ഇസ്രായേലിന്റെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങുന്നു

ഇസ്രായേലിന്റെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങുന്നു

ജറുസലേം: ഇസ്രായേലിന്റെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങുന്നു. പ്രതിപക്ഷ നേതാവും യെഷ് ആറ്റിഡ് പാര്‍ട്ടി നേതാവുമായ യെയിര്‍ ലാപിഡ് എട്ട് പാര്‍ട്ടികളുടെ സഖ്യം രൂപികരിച്ചതോടെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണത്തിന് വിരാമമാകുന്നത്.

വലതുപക്ഷ നേതാവും യാമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ടു വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ട് വര്‍ഷം നഫ്താലി ബെന്നറ്റ് ആയിരിക്കും പ്രധാനമന്ത്രിയാകുക. ടെല്‍ അവീവിനടുത്തുള്ള ഒരു ഹോട്ടലില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഖ്യരൂപീകരണ പ്രഖ്യാപനം നടന്നത്.

പുതിയ സഖ്യത്തില്‍ യെയിര്‍ ലാപിഡ്, നഫ്താലി ബെന്നറ്റ് എന്നിവരെ കൂടാതെ ഇസ്രായേലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടിയും ചരിത്രത്തിന്റെ ഭാഗമാകും. മന്‍സൂര്‍ അബ്ബാസ് നേതൃത്വം നല്‍കുന്ന അറബ് ഇസ്ലാമിറ്റ് റാം പാര്‍ട്ടിയാണ് ചരിത്രം കുറിക്കുന്നത്. അതേസമയം സഖ്യത്തില്‍ പങ്കാളിയാകാനുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസിന്റെ തീരുമാനത്തെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം ശക്തമായി വിമര്‍ശിക്കുകയാണ്. ഹമാസുമായുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ബെഞ്ചമിന്‍ നെതന്യാഹു പുറത്താകുന്നത്.

ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്ന അബ്ബാസിന്റെ തീരുമാനത്തിനെതിരെ അറബ് വംശജരും ഗാസയിലെ ഫലസ്തീന്‍ പൗരന്‍മാരുമാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ നെതന്യാഹുവിനെ പുറത്താക്കാനാണ് ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്നാണ് അബ്ബാസിന്റെ വാദം. ഇസ്രായേലില്‍ 20 ശതമാനത്തോളം ആണ് അറബ് വംശജരുടെ പ്രാതിനിധ്യം. 4 സീറ്റുകളാണ് മന്‍സൂര്‍ അബ്ബാസിന്റെ പാര്‍ട്ടിക്കുള്ളത്.

ഇസ്രയേലിന്റെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവായ നെതന്യാഹു പലസ്തീനികളോട് സ്വീകരിച്ച നിലപാട് കാരണം ചില സമയങ്ങളില്‍ യുഎസുമായി അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രായേലും ഹമാസും തമ്മിലുണ്ടായ പോരാട്ടത്തില്‍ നഷ്ടമായത് 250 ലധികം ജീവനുകളാണ്. പുറത്താക്കപ്പെടുന്ന സാഹചര്യത്തില്‍ നെതന്യാഹുവിന് നിയമ നടപടികളും നേരിടേണ്ടി വരും. 2019ല്‍ കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങള്‍ നെതന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ നെതന്യാഹു കുറ്റം സമ്മതിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.