം ലഭിക്കുന്ന ശമ്പളം 3,27,705 ഡോളറില്‍നിന്ന് 3,50,000 ഡോളറായി ഉയരും. സ്പീക്കര്‍ കര്‍ട്ടിസ് പിറ്റിന്റേത് 3,03,622-ല്‍നിന്ന് 3,24,500 ഡോളറായും എംപിമാരുടെ ശമ്പളം 1,59,122 ഡോളറില്‍നിന്ന് 1,70,100 ഡോളറായിട്ടുമാണ് ഉയരും.
കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അന്നസ്താഷ്യ 2023 വരെ ക്വീന്‍സ് ലാന്‍ഡ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കു ശമ്പള വര്‍ധന ഉണ്ടാവില്ലെന്ന് വോട്ടര്‍മാരോട് പറഞ്ഞത്. ശമ്പളം വര്‍ധിപ്പിച്ച തീരുമാനത്തെ ന്യായീകരിച്ച് പ്രീമിയര്‍ തന്നെ ചൊവ്വാഴ്ച രംഗത്തെത്തി. ശമ്പള വര്‍ധന മരവിപ്പിച്ച കഴിഞ്ഞ വര്‍ഷത്തെ തീരുമാനം മാറ്റാനുള്ള തീരുമാനം ക്വീന്‍സ് ലാന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് ട്രൈബ്യൂണലിന്റേതാണെന്നു അന്നസ്താഷ്യ പറഞ്ഞു. ഈ തീരുമാനം സര്‍ക്കാരിന്റേതല്ലെന്നും 2017 മുതല്‍ എംപിമാര്‍ക്ക് ശമ്പള വര്‍ധന ഉണ്ടായിട്ടില്ലെന്നും പാലസ്‌ക്യൂക് പറഞ്ഞു. ഈ വേതന വര്‍ധന പൊതുമേഖലയിലേതിനേക്കാള്‍ കുറവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റ് സംസ്ഥാനങ്ങളിലെ പ്രീമീയര്‍മാരുടെ ശമ്പളത്തെ അപേക്ഷിച്ച് ക്വീന്‍സ് ലാന്‍ഡ് പ്രീമിയറുടെ നിലവിലെ ശമ്പളം കുറവാണ്. വിക്ടോറിയയിലെ ഡാനിയല്‍ ആന്‍ഡ്രൂസാണ് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന പ്രീമിയര്‍-441,439 ഡോളര്‍ (24279145 രൂപ). ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന് 407,980 ഡോളറും സൗത്ത് ഓസ്ട്രേലിയന്‍ പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷലിന് 418,000 ഡോളറും വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്ഗോവന് 355,000 ഡോളറമാണ് വാര്‍ഷിക ശമ്പളം.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശമ്പള വര്‍ധന നടപ്പാക്കരുതെന്ന് കഴിഞ്ഞ വര്‍ഷം അന്നസ്താഷ്യ അഭ്യര്‍ഥിച്ചിരുന്നു. ഇത് പ്രതിപക്ഷവും അംഗീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ക്വീന്‍സ് ലാന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് റമ്യൂണറേഷന്‍ ട്രൈബ്യൂണല്‍ ശമ്പള വര്‍ധനയെ അനുകൂലിക്കുന്നു. മഹാമാരിയെ അതിജീവിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങള്‍ സ്ഥിരത കൈവരിച്ചതായും അതിനാല്‍ എം.പിമാര്‍ ശമ്പള വര്‍ധനയ്ക്ക് അര്‍ഹരാണെന്നുമാണ് ട്രൈബ്യൂണലിന്റെ വിലയിരുത്തല്‍.
2022 സെപ്റ്റംബര്‍ ഒന്നു മുതല്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം. ബ്രാക്കറ്റില്‍ നിലവിലുള്ള ശമ്പളം (തുക ഡോളറില്‍):
പ്രീമിയര്‍: 427,500 (നിലവില്‍ 399,955)
ഡപ്യൂട്ടി പ്രീമിയര്‍: 376,000 (നിലവില്‍ 351,788)
കാബിനറ്റ് മന്ത്രി: 350,300 (നിലവില്‍ 327,705)
പ്രതിപക്ഷ നേതാവ്: 350,300 (നിലവില്‍ 327,705)
സ്പീക്കര്‍: 324,500 (നിലവില്‍ 303,622)
ഡെപ്യൂട്ടി സ്പീക്കര്‍: 0 260,300 (നിലവില്‍ 3 243,414)
അസിസ്റ്റന്റ് മന്ത്രി: 260,200 (നിലവില്‍ 243,414)
ചീഫ് ഗവണ്‍മെന്റ് വിപ്പ്: 260,200 (നിലവില്‍ 243,414)
ഷാഡോ മന്ത്രി: 234,400 (നിലവില്‍ 219,330)
എംപി: 170,100 (നിലവില്‍ 159,122)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.