സിഡ്നി: ഓസ്ട്രേലിയന്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ലോകചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റിംഗ് ഓപ്പറേഷനില്‍ 18 രാജ്യങ്ങളിലായി അറസ്റ്റിലായവരുടെ എണ്ണം 800 കടന്നു. ഇതില്‍ 250-ല്‍ അധികം പേര്‍ ഓസ്‌ട്രേലിയയില്‍നിന്നു മാത്രമാണ്. 48 മില്യണ്‍ ഡോളര്‍, 32 ടണ്ണിലേറെ ലഹരിമരുന്ന്, ആയുധങ്ങള്‍, ക്രിപ്‌റ്റോ കറന്‍സി, ആഡംബര വാഹനങ്ങള്‍ എന്നിവയും വ്യാപകമായ തെരച്ചിലില്‍ പിടികൂടി. 'ഓപ്പറേഷന്‍ അയണ്‍ സൈഡ്' എന്ന പേരില്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും (എ.എഫ്.പി), യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്.ബി.ഐ) സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്പ്, ന്യൂസിലന്‍ഡ് തുടങ്ങി ലോക്ത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 800 ലധികം പേര്‍ പിടിയിലായത്.
കൊലപാതകക്കേസ് പ്രതികള്‍, രാജ്യാന്ത ലഹരിമരുന്ന് കടത്ത്, കള്ളപ്പണം സംഘങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ തുടങ്ങി കൊടും കുറ്റവാളികളാണ് അതിവിദഗ്ധമായ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പോലീസിന്റെ വലയിലായത്. അന്വേഷണത്തില്‍ 16 രാജ്യങ്ങളിലെ പോലീസ് സംഘങ്ങളും യൂറോപ്യന്‍ അന്വേഷണ ഏജന്‍സിയായ യൂറോപോളും സഹകരിച്ചു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ കുടുക്കാന്‍ പോലീസ് കൂട്ടുപിടിച്ചത് ഒരു മൊബൈല്‍ ആപ്ലിക്കേഷനെയാണ്. 'അനം' എന്ന അധികമാര്‍ക്കും അറിയാത്ത ഈ സാങ്കേതിക വിദ്യയാണ് അധോലോക കുറ്റവാളികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.
കുറ്റവാളികളെ 'പറ്റിച്ച' അനം ആപ്പ്
എഫ്.ബി.ഐ. തന്നെ വികസിപ്പിച്ചെടുത്ത അനം എന്ന രഹസ്യ മെസേജിങ് ആപ് ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണുകള്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കു വിറ്റ്, അതിലൂടെ അവരെ നിരീക്ഷിച്ചായിരുന്നു അറസ്റ്റുകള്‍. ലോകവ്യാപകമായി ലഹരി കടത്തിനും മറ്റും കുറ്റകൃത്യങ്ങള്‍ക്കും ക്രിമിനലുകള്‍ എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പുകളാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കുന്ന മൊബൈല്‍ ഫോണുകളിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
വോയിസ് കോള്‍, ഇ-മെയില്‍, ലൊക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കിയ സ്മാര്‍ട്ട് ഫോണുകളില്‍ ഈ രഹസ്യ മെസേജിങ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യും. സന്ദേശങ്ങള്‍ മാത്രമാണ് ഇവയിലൂടെ അയയ്ക്കാനാവുക. നിയപാലകര്‍ക്ക് ഈ സന്ദേശങ്ങള്‍ ട്രാക്ക് ചെയ്യുക പലപ്പോഴും അസാധ്യമാണ്. നേരത്തെ കുറ്റവാളികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന എന്‍ക്രോചാറ്റ്, സ്‌കൈ ഇസിസി തുടങ്ങിയ എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ നുഴഞ്ഞുകയറി തകര്‍ത്തിരുന്നു. ഇതുകൂടാതെ ഇത്തരം ഫോണുകള്‍ നിര്‍മിച്ച് ആയിരക്കണക്കിന് കുറ്റവാളികള്‍ക്ക് വിറ്റ ഫാന്റം സെക്യുര്‍ എന്ന കനേഡിയന്‍ കമ്പനി എ.