കൊല്‍ക്കത്ത: ബിജെപിയില്‍ ചേക്കേറിയ മുകുള്‍ റോയിയും മകന്‍ സുഭ്രാന്‍ശുവും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. തൃണമൂല്‍ ഭവനിലെത്തിയ മുകുള്‍ റോയ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പാര്‍ട്ടിയിലേക്കു മടങ്ങുന്നുവെന്ന് അറിയിച്ചത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം വംഗനാട്ടില്‍ ബിജെപിയുടെ മുഖമായിരുന്ന മുകുള്‍ റോയിയുടെ മടക്കം താമരപ്പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി.
2017ല്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയ് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തൃണമൂലിലേക്ക് മടങ്ങിയേക്കുമെന്ന സൂചനയുണ്ടായിരുന്നു. മുകുള്‍ റോയ് തിരിച്ചെത്തിയെന്നും മറ്റുള്ളവരെ പോലെ അയാള്‍ വഞ്ചകനല്ലെന്നും മുഖ്യമന്ത്രി മമത പറഞ്ഞു. പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയാണെന്നും മുകുള്‍ റോയ് പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്നതു മുതല്‍ 'ശ്വാസംമുട്ടല്‍' അനുഭവിക്കുകയാണെന്ന് മുകുള്‍ റോയ് തന്റെ അടുത്ത അനുയായികളോടു പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്ന തിരിച്ചറിവിലാണ് തന്റെ മടക്കമെന്നും മുകുള്‍ റോയ് പറഞ്ഞു.
മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി അപ്രതീക്ഷിതമായി അവരില്‍നിന്ന് അകന്ന് ബിജെപിയിലേക്ക് എത്തിയതാണ് മുകുള്‍ റോയിയുടെ പ്രശ്നങ്ങള്‍ക്കു കാരണമെന്നാണു വിലയിരുത്തല്‍.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ച മുകുള്‍ റോയിയേക്കാള്‍ സുവേന്ദുവിന് ബിജെപി കൂടുതല്‍ പ്രാമുഖ്യം നല്‍കിയത് അദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കിയിരുന്നു. എന്നാല്‍ സുവേന്ദുവിനൊപ്പം വന്ന നേതാക്കളും തൃണമൂലിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. പക്ഷേ, മുകുള്‍ റോയ് ഒഴികെ ആരെയും തിച്ചെടുക്കാന്‍ മമത സമ്മതം മൂളിയിട്ടില്ല.
തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകൃതമായതു മുതല്‍ മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് പിന്നീട് ബംഗാളില്‍ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായ മുകുള്‍ ഇത്തവണ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആവുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവായി ബിജെപി തീരുമാനിച്ചത് സുവേന്ദുനിനെ ആയിരുന്നു. ഇതും മുകുള്‍ റോയിയുടെ മടക്കത്തിന് ആക്കം കൂട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.