മതനിന്ദാ കുറ്റം ചുമത്തി പാകിസ്താന്‍ ജയിലിലടച്ച ക്രിസ്ത്യന്‍ ദമ്പതികള്‍ നിരപരാധികള്‍; വധശിക്ഷ ഒഴിവാക്കി

മതനിന്ദാ കുറ്റം ചുമത്തി പാകിസ്താന്‍ ജയിലിലടച്ച ക്രിസ്ത്യന്‍ ദമ്പതികള്‍ നിരപരാധികള്‍; വധശിക്ഷ ഒഴിവാക്കി

ഇസ്ലാമാബാദ്: മതനിന്ദാക്കുറ്റം ചുമത്തി പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ ദമ്പതികളുടെ വധശിക്ഷ ഒഴിവാക്കി. ഏഴു വര്‍ഷം തടവില്‍ കഴിഞ്ഞശേഷം നിരപരാധികളെന്നു തെളിഞ്ഞതിനെതുടര്‍ന്നാണ് ദമ്പതികളെ പാകിസ്താന്‍ കോടതി കുറ്റവിമുക്തരാക്കിയത്. പ്രവാചകനെ നിന്ദിക്കുന്ന ഫോണ്‍ സന്ദേശം ഒരു ഇസ്ലാം മത പുരോഹിതന് അയച്ചെന്നുള്ള ആരോപണത്തിന്മേലാണ് ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായ ഷഫ്ഖത്ത് ഇമ്മാനുവേല്‍, ഭാര്യ ഷഗുഫ്ത കൗസര്‍ എന്നിവരെ 2014 ല്‍ കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്.

തോബ ടെക് സിങ് നഗരത്തില്‍ നടന്ന കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് ലാഹോര്‍ ഹൈക്കോടതി ദമ്പതികളെ കുറ്റവിമുക്തരാക്കിയതെന്ന് ഇവരുടെ അഭിഭാഷകനായ സൈഫ് ഉല്‍ മാലൂക്ക് പറഞ്ഞു. നിരപരാധികളും നിര്‍ധനരുമായ ദമ്പതികള്‍ക്കായി വര്‍ഷങ്ങളോളം നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നു മാലൂക്ക് പറഞ്ഞു. കോടതി ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴു വര്‍ഷത്തോളം ദമ്പതികള്‍ അനുഭവിച്ച അഗ്‌നിപരീക്ഷണം കോടതി വിധിയോടെ അവസാനിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ദക്ഷിണേഷ്യ ഡപ്യൂട്ടി ഡയറക്ടര്‍ ദിനുഷിക ദിസനായകെ പ്രസ്താവനയില്‍ പറഞ്ഞു. ദമ്പതികള്‍ക്കും അവരുടെ അഭിഭാഷകനും ഭരണകൂടം സുരക്ഷ നല്‍കണമെന്നും ദിസനായകെ ആവശ്യപ്പെട്ടു.

പ്രവാചകനെ അപമാനിക്കുന്നത് മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാകിസ്താനില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മതനിന്ദാക്കുറ്റം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് മതനിന്ദാ നിയമങ്ങള്‍ റദ്ദാക്കണമെന്നു പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

മതനിന്ദാ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി തീവ്ര ഇസ്ലാമിക പാര്‍ട്ടികള്‍ അടുത്ത കാലത്തായി നടത്തിയ റാലികള്‍ അക്രമാസക്തമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.