പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്ന് റഷ്യന്‍ താരം അനസ്താസിയ പവ്‌ലുചെങ്കോവ. റഷ്യന്‍ താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലാണിത്. സ്ലൊവേനിയന്‍ താരം തമാര സിദാന്‍സെകിനെ രണ്ടു സെറ്റിനുള്ളില്‍ കീഴടക്കിയാണ് പവ്‌ലുചെങ്കോവയുടെ മുന്നേറ്റം. സ്‌കോര്‍: 7-5,6-3.
ലോകറാങ്കിങ്ങില്‍ 85-ാം റാങ്കുകാരിയായ സിദാന്‍സെക് മികച്ച മത്സരം പുറത്തെടുത്തു. മത്സരം ഒരു മണിക്കൂറും 34 മിനിറ്റും നീണ്ടു നിന്നു. ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സ് സെമിയിലെത്തുന്ന ആദ്യ സ്ലൊവിനേയന്‍ താരം എന്ന റെക്കോഡുമായാണ് താരം റോളണ്ട് ഗാരോസില്‍ നിന്ന് മടങ്ങുന്നത്.
2007ല്‍ തന്റെ 15-ാം വയസ്സില്‍ വിംബിള്‍ഡണ്ണിലൂടെയാണ് പവ്‌ലുചെങ്കോവ ഗ്രാന്‍സ്ലാമില്‍ അരങ്ങേറിയത്. അതിനുശേഷം 52-ാം മത്സരത്തിലാണ് താരം ഒരു ഗ്രാന്‍സ്ലാമിന്റെ ഫൈനലിലെത്തുന്നത്. ഇതോടെ അമ്പതിലധികം ഗ്രാന്‍സ്ലാം മത്സരങ്ങള്‍ക്കുശേഷം ഫൈനലിലെത്തുന്ന ആദ്യ വനിതാ താരം എന്ന റെക്കോഡും പവ്‌ലുചെങ്കോവ സ്വന്തമാക്കി. 2015 യു.എസ് ഓപ്പണ്‍ റണ്ണര്‍ അപ്പായ റോബര്‍ട്ട വിന്‍സിയുടെ പേരിലായിരുന്നു ഇതിന് മുമ്പ് ഈ റെക്കോഡ്. ഒരു ഗ്രാന്‍സ്ലാമിന്റെ ഫൈനലിലെത്താന്‍ വിന്‍സിക്ക് 44 മത്സരങ്ങള്‍ കളിക്കേണ്ടിവന്നു.
ആറു വര്‍ഷത്തിന് ശേഷമാണ് ഒരു റഷ്യന്‍ വനിതാ താരം ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്. ഇതിന് മുമ്പ് ഒരു റഷ്യന്‍ താരം ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ചത് 2015-ലാണ്. അന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ മരിയ ഷറപ്പോവ സെറീന വില്ല്യംസിനോട് തോറ്റിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.