ആട്ടിൻകൂട്ടത്തോട് ചേർന്ന് നിൽക്കുന്ന പുരോഹിതന്മാർ ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കണം: ഫ്രാൻസിസ് മാർപാപ്പ

ആട്ടിൻകൂട്ടത്തോട് ചേർന്ന് നിൽക്കുന്ന പുരോഹിതന്മാർ ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കണം: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: തങ്ങളുടെ ആട്ടിൻകൂട്ടത്തോട് ചേർന്ന് നിൽക്കുന്ന പുരോഹിതന്മാർ ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. തിങ്കളാഴ്ച, റോമിലെ സെന്റ് ലൂയിസ് ചർച്ചിൽ ഉപരിപഠനത്തിനായി വന്ന ഫ്രഞ്ച് വൈദികരോട് സംസാരിക്കുകയായിരുന്നു പാപ്പാ.

വിവിധ റോമൻ സർവ്വകലാശാലകളിൽ ഉപരി പഠനം നടത്തുന്നവർ എന്ന നിലയിൽ തങ്ങളുടെ ഭാവി ചുമതലകൾക്കായി അവരെ ഒരുക്കുകയും ആനന്ദത്തിന്റെ സുവിശേഷം പ്രഘോഷിക്കാൻ തങ്ങളെ വിളിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ വിലമതിപ്പോടെ നോക്കിക്കാണാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു എന്ന് പാപ്പാ വൈദികാരോട് പറഞ്ഞു. അവരുടെ പ്രവർത്തന മണ്ഡലം തിരിച്ചറിയാതെയും അവരുടെ സംരക്ഷണ ചുമതലയുള്ള ആളുകളെ പരിഗണിക്കാതെയും പുതിയ സിദ്ധാന്തങ്ങൾ പ്രയോഗിക്കാൻ തുനിയരുത് എന്ന പാപ്പാ മുന്നറിയിപ്പ് നൽകി. “നിങ്ങൾ ആടുകളുടെ ഗന്ധമുള്ള ഇടയന്മാരാകാൻ ഞാൻ ആഗ്രഹിക്കുന്നു” പാപ്പാ പറഞ്ഞു.

വൈദികർ, തങ്ങളുടെ ആളുകളുടെ ഒപ്പം ജീവിക്കാനും ചിരിക്കാനും കരയാനും പ്രാപ്തിയുള്ള ആളുകളായിരിക്കണം; ഒരു വാക്കിൽ പറഞ്ഞാൽ,അവരുമായി ആശയവിനിമയം നടത്താൻ കഴിവുള്ളവുണ്ടായിരിക്കണം. ദൈവജനത്തിൽ നിന്ന് ഒറ്റപ്പെട്ട പൗരോഹിത്യം കത്തോലിക്കാ പൗരോഹിത്യമോ ക്രിസ്ത്യൻ പൗരോഹിത്യമോ അല്ലെന്നും പാപ്പാ പറഞ്ഞു.

ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ല. അവർ അൽമായരായി ഇരിക്കുന്നതാണ് നല്ലത്. വ്യക്തിമാഹാത്മ്യം, സ്വയം പ്രമാണിത്വം, നിസ്സംഗത എന്നിവയാണ് സാമൂഹ്യജീവിതത്തിലെ വെല്ലുവിളികൾ. പുരോഹിതൻ ദൈവജനത്തിനിടയിൽ ഒരു ഇടയനായിരിക്കണം കാരണം ദൈവമാണ് ഒരു പുരോഹിതനെ തിരഞ്ഞെടുത്തത് . മറ്റുള്ളവരെപ്പറ്റി മോശമായി സംസാരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ശീലം ഉപേക്ഷിച്ച് ദൈവത്തിന്റെ കരുണയെക്കുറിച്ച് ചിന്തിക്കുകയും ദൈവത്തിന്റെ കരുണയിലേക്ക് നോക്കുകയും ചെയ്യണം. പരസ്പരം എപ്പോഴും ഒരു സമ്മാനമായിരിക്കാനും പരസ്പരം സ്വാഗതം ചെയ്യാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു. “ബന്ധങ്ങളുടെ ആത്മാർത്ഥതയിലും പ്രാർഥനാ ജീവിതത്തിലും സത്യത്തിൽ ജീവിക്കുന്ന ഒരു കൂട്ടായ്മയ്‌ക്ക് സന്തോഷത്തിന്റെയും ആർദ്രതയുടെയും വായു ശ്വസിക്കാൻ സാധ്യമാക്കുന്ന ഒരു സമൂഹം രൂപീകരിക്കാൻ കഴിയും.”

