തൊഴിലാളി ക്ഷാമം: കുലച്ച വാഴകള്‍ ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ച് ഓസ്ട്രേലിയന്‍ കര്‍ഷകന്‍

തൊഴിലാളി ക്ഷാമം: കുലച്ച വാഴകള്‍ ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ച് ഓസ്ട്രേലിയന്‍ കര്‍ഷകന്‍

പെര്‍ത്ത്: കോവിഡ് വ്യാപനവും ലോക്ഡൗണും ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നാണ് കൃഷി. രൂക്ഷമായ തൊഴിലാളി ക്ഷാമം കാരണം വിളവെടുപ്പിന് സാധിക്കാതെ കര്‍ഷകര്‍ വലയുകയാണ്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വാഴ കര്‍ഷകനായ ലാച്ച്‌ലന്‍ ഡോബ്‌സണ്‍ ഏറെ വിഷമത്തോടെയാണ് ആ കടുത്ത തീരുമാനം എടുത്തത്. കിഴക്കന്‍ കിംബര്‍ലിയിലെ തന്റെ ഫാമിലെ ഏക്കറുകണക്കിന് സ്ഥലത്തെ വാഴക്കൃഷി ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. കുലച്ചതും അല്ലാത്തതുമായ ആയിരക്കണക്കിന് വാഴകളാണ് നശിപ്പിച്ചത്.

പ്രാദേശിക തൊഴിലാളികളെ ആകര്‍ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും വിളവെടുപ്പിന് ആളെക്കിട്ടാത്ത അവസ്ഥയാണ്. പഴങ്ങള്‍ ചീഞ്ഞഴുകി ഈച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാനാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചത്. 13,500 ബോക്‌സില്‍ കൊള്ളാവുന്നത്ര വാഴപ്പഴങ്ങളാണ് നശിപ്പിച്ചത്. ഇതിലൂടെ ഈ വര്‍ഷം 1.4 മില്യണ്‍ ഡോളര്‍ വരുമാനമാണ് ഡോബ്‌സണ് നഷ്ടമായത്. പ്രതിവര്‍ഷം 400,000 പെട്ടികളിലാണ് ഇവിടെനിന്ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് കുലകള്‍ എത്തിക്കുന്നത്.

ഏക്കറുകണക്കിന് സ്ഥലത്ത് വീണുകിടക്കുന്ന വാഴച്ചെടികളുടെയും കുലകളുടെയും കാഴ്ച ഡോബ്‌സണെ വല്ലാതെ വേട്ടയാടുകയാണ്. ഡോബ്‌സണിന്റെ അനുഭവം ഒറ്റപ്പെട്ട സംഭവമല്ല. തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ ഓസ്ട്രേലിയയില്‍ വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖല നേരിടുന്നത്. തൊഴിലാളി ക്ഷാമം കാരണം ഓസ്ട്രേലിയയില്‍ 45 മില്യണ്‍ ഡോളറിന്റെ വിളനഷ്ടമാണ് രേഖപ്പെടുത്തിയത്.

'മികച്ച വിളയാണ് ഇക്കുറി ഉണ്ടായത്. നല്ല വിലയും കുലകള്‍ വിപണനം ചെയ്യാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. എന്നാല്‍ വിളവെടുക്കാന്‍ ആളില്ലാത്തതിനാല്‍ ചീയുന്നതിനു മുന്‍പ് നശിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോബ്‌സണ്‍ പറഞ്ഞു. വര്‍ഷങ്ങളായി കൃഷി നടത്തുന്ന ഡോബ്‌സണ് ഉയര്‍ച്ചതാഴ്ചകള്‍ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും സമീപകാല സംഭവങ്ങള്‍ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയെ ശരിക്കും ബാധിച്ചു.

ഈ വര്‍ഷം മികച്ച മഴ ലഭിച്ചതിനാല്‍ കൃഷിയില്‍നിന്ന് നല്ല ഫലമാണുണ്ടായത്. ഇതുകൂടാതെ ഫാം വിപുലീകരിക്കുന്നതിനായി കുടുംബം ദശലക്ഷക്കണക്കിന് ഡോളറാണ് നിക്ഷേപമിറക്കിയത്. ഈ വലിയ നഷ്ടത്തില്‍നിന്ന് എങ്ങനെ കരകയറുമെന്ന ആശങ്കയിലാണ് ഡോബ്‌സന്റെ കുടുംബം.

കൃഷിക്ക് അനുയോജ്യമായ സീസണായിട്ടുപോലും ഉല്‍പാദനം 20 ശതമാനമായി കുറച്ചിരുന്നു, എന്നിട്ടും നഷ്ടമുണ്ടായതായി ഡോബ്‌സണ്‍ പറഞ്ഞു. മറ്റു വിളകള്‍ നട്ട് കൃഷി വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളാണ് കുടുംബം ഇപ്പോള്‍ നടത്തുന്നത്. ഒഴിഞ്ഞ ഭൂമിയില്‍ മുള വച്ചുപിടിപ്പിച്ചു കഴിഞ്ഞു.

പപ്പായ, മാമ്പഴം, ചുവന്ന മുന്തിരി എന്നിവയും ഡോബ്‌സണ്‍ കൃഷി ചെയ്യുന്നുണ്ട്. പെര്‍ത്തിലേക്കാണ് ഇവ വിപണത്തിനായി എത്തിക്കുന്നത്. 26 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോബ്‌സന്റെ പിതാവാണ് 160 ഏക്കറില്‍ ഫാം സ്ഥാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.