ന്യൂയോര്‍ക്ക്: തിമിംഗലം വിഴുങ്ങി മരണത്തെ മുഖാമുഖം കണ്ട മൈക്കിള്‍ പാക്കാര്‍ഡിനിത് ജീവിതത്തിലേക്കുള്ള രണ്ടാം വരവാണ്. മത്സ്യം വിഴുങ്ങിയ യോനാ പ്രവാചകന്റെ അനുഭവം ബൈബിളില്‍ വിവരിക്കുന്നതുപോലെയായിരുന്നു മൈക്കിളും ജീവിതത്തില്‍ നേരിട്ടത്. 40 സെക്കന്‍ഡ് തിമിംഗലത്തിന്റെ അന്നനാളത്തിനുള്ളില്‍ കുടുങ്ങിയ മൈക്കിള്‍ പാക്കാര്‍ഡിന്റെ അത്ഭുതകരമായ തിരിച്ചുവരവ് ലോകമാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. യോനായെന്നാണ് മാധ്യമങ്ങള്‍ മൈക്കിളിനെ വിശേഷിപ്പിച്ചത്.
അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ കേപ് കോഡില്‍ ഹെറിംഗ് കോവ് ബീച്ചിലാണു സംഭവം. കഴിഞ്ഞ ദിവസം രാവിലെ പതിവു പോലെ തന്റെ ബോട്ടില്‍ കടലില്‍ പോയതായിരുന്നു മുങ്ങല്‍ വിദഗ്ധനായ മൈക്കിള്‍. ചൈമ്മീന്‍ ഇനത്തില്‍പെട്ട വലിയ മത്സ്യത്തെ കടലില്‍നിന്നു പിടിച്ച് വില്‍ക്കുന്നതാണ് മൈക്കിളിന്റെ തൊഴില്‍. കടലിന്റെ ഉപരിതലത്തില്‍നിന്നു 10.6 മീറ്റര്‍ താഴെയായി വലിയ ചെമ്മീനുകളെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു 56 കാരനായ മൈക്കിള്‍. അപ്രതീക്ഷിതമായാണ് ഒരു കൂറ്റന്‍ തിമിംഗലത്തിന്റെ ആക്രമണമുണ്ടായത്. പൊടുന്നനെ തിമിംഗലം തന്നെ വിഴുങ്ങാന്‍ ശ്രമിക്കുന്നത് മൈക്കിള്‍ തിരിച്ചറിഞ്ഞു. ഇരുട്ടു മൂടിയ ഗുഹയിലേക്കു നീങ്ങുന്നതു പോലെ അനുഭവപ്പെട്ടതായി മൈക്കിള്‍ പറയുന്നു. ആ ഇരുട്ടില്‍ മരണത്തിന്റെ തണുപ്പ് അറിഞ്ഞു. തിമിംഗലത്തിന്റെ പേശികള്‍ ചുരുങ്ങി തന്റെ ശരീരം ഞെരിഞ്ഞമരുന്നത് മൈക്കിള്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍ പല്ലുകള്‍ അമരുന്നതിന്റെ വേദന അനുഭവപ്പെട്ടില്ല.
ആശുപത്രിക്കിടക്കയില്‍ മൈക്കിള്‍.
'ദൈവത്തെ വിളിച്ച നിമിഷമായിരുന്നു അത്. മരിക്കാന്‍ പോവുകയാണെന്ന് മനസിലായി. തിമിംഗലത്തിന്റെ വായ്ക്കുള്ളില്‍ പൂര്‍ണമായും അകപ്പെട്ട താന്‍ ഭാര്യയെയും മക്കളെക്കുറിച്ചും ചിന്തിച്ചു. പുറത്തുകടക്കാന്‍ യാതൊരു വഴിയുമില്ല. എങ്കിലും അതിനു പല്ലുകളില്ലെന്നു തോന്നിയതോടെ ശരീരം ഇളക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. ഇതോടെ അസ്വസ്ഥത അനുഭവപ്പെട്ട തിമിംഗലം 40 സെക്കന്‍ഡുകള്‍ക്കു ശേഷം മൈക്കിളിനെ തല കുടഞ്ഞ് കടലിലേക്കു ശക്തിയായി തുപ്പുകയായിരുന്നു.
തിമിംഗലം നീര്‍നായയെ വിഴുങ്ങുന്ന ചിത്രം
'പെട്ടെന്ന് ഞാന്‍ വെളിച്ചം കണ്ടു. തിമിംഗലം ശക്തിയായി തല വശത്തേക്കു കുടയുന്നുണ്ടായിരുന്നു. പുറത്തെത്തിയതായി ഞാന്‍ മനസിലാക്കി-മൈക്കിള്‍ പറഞ്ഞു. സമീപത്ത് ബോട്ടിലുണ്ടായിരുന്നവരാണ് മൈക്കിളിനെ വെള്ളത്തില്‍നിന്നു രക്ഷപ്പെടുത്തിയത്. കാലിനു ചെറിയ പരുക്കേറ്റ മൈക്കിളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിശ്വനീയമായ ഈ രക്ഷപെടലിന്റെ അമ്പരപ്പ് ഇപ്പോഴും മൈക്കിളിനെ വിട്ടുമാറിയിട്ടില്ല.
മനുഷ്യനെ തിമിംഗലങ്ങള്‍ ആക്രമിക്കുന്നത് അപൂര്‍വമാണെന്ന് പ്രോവിന്‍ടൗണിലെ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ സ്റ്റഡീസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ചാള്‍സ് സ്റ്റോമി പറഞ്ഞു. ഒരുപക്ഷേ ചെറിയ തിമിംഗലം ആയിരിക്കാം. ആകസ്മികമായി മൈക്കളിനെ വിഴുങ്ങിയതാവാനാണു സാധ്യത. ചെറിയ മത്സ്യങ്ങളെ അകത്താക്കാന്‍ വായ തുറന്നിരിക്കുമ്പോള്‍ മൈക്കിള്‍ അകപ്പെടുകയായിരുന്നു-ചാള്‍സ് സ്റ്റോമി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.