നൈജീരിയന്‍ തീവ്രവാദ സംഘടന ബൊക്കോ ഹറാമിന്റെ തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

നൈജീരിയന്‍ തീവ്രവാദ സംഘടന ബൊക്കോ ഹറാമിന്റെ തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അബുജ: നൈജീരിയന്‍ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമിന്റെ തലവന്‍ അബൂബക്കര്‍ ശെഖാവോ സ്വയം ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സുമായുള്ള (ഐ.എസ്.ഡബ്ല്യു.എ.പി) ഏറ്റുമുട്ടലിനിടെ സ്വയം ബോംബ് പൊട്ടിത്തെറിച്ച് അബൂബക്കര്‍ ജീവനൊടുക്കുകയായിരുന്നെന്ന് ഐ.എസ്.ഡബ്ല്യു.എ.പി ഞായറാഴ്ച്ച പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ബൊക്കോ ഹറാമും ഐ.എസ്.ഡബ്ല്യു.എ.പിയും പ്രദേശത്ത് വര്‍ഷങ്ങളായി പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകളാണ്. നേതാവിന്റെ മരണത്തെക്കുറിച്ച് ബോക്കോ ഹറാം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐ.എസ്.ഡബ്ല്യു.എ.പിയുടെ അവകാശവാദത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് നൈജീരിയന്‍ സൈന്യം അറിയിച്ചു.

ഇരു സംഘങ്ങളും തമ്മില്‍ മേയ് 18ന് ഏറ്റുമുട്ടല്‍ ഉണ്ടായി. ഇതിനിടെ ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കര്‍ ശെഖാവോ കൊല്ലപ്പെട്ടതെന്നാണ് ഐഎസ്ഡബ്ല്യുഎപി സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. അബൂബക്കര്‍ ശെഖാവോ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തുവന്നതിനാല്‍ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ നൈജീരിയന്‍ സൈന്യം തയ്യാറായിട്ടില്ല.

നൈജീരിയയില്‍ 2014-ല്‍ 270 ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണു ബൊക്കോ ഹറാം ലോകതലത്തില്‍ കുപ്രസിദ്ധി നേടിയത്. 12 വര്‍ഷങ്ങളായുള്ള ഇവരുടെ ആക്രമണത്തില്‍ ഇതുവരെ 40,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 20 ലക്ഷത്തിലധികം ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

2016-ലാണ് ബോക്കോ ഹറാമില്‍നിന്ന് വിഘടിച്ച് ഐ.എസ്.ഡബ്ല്യു.എ.പി രൂപംകൊണ്ടത്. സാധാരണ ആളുകള്‍ക്കൊപ്പം മുസ്ലീം പൗരന്മാരെയും അതിക്രൂരമായി കൊല്ലുകയും വനിതകളെ ചാവേര്‍ ബോംബര്‍മാരായി ഉപയോഗിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് കുറേപ്പേര്‍ ഇതിലേക്കു മാറിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, നൈജീരിയന്‍ സൈന്യത്തിനെതിരെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്തി ഈ മേഖലയിലെ പ്രബല ശക്തിയായി ഐ.എസ്.ഡബ്ല്യു.എ.പി വളര്‍ന്നിട്ടുണ്ട്. അബൂബക്കര്‍ ശെഖാവോയുടെ മരണത്തോടെ ബൊക്കോ ഹറാം കമാന്‍ഡര്‍മാരെയും പോരാളികളെയും തങ്ങളുടെ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ്. ശെഖാവോയുടെ മരണം രണ്ട് സംഘടനകളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.