മലയാളി നഴ്‌സിന്റെ കരുതലിന് രാജ്യാന്തര അംഗീകാരം: ശാലു ഫിലിപ്പിന് ഡെയ്‌സി ഫൗണ്ടേഷന്‍ പുരസ്‌കാരം

മലയാളി നഴ്‌സിന്റെ കരുതലിന് രാജ്യാന്തര അംഗീകാരം: ശാലു ഫിലിപ്പിന് ഡെയ്‌സി ഫൗണ്ടേഷന്‍ പുരസ്‌കാരം

അബുദാബി: നഴ്‌സിംഗ് ജോലിയിലെ ആത്മസമര്‍പ്പണത്തിന് ഒരു മലയാളി കൂടി രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. റാസ് അല്‍ ഖൈമയിലെ എന്‍.എം.സി. റോയല്‍ മെഡിക്കല്‍ സെന്ററില്‍ നഴ്‌സായ മാവേലിക്കര സ്വദേശി ശാലു ഫിലിപ്പിനാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഡെയ്‌സി ഫൗണ്ടേഷന്റെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച നഴ്സുമാരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിന്റെ ഭാഗമായി ശാലു ഫിലിപ്പിനെയും ഈ പുരസ്‌കാരം തേടിയെത്തുകയായിരുന്നു.

നഴ്്‌സിംഗ് പ്രൊഫഷനില്‍ അസാധാരണ മികവും അനുദിനം ചെയ്യുന്ന ഹൃദയസ്പര്‍ശിയായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഡെയ്സി ഫൗണ്ടേഷന്റെ അവാര്‍ഡ്. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നഴ്സുമാരെ അംഗീകരിക്കുന്നതിനുള്ള അവസരം കൂടിയാണ് ഡെയ്സി ഫൗണ്ടേഷന്‍ ഒരുക്കുന്നത്.

മാവേലിക്കര തിരിച്ചുകെട്ടില്‍ പരേതനായ ടി.എ. ഫിലിപ്പിന്റെയും മോളിയുടെയും മകളായ ശാലു പത്തു വര്‍ഷമായി എന്‍.എം.സി. റോയല്‍ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നു. കൊല്ലം ബിഷപ്പ് ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്‌സിങില്‍നിന്നാണു പഠനം പൂര്‍ത്തിയാക്കിയത്.
ഭര്‍ത്താവ് ആലപ്പുഴ ചാത്തനാട് തയ്യില്‍ ജെയ്ബി ജോസഫിനും ഏഴു മാസം മാത്രം പ്രായമായ മകന്‍ ജെയ്ഡനും ഒപ്പം റാസ് അല്‍ ഖൈമയിലാണ് ശാലുവിന്റെ താമസം. ജസീറ എ.ആര്‍.സി. ഇന്റര്‍നാഷണല്‍ ഗ്ലാസ് ഫാക്ടറി ഉദ്യോഗസ്ഥനാണ് ജെയ്ബി. പ്രൊഫഷനിലെ മികവിന് ജെയ്ബിയുടെ പൂര്‍ണ പിന്തുണ ശാലുവിനു കരുത്തേകുന്നു.

ജെ. പാട്രിക് ബാര്‍നെസിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സ്ഥാപിച്ച, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡെയ്‌സി ഫൗണ്ടേഷന്‍. ലോകമെമ്പാടുമുള്ള മികച്ച നഴ്സുമാരെ തിരഞ്ഞെടുത്ത് പ്രശസ്തിപത്രവും അവാര്‍ഡും നല്‍കുകവഴി സ്‌നേഹത്തിന്റെ മാലാഖമാരായ നഴ്‌സുമാരെ അംഗീകരിക്കുകയാണ് ഡെയ്‌സി ഫൗണ്ടേഷന്‍ പതിറ്റാണ്ടുകളായി ചെയ്തുവരുന്നത്. നഴ്സിംഗ് മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിനൊപ്പം മനോവീര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.

1999-ല്‍ മുപ്പത്തി മൂന്നാം വയസില്‍ ഹോഡ്ജ്കിന്‍ ലിംഫോമ എന്ന അര്‍ബുദ രോഗത്താല്‍ വിട്ടുപിരിഞ്ഞ പാട്രിക് ബാര്‍നെസിന്റെ സ്മരണാര്‍ഥമാണ് ബാര്‍നെസ് കുടുംബം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ ദുരിതസമയത്ത് ആശ്വാസമായും ആത്മാര്‍ത്ഥമായും കൂടെ നിന്ന നഴ്‌സ്മാര്‍ക്കുള്ള ആദരമായിരുന്നു ഈ പുരസ്‌കാരം.

'ഡിസീസസ് അറ്റാക്കിംഗ് ദി ഇമ്മ്യൂണ്‍ സിസ്റ്റം' എന്ന വാക്കില്‍ നിന്നാണ് ഡെയ്‌സി എന്ന പേര് ഫൗണ്ടേഷന്‍ സ്വീകരിച്ചത്. ജോലിയിലെ ആത്മാര്‍ത്ഥതയും രോഗിയോടുള്ള സ്‌നേഹസ്മൃണമായ പെരുമാറ്റവുമാണ് അവാര്‍ഡിന്റെ പ്രധാന മാനദണ്ഡം. ശാലു ജോലി ചെയ്യുന്ന എന്‍.എം.സി. റോയല്‍ മെഡിക്കല്‍ സെന്ററില്‍ വച്ചുതന്നെ പൊതു ചടങ്ങ് സംഘടിപ്പിച്ചു പുരസ്‌കാരം സമ്മാനിച്ചു. സര്‍ട്ടിഫിക്കറ്റും ഫലകവും അവാര്‍ഡ് ബാഡ്ജും അടങ്ങുന്നതാണ് പുരസ്‌കാരം. ഹോസ്പിറ്റലിലെ രോഗികളും ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും നിര്‍ദേശിക്കുന്ന പേരുകളില്‍ നിന്നാണ് നോമിനേഷനുകള്‍ രൂപംകൊള്ളുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.