എവറസ്റ്റ് മോഹത്തെ മഞ്ഞുപോലെ ഉരുക്കി കോവിഡ്; നേപ്പാളില്‍ ഒറ്റപ്പെട്ട് മലയാളി

എവറസ്റ്റ് മോഹത്തെ മഞ്ഞുപോലെ ഉരുക്കി കോവിഡ്; നേപ്പാളില്‍ ഒറ്റപ്പെട്ട് മലയാളി

തിരുവനന്തപുരം: എവസ്റ്റ് മോഹവുമായി മഞ്ഞുമല കയറിയ ഉമേഷിനെ നിരാശനാക്കി കോവിഡ്. ആറായിരം മീറ്റര്‍ ഉയരത്തിലുള്ള ടെന്റില്‍ മൈനസ് ഡിഗ്രി തണുപ്പും കോവിഡും ഒരുമിച്ചായിരുന്നു ഉമേഷിനെതിരേ പൊരുതിയത്. കാഠ്മണ്ഡുവിലെ കോവിഡ് സെന്ററില്‍ സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കുകഴിയേണ്ടിവന്നപ്പോള്‍ പലപ്പോഴും മനസിടറി. തിരുവനന്തപുരം ഉള്ളൂര്‍ നീരാഴി ലെയ്ന്‍ ചന്ദ്രികാഭവനില്‍ ഉമേഷ് പണിക്കര്‍ എന്ന 43-കാരനാണ് എവറസ്റ്റ് യാത്രയ്ക്കിടെ കോവിഡ് പിടിപെട്ട് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്.

ഏഴു ഭൂഖണ്ഡങ്ങളിലെ ഏഴ് കൊടുമുടികള്‍ താണ്ടാനുള്ള 'സെവന്‍ സമ്മിറ്റ്' പദ്ധതിയുമായി മാര്‍ച്ച് 30-നാണ് കാഠ്മണ്ഡുവില്‍ നിന്ന് ഉമേഷ് ഒറ്റയാനായി യാത്ര തിരിച്ചത്. ആഫ്രിക്കയിലെ കിളിമഞ്ചോരോയുടെയും റഷ്യയിലെ എല്‍ബ്രിസ് മഞ്ഞു മലയുടെയുമൊക്കെ നെറുകയില്‍ കയറിയ ആത്മവിശ്വാസവും കൂട്ടായി ഉണ്ടായിരുന്നു.

ഒരുതവണ കോവിഡ് വന്നുപോയതുകൊണ്ടും രണ്ടു ഡോസ് വാക്സിനെടുത്തതു കൊണ്ടും ആ പേടിയും ഇല്ലായിരുന്നു. എവറസ്റ്റ് കയറ്റത്തിന് സഹായിക്കുന്ന ഷെര്‍പ്പയുമായി ഏപ്രില്‍ ഒമ്പതിന് മലകയറ്റം ആരംഭിച്ചു. ദിവസങ്ങളെടുത്ത് ക്യാമ്പ് രണ്ടില്‍ എത്തുമ്പോഴേക്ക് ഉമേഷും ഷെര്‍പ്പയും മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലായി.

രാത്രിയില്‍ മൈനസ്-20 തണുപ്പും പകല്‍ മലനിരകളെ കണ്ണാടിപോലെയാക്കുന്ന വെയിലും. രണ്ടാം നാള്‍ ഉമേഷ് ചുമയ്ക്കുമ്പോള്‍ ചോര തുപ്പാന്‍ തുടങ്ങി. കാഴ്ച മങ്ങുന്ന 'സ്‌നോ ബ്ലൈന്‍ഡും' ബാധിച്ചു. തിരികെ താഴേക്കിറങ്ങാന്‍ കഴിയാത്ത വിധം കിടപ്പായി. മരണം മുന്നിലെത്തിയതോടെ 'എന്നെ വിട്ടിട്ട് നിങ്ങള്‍ മടങ്ങിപ്പോയിക്കൊള്ളൂ' എന്ന് ഉമേഷ് സഹായിയോട് പറഞ്ഞു.

മരണത്തോടടുക്കുന്ന ആളുകള്‍ക്ക് ഷെര്‍പ്പകളുടെ ആചാരത്തിലുള്ള അന്ത്യപ്രാര്‍ഥനയും ഉമേഷിന് നല്‍കി. ഒറ്റയ്ക്ക് ബേസ് ക്യാമ്പില്‍ തിരിച്ചെത്തിയ ഷെര്‍പ്പ ഒടുവിലത്തെ ശ്രമമായി വാക്കിടോക്കിയിലൂടെ വിവരം അധികൃതരെ അറിയിച്ചു. മൃതദേഹം തിരഞ്ഞ് അടുത്തദിവസം പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മരണവുമായി മല്ലിട്ടുകിടന്ന ഉമേഷിനെ കണ്ടെത്തി രക്ഷിക്കുകയായിരുന്നു.

എത്തിപ്പെട്ട ആശുപത്രിയില്‍ ഒരു ദിവസത്തെ ക്വാറന്റീനിന് കൊടുക്കേണ്ടി വന്നത് ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപ. അവിടെനിന്ന് ടാമിളിലെ കോവിഡ് സെന്ററിലേക്ക് മാറിയപ്പോള്‍ ഡോക്ടറുടെ സേവനമില്ല. അതിന് ലക്ഷങ്ങള്‍ മുടക്കണം. ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി കിട്ടിയില്ല.

യു.എ.ഇയില്‍ ഡെവലപ്മെന്റ് ട്രെയിനറായി ജോലിചെയ്യുന്ന ഉമേഷ്, യു.എ.ഇ. എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ എംബസി മാനേജര്‍ നേരിട്ടെത്തി കാര്യങ്ങള്‍ തിരക്കി. പക്ഷേ, വിമാനയാത്ര സാധ്യമാകുമോയെന്ന് ഉറപ്പായിട്ടില്ല. നേപ്പാളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ മലയാളിസഞ്ചാരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.