സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തടാകത്തില്‍ മുങ്ങിമരിച്ച ജോയലിന്റെ സംസ്‌കാരം ഒന്‍പതിന് യു.എസിലെ ടെക്സസിൽ

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തടാകത്തില്‍ മുങ്ങിമരിച്ച ജോയലിന്റെ സംസ്‌കാരം ഒന്‍പതിന് യു.എസിലെ ടെക്സസിൽ

ഹൂസ്റ്റണ്‍(ടെക്സാസ് ): യു.എസിലെ ഹൂസ്റ്റണില്‍ ലേക്ക് കന്യന്‍ തടാകത്തില്‍ മുങ്ങിമരിച്ച കോട്ടയം കൂടല്ലൂര്‍ പുത്തന്‍പുരയില്‍ ജോയല്‍ ജിജോയുടെ (22) സംസ്‌കാരം ജൂണ്‍ ഒന്‍പതിന് മിസൗറി സിറ്റിയിലെ സെന്റ് മേരീസ് ക്നാനായ ഫൊറോനാ പള്ളിയില്‍ നടക്കും. ജൂണ്‍ എട്ടിന് ദേവാലയത്തില്‍ പൊതുദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്.

സുഹൃത്തുക്കളുമായി സാന്‍ അന്റോണിയയിലെ ലേക്ക് കന്യനിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് അപകടം. തടാകത്തിലെ ബോട്ട് യാത്രയ്ക്കിടയില്‍ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ തടാകത്തിലേക്കു ചാടിയ ജോയല്‍ മുങ്ങിമരിക്കുകയായിരുന്നു. മേയ്29ന് രാവിലെ 11-നായിരുന്നു അപകടം. നാലു ദിവസത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ജൂണ്‍ രണ്ടിനാണ് ജോയലിന്റെ മൃതദേഹം കണ്ടെടുത്തത്.

ഹൂസ്റ്റണ്‍ പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ് വിഭാഗത്തിന്റെയും ഹൂസ്റ്റണില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെയും തിരച്ചിലിനൊടുവിലാണു മൃതദേഹം ലഭിച്ചത്.
ഹ്യൂസ്റ്റണ്‍ ക്നാനായ കാത്തലിക് ഇടവകാംഗമായ പുത്തന്‍പുര ജിജോ-ലൈല ദമ്പതികളുടെ മൂത്ത മകനാണ് ജോയല്‍. വിശ്വാസജീവിതത്തിലും ആത്മീയ കാര്യങ്ങളിലും പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ടായിരുന്ന ജോയൽ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ബഹുരാഷ്ട്ര കമ്പനിയില്‍ സോഫ്ട്‍വെയർ എന്‍ജിനീയറായി ജോലി ചെയ്യുമ്പോഴും 'അനോയിന്റിംഗ് ഫയര്‍ കാത്തലിക് മിനിസ്ട്രി' എന്ന യുവജന പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ സജീവസാന്നിധ്യമായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലും ഏറെ തല്‍പരനായിരുന്നു ഈ ചെറുപ്പക്കാരന്‍.
മരണത്തിന് ദിനങ്ങള്‍ക്കുമുമ്പ് ജോയല്‍ ഒരു വീഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്' എന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു വീഡിയോ. മഹാമാരിയുടെ ദുരിതത്തിനു മുന്നില്‍ നിരാശരാകാതെ പ്രാര്‍ഥിക്കാന്‍ അനേകര്‍ക്ക് പ്രചോദനമേകുന്നതായിരുന്നു ആ സന്ദേശം.

2017-ല്‍ ടെക്സസിലും ലൂസിയാനയിലും ആഞ്ഞടിച്ച 'ഹാര്‍വി' ചുഴലിക്കൊടുങ്കാറ്റില്‍ ജോയലിന്റെ കുടുംബത്തിന് വീടും വസ്തുവകകളും നഷ്ടമായി. എല്ലാം നഷ്ടമായ വേദനയില്‍ കഴിഞ്ഞ കുടുംബത്തെ പ്രത്യാശയിലേക്ക് നയിച്ചതിനു പിന്നിലെ പ്രധാന ശക്തി ജോയലായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു. മുതിർന്നവരോടും പ്രായമായവരോടും പ്രത്യേക സ്നേഹം കരുതിവച്ചിരുന്നു ജോയൽ എന്ന് കുടുംബ സുഹൃത്തുക്കൾ .സാക്ഷ്യപ്പെടുത്തുന്നു. പ്രാർത്ഥന കൂട്ടായ്മകൾക്ക് മുൻകൈ എടുക്കുകയും ചെയ്തിരുന്നത് ജോയൽ തന്നെ ആയിരുന്നു എന്ന് ‘അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രി"യിൽ ജോയലിനൊപ്പം പ്രവർത്തിച്ചവർ സിന്യൂസിനോട്പ റഞ്ഞു.

ജോയലിന്റെ സ്മരണാര്‍ഥം വൈദിക വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് ജോയലിന്റെ പ്രിയപ്പെട്ടവര്‍. ജെറിന്‍, ജോഷ്വാ എന്നിവരാണ് ർ ജോയലിന്റെ ഇളയ സഹോദരങ്ങള്‍.



മക്കളെ ദൈവം ഓരോ മാതാപിതാക്കളെയും ഏൽപ്പിക്കുന്നത് പരിശുദ്ധരായാണ്. ആ മക്കളെ വിശുദ്ധരായി ദൈവത്തിന് തന്നെ തിരിച്ചുകൊടുക്കുകയാണ് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്ത്വം. തങ്ങളുടെ മക്കളെ കറകൂടാതെ ദൈവതിരുമുന്പിൽ ഏൽപിക്കാൻ സാധിക്കുന്നത് ഒരു ആത്മീയ ഭാഗ്യം ആണ്. ജോയലിൻെ മാതാപിതാക്കൾക്ക് ആ കാര്യത്തിൽ സന്തോഷിക്കാം. മക്കളെ വിശ്വാസത്തിൽ വളർത്തി അവരെ ദൈവത്തിന് തിരിച്ച് കൊടുക്കുന്ന മാതാപിതാക്കൾ അവരുടെ കടമ നിറവേറ്റി എന്നതിൽ തർക്കമില്ല. ജോയലിന്റെ മാതാവ് ലൈല, മക്കളെ എങ്ങിനെ വിശ്വാസത്തിൽ വളർത്തി എന്നതിനെപ്പറ്റി പറയുന്നത് കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.