ചെന്നൈ: അധികാരമേറ്റ് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ എം.കെ സ്റ്റാലിന്‍ തമിഴ്‌നാടിന്റെ ഹൃദയം കീഴടക്കി. ചീത്തപ്പേരുകളോട് വിട പറഞ്ഞ് തമിഴകത്തിന്റെ അവകാശങ്ങള്‍ക്കും ജനതകള്‍ക്കും വേണ്ടി ഏതറ്റം വരെയും പോകുമെന്നുമുള്ള സൂചന 30 ദിവസത്തിനുള്ളില്‍ അദ്ദേഹം ജനത്തിനു നല്‍കി. ചെന്നൈയിലിരുന്ന് ഡല്‍ഹിയെ നിയന്ത്രിച്ച കലൈജ്ഞര്‍ കരുണാനിധിയെന്ന പിതാവിന്റെ അതേ ശൈലിയിലാണ് സ്റ്റാലിന്റെ ഇപ്പോഴത്തെ ഭരണം.
രാഷ്ട്രീയ എതിരാളികളില്‍ രണ്ടാമനും അണ്ണാ ഡിഎംകെയില്‍ സ്ഥാനം കൊണ്ടെങ്കിലും ഒന്നാമനുമായ ഒപിഎസ് എന്ന ഒ.പനീര്‍സെല്‍വം സ്റ്റാലിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയത് ആശങ്കകളോടെയായിരുന്നുവെന്ന് ഉറപ്പ്. 2016ല്‍ ജയലളിത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ സംഭവിച്ചതു പോലെ പിന്നിലെവിടെയെങ്കിലും ഒപിഎസിനെ ഇരുത്തി അപമാനിക്കുമെന്ന് പ്രതീക്ഷിച്ചിച്ചവര്‍ക്കും നിരാശപ്പെടേണ്ടി വന്നു.
ഉദ്യോഗസ്ഥര്‍ ഒപിഎസിനെ ആനയിച്ചത് ഒന്നാം നിരയിലെ പ്രധാന ഇരിപ്പിടത്തിലേക്കാണ്. ഗിണ്ടിയിലെ രാജ്ഭവനിലെ വേദിയിലിരുന്ന പലരും കണ്ണു തിരുമ്മി പലവട്ടം ഒപിഎസിനെ നോക്കി. 2016ല്‍ പ്രതിപക്ഷനേതാവായിരുന്ന സ്റ്റാലിനെ രണ്ടാം നിരയിലിരുത്തി ജയലളിത പക വീട്ടിയതുപോലെ ഇത്തവണ ഉണ്ടാകാതിരുന്നപ്പോള്‍ കണ്ടത് വെറിയും വാശിയും മാത്രം കണ്ടിരുന്ന തമിഴ് രാഷ്ട്രീയത്തില്‍ അനുരഞ്ജനത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പുതിയ നാളേയ്ക്കായുള്ള തുടക്കമായിരുന്നു.
ഡി.എം.കെയുടെ വന്‍ വിജയം ആഘോഷിക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ റോഡരികിലെ അമ്മ കന്റീന്‍ കയ്യേറി ബോര്‍ഡുകള്‍ ഉള്‍പ്പടെ വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്തു. പാത്രങ്ങളും പച്ചക്കറികളും വലിച്ചു പുറത്തിട്ട് നശിപ്പിച്ചു. ജയലളിതയുടെ പേരില്‍ മേലില്‍ ഇവിടെ കന്റീന്‍ നടത്തരുതെന്ന് ീവനക്കാരെ ഭീഷണിപ്പെടുത്തി.
അതോടെ ഡിഎംകെയുടെ കൂടപിറപ്പായ ഗുണ്ടായിസത്തിനു തുടക്കമായെന്ന പ്രചാരണം വരെ ഉണ്ടായി. പണ്ടത്തെ ഡിഎംകെ അല്ല സ്റ്റാലിന്റെ കാലത്തേതെന്ന്, പ്രവര്‍ത്തകര്‍ക്ക് അടുത്ത മണിക്കൂറില്‍ മനസ്സിലാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മിനുറ്റുകള്‍ക്കുള്ളില്‍ രണ്ട് അറസ്റ്റ്. സ്ഥലം എംഎല്‍എ നേരിട്ടെത്തി ബോര്‍ഡ് പുനഃസ്ഥാപിച്ചു. വനിതാ ജീവനക്കാരെ നേരില്‍ കണ്ടു ക്ഷാമപണം നടത്തി.
ബിജെപി, ഹിന്ദി വിരുദ്ധ വികാരം സ്റ്റാലിന്റെ വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്നാണ്. അധികാരത്തിലെത്തുന്നതോടെ കേന്ദ്രസര്‍ക്കാരുമായി രമ്യതയില്‍ പോകുമെന്നായിരുന്നു ഡിഎംകെയിലെ തന്നെ പലനേതാക്കന്‍മാരും പറഞ്ഞിരുന്നത്. എന്നാല്‍, തമിഴകത്തെ കേന്ദ്രത്തിനു മുന്നില്‍ അടിയറ വയ്ക്കില്ലെന്ന് സ്റ്റാലിന്‍ ആദ്യം തന്നെ തെളിയിക്കുകയായിരുന്നു.
സാക്ഷാല്‍ അമിത് ഷായുടെ കയ്യില്‍ വിലങ്ങണിയിച്ചതിന്റെ പേരില്‍ ഒതുക്കി മൂലയ്ക്കിരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.കന്തസാമിയെ നിര്‍ണായക പോസ്റ്റായ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിജിപിയാക്കിയാണ് ആദ്യം ഞെട്ടിച്ചത്. പിന്നീട് തമിഴ് ഭാഷയെ ശ്രേഷ്ട ഭാഷയാക്കാനുള്ള നീക്കങ്ങള്‍. എന്തായാലും സ്റ്റാലിന്റെ നയങ്ങള്‍ തമിഴകം കാണാന്‍ ഇരിക്കുന്നതേയുള്ളു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.