മെല്‍ബണ്‍: കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെ കോടതിയലക്ഷ്യത്തിന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് വന്‍തുക പിഴയിട്ട് വിക്‌ടോറിയ സുപ്രീം കോടതി. കര്‍ദിനാള്‍ കുറ്റാരോപിതനായ 2018-ലെ കേസിന്റെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കോടതി വിലക്ക് ലംഘിച്ചതിനാണ് 12 മാധ്യമങ്ങള്‍ക്ക് 11 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 55000000 ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയത്.
നേരത്തെ, വിചാരണയുമായി ബന്ധപ്പെട്ട വിലക്ക് ലംഘിച്ചതായി മാധ്യമങ്ങള്‍ കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞിരുന്നു.
പിഴ ശിക്ഷ ലഭിച്ചവരില്‍ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. റൂപര്‍ട്ട് മര്‍ഡോക്ക് ന്യൂസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ന്യൂസ്.കോം.എയു വെബ്‌സൈറ്റ്, ഡെയ്ലി ടെലിഗ്രാഫ് ദിനപത്രം എന്നിവയ്ക്ക് 4,30,000 ഡോളറാണ് പിഴ ചുമത്തിയത്. ണയന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ദി ഏജ് പത്രത്തിനും ചാനല്‍ ണയനും 6,00,000 ഡോളര്‍ പിഴ ചുമത്തി.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന്മേല്‍ 2018 ഡിസംബറിലാണ് മെല്‍ബണ്‍ കീഴക്കോടതി ഓസ്ട്രേലിയയില്‍നിന്നുള്ള ഏറ്റവും മുതിര്‍ന്ന സഭാനേതാവും വത്തിക്കാന്റെ ട്രഷററുമായിരുന്ന കര്‍ദിനാള്‍ പെല്ലിനെ ശിക്ഷിച്ചത്. പിന്നാലെ നിരപരാധിയാണെന്നു തെളിഞ്ഞതിനെതുടര്‍ന്ന് ഓസ്ട്രേലിയയിലെ പരമോന്നത കോടതി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കര്‍ദിനാളിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കി. അദ്ദേഹം റോമിലേക്കു മടങ്ങുകയും ചെയ്തു.
മാധ്യമങ്ങളിലൂടെയുള്ള മുന്‍വിധികള്‍ കേസിന്റെ വിചാരണയെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായിരുന്നു കോടതി വിലക്ക്. 2019-ല്‍ വിലക്ക് ഫെബ്രുവരിയില്‍ പിന്‍വലിച്ചെങ്കിലും അതിനകം കര്‍ദിനാളിനെ അപഹസിച്ചുകൊണ്ട് നിരവധി കെട്ടുകഥകളാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതിന്റെ ചുവടു പിടിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും കര്‍ദിനാളിനെക്കുറിച്ചു നിറം പിടിപ്പിച്ച കഥകള്‍ പ്രസിദ്ധീകരിച്ചു. കര്‍ദിനാള്‍ പെല്ലിന്റെ പേര് നേരിട്ടു പറയാതെ, കോടതി വിലക്കിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കിയത്.
കോടതി വിലക്ക് മാധ്യമങ്ങള്‍ ലംഘിച്ചതിനു പുറമേ നീതി നിര്‍വഹണമെന്ന കോടതിയുടെ ചുമതല മാധ്യമങ്ങള്‍ അനധികൃതമായി ഏറ്റെടുത്തതായും വിക്ടോറിയന്‍ സുപ്രീം കോടതി ജഡ്ജി ജോണ്‍ ഡിക്‌സണ്‍ കുറ്റപ്പെടുത്തി. അതേസമയം, വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് പൊതുതാല്‍പര്യത്തിനുവേണ്ടിയാണെന്ന മാധ്യമങ്ങളുടെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല.
ദി ഹെറാള്‍ഡ് സണ്‍, ദി കൊറിയര്‍ മെയില്‍, ദി സിഡ്‌നി മോണിംഗ് ഹെറാള്‍ഡ്, ദി ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ, ന്യൂസ് സൈറ്റുകളായ മാമാമിയ ആന്‍ഡ് ബിസിനസ് ഇന്‍സൈഡര്‍, റേഡിയോ സ്റ്റേഷന്‍ 2 ജിബി, ചാനല്‍ ണയന്‍ ടിവി നെറ്റ്വര്‍ക്ക് എന്നിവയാണ് പിഴ ലഭിച്ച മറ്റു മാധ്യമസ്ഥാപനങ്ങള്‍.
മാധ്യമസ്ഥാപനങ്ങളുടെ അഭിഭാഷകര്‍ കുറ്റം ഏറ്റുപറഞ്ഞതിനെതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ 15 കുറ്റങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ സമ്മതിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.