മുട്ടില്‍ മരം കൊള്ള കേസ്; അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയ ഡിഎഫ്ഒയെ തിരിച്ചെടുത്തു

മുട്ടില്‍ മരം കൊള്ള കേസ്; അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയ ഡിഎഫ്ഒയെ തിരിച്ചെടുത്തു

തിരുവനന്തപുരം: മുട്ടിൽ മരം കൊള്ള കേസ് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. വനംമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ധനേഷ് കുമാറിനെ കൂടുതൽ ചുമതലയോടെയാണ് തിരിച്ചെടുത്തത്.

നോർത്ത് സോണിലെ അന്വേഷണ ചുമതലയാണ് ഡിഎഫ്ഒ ധനേഷിന് നൽകിയിരിക്കുന്നത്. ഇദ്ദേഹത്തെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരിൽ ഒരാൾ ധനേഷ്കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്.

ധനേഷ് കുമാറിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് മരം മുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. പിന്നീടത് പിൻവലിച്ചു. പിന്നാലെയാണ് ധനേഷിനെ അന്വേഷണസംഘത്തിൽ നിന്ന് മാറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. മാറ്റം ഭരണപരമായ കാരണം കൊണ്ടാണെന്നാണ് വനംവകുപ്പ് വിശദീകരിച്ചത്. എന്നാൽ ഇതിനെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് വനം മന്ത്രിയുടെ പ്രതികരണം.

അതേസമയം മരം മുറി കേസില്‍ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവുമെന്നും സംയുക്ത അന്വേഷണമാണ് നടക്കുകയെന്നുമാണ് അദ്ദേഹം പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.