അവരുടെ പൗരോഹിത്യ സ്വീകരണത്തെ അനുസ്മരിച്ചുകൊണ്ട്, അവരെ ആനന്ദത്തിന്റെ എണ്ണകൊണ്ട് അഭിഷേകം ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരെയും ആനന്ദത്തിന്റെ എണ്ണകൊണ്ട് അഭിഷേകം ചെയ്യണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ക്രിസ്തുവിൽ വേരൂന്നിയിരിക്കുന്നതിലൂടെ മാത്രമേ ഹൃദയം നേടാൻ പ്രേരിപ്പിക്കുന്ന സന്തോഷം അനുഭവിക്കാൻ കഴിയൂ . “പൗരോഹിത്യത്തിലുള്ള ആനന്ദമാണ് ഒരു മിഷനറി എന്ന നിലയിൽ നിങ്ങളുടെ പ്രവർത്തികളുടെ ഉറവിടം" പാപ്പാ പറഞ്ഞു. ലോകത്തിന് സേവനം ചെയ്യാൻ സന്നദ്ധമായ, സഹോദര്യത്തിലും ഐക്യത്തിലും രൂപീകൃതമായ ഒരു സഭയെ കെട്ടിപ്പെടുക്കണം എന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഈ സന്തോഷത്തോടൊപ്പം നർമ്മബോധവും ഉണ്ടായിരിക്കണം. നർമ്മബോധം ഇല്ലാത്ത ഒരു പുരോഹിതനെ ആരും ഇഷ്ടപ്പെടില്ല.“മറ്റുള്ളവരെയും തങ്ങളെത്തന്നെയും സ്വന്തം നിഴലിനെപ്പോലും നർമ്മത്തോടെ പരിഹസിക്കുന്ന മഹാപുരോഹിതന്മാരെ അനുകരിക്കുക. നർമ്മബോധം വിശുദ്ധിയുടെ സവിശേഷതകളിലൊന്നാണ്” പാപ്പാ പറഞ്ഞു.

നമ്മുടെ ബലഹീനതകൾ കർത്താവിനെ കണ്ടുമുട്ടാനുള്ള ആധ്യാത്മികതയുടെ ഇടമാണ്. തന്റെ ബലഹീനതകളെ തിരിച്ചറിയുന്ന 'ബലഹീനനായ വൈദികൻ' അവയെ കുറിച്ച് കർത്താവിനോട് സംസാരിക്കുമ്പോൾ മെച്ചപ്പെടുമെന്നും എന്നാൽ 'സൂപ്പർമാൻ'മാരായ പുരോഹിതർ ദൗർഭാഗ്യത്തിൽ ചെന്നെത്തുമെന്നും പാപ്പ ഓർമ്മിപ്പിച്ചു. പരസ്പരം എന്തയിരിക്കുന്നൊ അതിന് ദൈവത്തിന് കൃതജ്ഞത അർപ്പിക്കുക എന്ന പുണ്യം വളർത്തിയെടുക്കാൻ പാപ്പാ യുവവൈദികരെ പ്രോത്സാഹിപ്പിച്ചു. “നിങ്ങളുടെ പരിമിതികൾ, ബലഹീനതകൾ, കഷ്ടതകൾ എന്നിവയിൽ, എപ്പോഴും സ്നേഹപൂർവമായ ഒരു നോട്ടം നിങ്ങളുടെ മേൽ പതിക്കുകയും അത് നിങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു” പാപ്പാ പറഞ്ഞു. കൃതജ്ഞത എല്ലായ്പ്പോഴും ഒരു ശക്തമായ ആയുധമാണ്. നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങൾ , ഏകാന്തത, പരീക്ഷണങ്ങൾ എന്നിവയുടെ നിമിഷങ്ങളിൽ പ്രതീക്ഷയുടെ ജ്വാല കത്തിക്കാൻ അത് സഹായിക്കുന്നു എന്നും പാപ്പാ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26