മൂര്‍ച്ചയേറിയ പദപ്രയോഗങ്ങളിലൂടെ കത്തിക്കയറുന്ന പ്രസംഗം: എന്നും വിവാദങ്ങളുടെ തോഴന്‍

 മൂര്‍ച്ചയേറിയ പദപ്രയോഗങ്ങളിലൂടെ കത്തിക്കയറുന്ന പ്രസംഗം: എന്നും വിവാദങ്ങളുടെ തോഴന്‍

കൊച്ചി: പ്രസംഗങ്ങളില്‍ മൂര്‍ച്ചയേറിയ പദപ്രയോഗങ്ങളുടെ മായിക പ്രപഞ്ചം തീര്‍ത്ത് അണികളുടെ സിരകളെ ത്രസിപ്പിക്കുന്ന തീപ്പൊരി നേതാവാണ് കെ.സുധാകരന്‍. ഇത്തരത്തില്‍ പ്രവര്‍ത്തകരില്‍ വലിയ ആവേശം നിറയ്ക്കുന്ന നേതാവായി നില്‍ക്കുമ്പോഴും വിവാദങ്ങള്‍ എല്ലാ കാലത്തും അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. ഒരുപക്ഷെ, ഈ വിവാദങ്ങള്‍ തന്നെയാണ് പലപ്പോഴും അണികള്‍ക്കിടയില്‍ അദ്ദേഹത്തെ ജനകീയനാക്കിയതും.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയാണ് കെ സുധാകരന്‍ കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്തിയത്. 90 കളില്‍ കണ്ണൂരില്‍ സജീവമായിരുന്ന അക്രമ രാഷ്ട്രീയത്തിന്റെ പരിസരങ്ങളില്‍ സുധാകരന്റെ പേരും പലപ്പോഴും ഉയര്‍ന്ന് കേട്ടിരുന്നു. അതില്‍ ആദ്യത്തേതാണ് 1993 ലെ നാല്‍പ്പാടി വാസു കൊലപാതം.

കെ.സുധാകരന്റെ ഗണ്‍മാന്റെ വെടിയേറ്റായിരുന്നു സിപിഎമ്മുകാരനായ നാല്‍പ്പാടി വാസു കൊല്ലപ്പെടുന്നത്. സുധാകരനാണ് വെടിവെച്ചതെന്നായിരുന്നു സിപിഎം ആരോപണം. കേസില്‍ സുധാകരന്‍ പ്രതിയാവുകയും ചെയ്തു. വാസുവിനെ വെടിവച്ചുകൊന്നശേഷം 'അവിടെയതാ ഒരുത്തന്‍ ചത്ത് വീണിട്ടുണ്ട്. കളിച്ചാല്‍ അതുതന്നെ ആവര്‍ത്തിക്കും'എന്ന് സുധാകരന്‍ പൊതുയോഗത്തില്‍ പറഞ്ഞതായി സിപിഎം ഇന്നും ആരോപിക്കുന്നു.

സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ അടുത്ത കറുത്ത ഏടാണ് കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവായ ഇ.പി ജയരാജനെ ട്രെയിനില്‍ വധിക്കാന്‍ ശ്രമിച്ച സംഭവം. വെടിവെപ്പ് ആസൂത്രണം ചെയ്തത് കെ സുധാകരന്‍ ആണെന്നായിരുന്നു പ്രധാന ആരോപണം. കേസില്‍ കെ സുധാകരന്‍ പ്രതിയായെങ്കിലും കോടതിയില്‍ അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കേസ് തള്ളിപ്പോയി.

അണികളെ ആവേശത്തിലാക്കാന്‍ നടത്തുന്ന സുധാകരന്റെ ചില പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ പലപ്പോഴും അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സുധാകരന്റെ വിവാദ പരമാര്‍ശങ്ങളില്‍ ഏറ്റവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനയായിരുന്നു. മുല്ലപ്പള്ളിയുടെ അച്ഛന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ പിണറായിയുടെ അച്ഛന്‍ ചെത്തുകാരന്‍ കോരന്‍ കള്ളുകുടിച്ച് തേരാപാര നടക്കുകയായിരുന്നെന്നായിരുന്നു കെ.സുധാകരന്റെ പരിഹാസം.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരന്‍ പിന്നീട് പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. എന്നാല്‍ ശൈലി തിരുത്താനോ തോറ്റ് പിന്‍മാറാനോ അദേഹം തയ്യാറായില്ല. അതാണ് അണികള്‍ 'കെ.എസ്' എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന കെ.സുധാകരന്റെ പ്രവര്‍ത്തന ശൈലി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.