വാടക വീടുകള്‍ക്ക് ഇനി മുതല്‍ രണ്ട് മാസത്തെ അഡ്വാന്‍സ് മാത്രം; മാതൃകാ വാടക നിയമത്തിന് കേന്ദ്ര അംഗീകാരം

വാടക വീടുകള്‍ക്ക് ഇനി മുതല്‍ രണ്ട് മാസത്തെ അഡ്വാന്‍സ് മാത്രം; മാതൃകാ വാടക നിയമത്തിന് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി: മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഈ നിയമ പ്രകാരം വീടുകള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ ഇനി മുന്‍കൂറായി രണ്ടുമാസത്തെ വാടക മാത്രമേ വാങ്ങാവൂ. താമസത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് നല്‍കുന്ന കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടക വരെ മുന്‍കൂറായി വാങ്ങാനാകും.

വീട്ടുടമയുടേയും വാടകക്കാരന്റേയും ഉത്തരവാദിത്തം കൃത്യമായ നിര്‍വചിക്കുന്ന നിയമം തര്‍ക്കപരിഹാര സംവിധാനവും നിര്‍ദേശിക്കുന്നു. 2011-ലെ സെന്‍സസ് പ്രകാരം 1.1 കോടി വീടുകള്‍ രാജ്യത്ത് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഇവ വാടകയ്ക്ക് തുറന്ന് നല്‍കുന്നത് വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രമേ വാടക കൂട്ടാന്‍ കഴിയൂ. അല്ലെങ്കില്‍ മൂന്ന് മാസം മുമ്പ് രേഖാമൂലം അറിയിക്കണം. സമയ പരിധി കഴിഞ്ഞിട്ടും വീടൊഴിഞ്ഞില്ലെങ്കില്‍ രണ്ട് മാസത്തേക്ക് വാടകയുടെ ഇരട്ടത്തുക ഈടാക്കാനും അതിന് ശേഷം നാല് മടങ്ങ് ഈടാക്കാനും ഈ നിയമം ഉടമയ്ക്ക് അവകാശം നല്‍കുന്നു.

വാടകയ്ക്ക് കൃത്യമായ കരാര്‍ വേണമെന്നും ഓരോ വര്‍ഷവും വാടകയില്‍ വരുത്തുന്ന വര്‍ധന, കുടിയിറക്കല്‍ തുടങ്ങിയവയെക്കുറിച്ചും നിയമത്തില്‍ പറയുന്നുണ്ട്. അറ്റകുറ്റപ്പണിക്കെന്ന പേരിലായാലും 24 മണിക്കൂര്‍ മുന്‍പ് അറിയിച്ചശേഷമേ വാടക വീടുകളില്‍ ഉടമകള്‍ പ്രവേശിക്കാവൂയെന്നും നിയമം അനുശാസിക്കുന്നു.

സംസ്ഥാനങ്ങള്‍ക്ക് മാതൃകാ വാടക നിയമം അതേപടി അംഗീകരിക്കുകയോ നിലവിലെ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരികയോ ചെയ്യാം. രജിസ്ട്രേഷന്‍ നടപടികള്‍ക്ക് സംസ്ഥാനങ്ങളില്‍ സ്വതന്ത്ര അതോറിറ്റിയും തര്‍ക്ക പരിഹാരത്തിന് പ്രത്യേക കോടതിയും വേണമെന്ന് നിയമം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.