വാഷിംഗ്ടണ്‍: യു.എസ്. നേവി പൈലറ്റുമാര്‍ ആകാശത്തു കണ്ടെത്തുന്ന അജ്ഞാത വസ്തുക്കള്‍ (അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബജക്ട്) അന്യഗ്രഹ ബഹിരാകാശ പേടകങ്ങളാണെന്ന സാധ്യതകളെ തള്ളിക്കളയാതെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. തിരിച്ചറിയപ്പെടാത്ത ഇത്തരം ആകാശ പ്രതിഭാസങ്ങള്‍ എന്താണെന്നു വ്യക്തമാക്കാതെ ചില സാധ്യതകള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി 120 ലധികം തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങളാണ് യുഎസ് നാവിക പൈലറ്റുമാര്‍ കണ്ടെത്തിയിട്ടുള്ളത്. ആകാശത്തു രേഖപ്പെടുത്തിയിട്ടുള്ള ഭൂരിപക്ഷം പ്രതിഭാസങ്ങള്‍ക്കും അമേരിക്കന്‍ മിലിട്ടറിയുമായോ സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക സംവിധാനങ്ങളുമായോ ബന്ധമില്ലെന്ന സൂചനയാണ് പ്രതിരോധ വകുപ്പ് നല്‍കുന്നത്.
ഈ മാസം അവസാനം നടക്കുന്ന യു.എസ്. കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബൈഡന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് പുറത്തുവിട്ടത്. അജ്ഞാത വസ്തുക്കള്‍ക്ക് അന്യഗ്രഹ ബന്ധം തെളിയിക്കാനായിട്ടില്ലെങ്കിലും തള്ളിക്കളയാനും യുഎസ് സര്‍ക്കാരിന് റിപ്പോര്‍ട്ടില്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, ചൈനയോ റഷ്യയോ ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ സംശയാസ്പദമായ ഇത്തരം ആകാശ പ്രതിഭാസങ്ങള്‍ക്കു കാരണമായേക്കാമെന്ന ആശങ്കയും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിനും സൈനിക ഉദ്യോഗസ്ഥര്‍ക്കമുണ്ടെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ അവ്യക്തത സൂചിപ്പിക്കുന്നത് അജ്ഞാത പ്രതിഭാസങ്ങള്‍ (യു.എഫ്.ഒ.) അന്യഗ്രഹ സ്വഭാവമുള്ളതാകാമെന്ന സാധ്യതകളെ തള്ളിക്കളയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയന്ത്രിത വ്യോമാതിര്‍ത്തിയിലേക്കും പരിശീലന മേഖലകളിലേക്കുമുള്ള അജ്ഞാത വസ്തുക്കളുടെ കടന്നുകയറ്റം സംബന്ധിച്ച സൈനിക റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനായി അണ്‍ ഐഡന്റിഫൈഡ് ഏരിയല്‍ ഫിനോമിന (യുഎപി) ടാസ്‌ക് ഫോഴ്സ് എന്ന പേരില്‍ പ്രതിരോധ വകുപ്പില്‍ പ്രത്യേക വിഭാഗം സ്ഥാപിച്ചതായി പെന്റഗണ്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഉയര്‍ത്തുന്ന ഭീഷണികളില്‍ പെന്റഗണും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ആശങ്കയുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ആകാശത്തു അപ്രതീക്ഷിതമായി കാണപ്പെടുന്ന തിരിച്ചറിയപ്പെടാത്ത വസ്തുക്കള്‍ അന്യഗ്രഹജീവികള്‍ സഞ്ചരിക്കുന്ന പേടകങ്ങളാണെന്ന് പ്രചാരണമുണ്ട്. ഇത്തരം പ്രചാരണം സംബന്ധിച്ച ദുരൂഹതകള്‍ക്ക് പ്രതിരോധ വകുപ്പ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.