എഫ്.പിയും എഫ്.ബി.ഐയും ചേര്‍ന്ന് പൂട്ടിക്കുകയും ചെയ്തു. ഇതോടെ മറ്റൊരു എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനത്തിനായി കുറ്റവാളികള്‍ അന്വേഷണം തുടങ്ങി. ഈ സാഹചര്യം മുതലെടുത്താണ് അന്വേഷണ ഏജന്‍സികള്‍തന്നെ രഹസ്യമായി നിര്‍മിച്ച അനം എന്ന എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പുള്ള ഫോണുകള്‍ കുറ്റവാളികള്‍ക്കിടയില്‍ അവരറിയാതെ പ്രചരിപ്പിച്ചത്. അനോം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഏകദേശം 12,000 മൊബൈല്‍ ഫോണുകളും ഉപകരണങ്ങളുമാണ് മുന്നൂറോളം ക്രിമിനല്‍ സംഘങ്ങള്‍ക്കിടയില്‍ എത്തിയത്. ആപ്ലിക്കേഷന്‍ വഴി കൈമാറിയ ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ നിരന്തരം നിരീക്ഷിച്ചാണ് കുറ്റവാളികളെ പിടികൂടിയത്. കൊലപാതകം, കള്ളപ്പണം, മയക്കുമരുന്ന് കടത്ത് എന്നിവ ആസൂത്രണം ചെയ്യാനാണ് ഇവ പ്രധാനമായും ഉപയോഗിച്ചത്.
ആപ്പ് കുറ്റവാളികള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് അധോലോകത്തെ വിശ്വസ്തന്‍
അനം രഹസ്യ ആപ്പ് പോലീസിന്റെ ബുദ്ധിയാണെന്നറിയാതെ ലോകമെമ്പാടുമുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് മയക്കുമരുന്ന് കടത്തു സംഘത്തിലെ അംഗമായ ജോസഫ് ഹകാന്‍ അയിക്കാണ്. അധോലോകത്ത് കുറ്റവാളികള്‍ക്കിടയില്‍ വലിയ വിശ്വാസ്യതയും സ്വാധീനവുമുള്ളയാളാണ് 42 വയസുകാരനായ ഹകാന്‍ എന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് ഇയാളെ സ്റ്റിംഗ് ഓപ്പറേഷനുള്ള ഉപകരണമാക്കിയത്. അന്വേഷണ ഏജന്‍സികളുടെ രഹസ്യ ഏജന്റുമാര്‍ വഴിയാണ് ഈ ഉപകരണങ്ങള്‍ ഹകാന് എത്തിച്ചുനല്‍കിയത്. ഈ ആപ്പ് കരിഞ്ചന്ത വഴി കുറ്റവാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഹകാനു കഴിഞ്ഞു. കോടിക്കണക്കിന് ഡോളറിന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തും ആസൂത്രിത കൊലപാതകങ്ങളും ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഏജന്‍സികള്‍ക്കു ലഭിച്ചത്. ഇതോടെ ഓരോ സന്ദേശങ്ങളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായി. അറിയാതെയാണെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റിംഗ് ഓപ്പറേഷന്‍ വിജയിച്ചതില്‍ ഹകാന്‍ സുപ്രധാന പങ്കു വഹിച്ചതായി പോലീസ് പറഞ്ഞു.
ഓസ്‌ട്രേലിയയില്‍നിന്നു പലായനം ചെയ്ത് വര്‍ഷങ്ങളായി തുര്‍ക്കിയില്‍ താമസിക്കുന്ന ഹകാനോടു സുരക്ഷ മുന്‍നിര്‍ത്തി കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരി മരുന്ന് കേസിലെ മുഖ്യ പ്രതിയായ ഹകാനെ ഓസ്ട്രേലിയയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു ലക്ഷം യു.എസ്. ഡോളറിന്റെ (2,18,89,350 ഇന്ത്യന്‍ രൂപ) സ്പോര്‍ട്സ് കാറില്‍ സഞ്ചരിക്കുന്ന, ഡയമണ്ട് വാച്ചകള്‍ മാത്രം ഉപയോഗിക്കുന്ന ഹകാന്‍ ആഡംബര ജീവിതമാണു നയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.