ഒട്ടാവ: കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് മേഖലയില്‍ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം വ്യാപിക്കുന്നു. കാഴ്ചത്തകരാറ്, കേള്‍വി പ്രശ്‌നങ്ങള്‍, സ്മൃതിനാശം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, നടക്കാന്‍ പ്രയാസം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗം ഇതിനകം മേഖലയില്‍ 50 പേര്‍ക്ക് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാരണം കണ്ടെത്താത്ത രോഗത്തിന് ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
ആറു പേര്‍ രോഗം ബാധിച്ച് മരിച്ചതായി ന്യൂേയാര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 മുതല്‍ 85 വരെ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്.
രോഗബാധയ്ക്കു കാരണം എന്താണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന അജ്ഞാത രോഗം ഭയപ്പെടുത്തുന്ന ഒന്നാണെന്ന് ന്യൂ ബ്രണ്‍സ്വിക് ആരോഗ്യമന്ത്രി ഡോറോത്തി ഷെപ്പേര്‍ഡ് പറഞ്ഞു. രോഗത്തെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മൃഗങ്ങളില്‍നിന്ന് രോഗം ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും പാരിസ്ഥിതികമായ ഘടകങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെങ്കിലും കൃത്യമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും വൈകാതെ കാരണം കണ്ടെത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. എഡ്വേര്‍ഡ് ഹെന്റിക്‌സ് പറഞ്ഞു. വിഷാംശം, ബാക്ടീരിയ, വൈറസ് എന്നീ സാധ്യതകളും പരിശോധിക്കുന്നുണ്ട്. രോഗത്തിന്റെ ഉറവിടം അറിയാത്തതിനാല്‍ രോഗപ്രതിരോധം സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കഴിഞ്ഞിട്ടില്ല. അജ്ഞാത രോഗബാധ സംശയിക്കുന്നവരെ ചികിത്സിക്കുന്നതിന് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്.
അജ്ഞാത രോഗം ന്യൂ ബ്രണ്‍സ്വിക് മേഖലയില്‍ ആദ്യം സ്ഥിരീകരിക്കുന്നത് 2015-ല്‍ ന്യൂറോളജിസ്റ്റ് ആയ ഡോ. എലിയര്‍ മറേറോ ആണ്. 2020-ലാണ് സമാന ലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടിയത്. ഇതോടെയാണ് രോഗം വ്യാപകമാകുന്നതായി ആശങ്ക ഉയര്‍ന്നത്. ഏതാനും മാസങ്ങളായി ന്യൂ ബ്രണ്‍സ്വിക് മേഖലയിലുള്ള നിരവധി പേരില്‍ അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്ന് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.