കോവിഡിലും കരുത്തോടെ ഓസ്‌ട്രേലിയന്‍ സമ്പദ്‌വ്യവസ്ഥ; ജി.ഡി.പി. 1.8 ശതമാനം ഉയര്‍ന്നു

കോവിഡിലും കരുത്തോടെ ഓസ്‌ട്രേലിയന്‍ സമ്പദ്‌വ്യവസ്ഥ; ജി.ഡി.പി. 1.8 ശതമാനം ഉയര്‍ന്നു

സിഡ്‌നി: കോവിഡ് മൂലം ലോക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ ശ്വാസം മുട്ടുമ്പോഴും കരുത്തോടെ തിരിച്ചുവരവിന്റെ പാതയിലാണ് ഓസ്‌ട്രേലിയ. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം 1.8 ശതമാനം വളര്‍ച്ച നേടിയതായി ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (എ.ബി.എസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. 1.6 ശതമാനം വളര്‍ച്ച നേടുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷയെ മറികടന്നാണ് 1.8 വളര്‍ച്ച കൈവരിച്ചിരിക്കുന്നത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ഉല്‍പന്നങ്ങള്‍ക്കുള്ള ആവശ്യകതയും കുടുംബങ്ങളുടെ ചെലവിടലും വര്‍ധിച്ചതും ഇത് ഉല്‍പാദനത്തെ മെച്ചപ്പെടുത്തിയതുമാണ് വേഗത്തിലുള്ള തിരിച്ചുവരവിനു കാരണമായത്. ഇതുകൂടാതെ
ബിസിനസുകളില്‍ നിക്ഷേപം വര്‍ധിക്കുന്നതും ഇരുമ്പ് അയിരിന്റെയും ഗ്യാസിന്റെയും ഉയര്‍ന്ന കയറ്റുമതി വിലയും ഉണര്‍വിന് ആക്കംകൂട്ടി.

കഴിഞ്ഞ വര്‍ഷം, രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഓസ്‌ട്രേലിയയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ കോവിഡ് വ്യാപനം കുറയ്ക്കാനായതാണ് സാമ്പത്തികമാന്ദ്യത്തില്‍നിന്നു കരകയറാന്‍ സാധിച്ചത്. ഇത് വ്യാപാര രംഗത്തെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാരിന്റെ ചെലവിടല്‍ വര്‍ധിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ നയങ്ങളും തിരിച്ചുവരവിന് അനുകൂലമായ ഘടകങ്ങളിലൊന്നാണ്.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെല്‍ബണില്‍ കേസുകള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ തുടരുകയാണ്. ഇത് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കഠിനമായ പ്രയത്‌നം തുടരണമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുടെ സമ്പദ്വ്യവസ്ഥ 30 വര്‍ഷത്തിനിടെ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്കു കൂപ്പുകുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ജിഡിപി 7% തകര്‍ച്ച നേരിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.