ഗബ്രിയെലെ ഫല്ലോപ്പിയോ: ശരീരത്തെയും ആത്മാവിനെയും ഉപാസിച്ച വൈദികന്‍

ഗബ്രിയെലെ ഫല്ലോപ്പിയോ: ശരീരത്തെയും ആത്മാവിനെയും ഉപാസിച്ച വൈദികന്‍

ശാസ്ത്ര വളര്‍ച്ചയില്‍ സഭാ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം.

ബ്രിയെലെ ഫല്ലോപ്പിയോ എന്ന പേര് ശാസ്ത്രം പഠിക്കുന്നവരുടെ ഇടയില്‍പ്പോലും ഒരുപക്ഷേ അപരിചിതമായിരിക്കാം. എന്നാല്‍ വൈദ്യശാസ്ത്രത്തിന്റെയും ശരീര ശാസ്ത്രത്തിന്റെയും ചരിത്രത്തില്‍ ഒഴിച്ചു നിര്‍ത്താനാവാത്ത ഒരു പേരാണ് അദ്ദേഹത്തിന്റേത്.

ഗബ്രിയെലെയുടെ ജീവിത കാലഘട്ടം നാലു നൂറ്റാണ്ടുകള്‍ക്കു പിന്നിലാണെങ്കിലും ഇന്നും നിലനില്‍ക്കുന്ന സംഭവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് വിലയിരുത്തപ്പെടുന്നത് ശാസ്ത്രപഠനം ബഹുഭൂരിപക്ഷത്തിനും ഒരു വിദൂര സാധ്യതയായിരുന്ന കാലത്ത് ഒരു വൈദികന്‍ ശാസ്ത്രത്തിനു ചെയ്ത വലിയ സംഭാവനകളായാണ്.

ഇറ്റലിയിലേ മോദേന എന്ന സ്ഥലത്ത് 1523 ലാണ് ഫല്ലോപ്പിയോ ജനിച്ചത്. അദ്ദേഹം ഒരു ഉന്നത കുലജാതനായിരുന്നു. വൈദ്യശാസ്ത്ര പഠനത്തിനു ശേഷം അനാട്ടമി അധ്യാപകനായി ജോലി ചെയ്തു. 1548 മുതല്‍ പിസയിലെ യൂണിവേഴ്‌സിറ്റിയിലും 1551 മുതല്‍ പാദുവായിലെ യൂണിവേഴ്‌സിറ്റിയിലും പഠിപ്പിച്ചു. മരണം വരെയും അദ്ദേഹം പാദുവായിലെ അധ്യാപകനായി തുടര്‍ന്നു.

ഫല്ലോപ്പിയോ തന്റെ പ്രശസ്തമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതും പുസ്തകങ്ങള്‍ രചിക്കുന്നതുമെല്ലാം ഈ പട്ടണത്തിലാണ്. അനാട്ടമിയുടെ പിതാവായ വെഴ്‌സലിയൂസ് എന്ന പ്രശസ്തനായ ഭിഷഗ്വരന്റെ പിന്‍ഗാമിയായാണ് അദ്ദേഹം അവിടെ സേവനം ചെയ്തത്. പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമുള്ള ഫല്ലോപ്പിയോയുടെ അനിതര സാധാരണമായ കഴിവ് ആദ്യകാലം മുതലേ മറ്റുള്ളവര്‍ ശ്രദ്ധിച്ചിരുന്നു.

തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹം സഭയില്‍ ഒരു വൈദികനായി പരിശീലനം നടത്തി പട്ടമേറ്റു. 1542 മുതല്‍ മോദേനയിലെ കത്തീഡ്രല്‍ ദൈവാലയത്തില്‍ ശുശ്രൂഷ ചെയ്തു. 1562 ഒക്ടോബര്‍ ഒമ്പതിനാണ് അദ്ദേഹം ട്യൂബെര്‍ക്കുലോസിസ് ബാധിച്ച് മരിക്കുന്നത്.

മരണ ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ആദ്യം പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ ദേവാലയത്തില്‍ സൂക്ഷിക്കപ്പെട്ടു. പിന്നീട് പള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന കാലത്ത് ഭൗതികാവശിഷ്ടങ്ങള്‍ ഈ ദേവാലയത്തിനു സമീപമുള്ള സന്യാസ ആശ്രമത്തിലേക്ക് മാറ്റി. ഇന്നും അദ്ദേഹം അവിടെ അന്ത്യവിശ്രമം കൊള്ളുന്നു.

ഫല്ലോപ്പിയോയുടെ പേരിലാണ് സ്ത്രീ ശരീരത്തിലെ ഫലോപ്പിയന്‍ ട്യൂബ് എന്ന അവയവം നാമകരണം ചെയ്തിരിക്കുന്നത്. ഫല്ലോപ്പിയോയ്ക്ക് മുമ്പും ചിലരെങ്കിലും ഈ അവയവത്തെക്കുറിച്ചു സംസാരിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനവും ധര്‍മ്മവും ആദ്യം തിരിച്ചറിഞ്ഞതും രേഖപ്പെടുത്തിയതും ഫല്ലോപ്പിയോയാണ്.

ഫല്ലോപ്പിയോയുടെ Gabrielis Fallopii medici mutinensis observationes anatomicae (Anatomical Observations of the Modena Physician Gabriele Fallopio) എന്ന പുസ്തകത്തിലാണ് ആദ്യമായി ഈ ഫല്ലോപ്പിയന്‍ ട്യൂബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

പുരുഷ-സ്ത്രീ പ്രത്യുല്പാദന സംവിധാനങ്ങള്‍ ഒന്നുപോലെയാണെന്നു കരുതിയിരുന്ന പഴയ കാലങ്ങളില്‍ പുരുഷബീജം vas defererns-ല്‍ എത്തിക്കുന്ന കുഴല്‍ പോലെ (epididymis) സ്ത്രീ ശരീരത്തില്‍ പ്രവേശിക്കുന്ന ബീജത്തെ ഗര്‍ഭപാത്രത്തിലെത്തിക്കുന്ന കുഴലാണ് ഈ അവയവമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഈ തെറ്റിദ്ധാരണയെ ഫല്ലോപ്പിയോ തിരുത്തി. സ്ത്രീകള്‍ക്ക് epididymis ഇല്ലെന്നും ഫല്ലോപ്പിയന്‍ ട്യൂബ് ഗര്‍ഭപാത്രത്തെ അണ്ഡാശയവുമായി ബന്ധിപ്പിക്കുന്ന കുഴലാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

Fallopian hiatus, fallopian canal, fallopian muscle, fallopian valve എന്നിങ്ങനെ ശരീരത്തിന്റെ പല ഭാഗത്തുള്ള അവയവങ്ങള്‍ ഫല്ലോപ്പിയോയുടെ പേരിലാണ് അറിയപ്പെടുന്നത് എന്നത് അനാട്ടമിയില്‍ അദ്ദേഹത്തിനുള്ള പ്രാമുഖ്യം വ്യക്തമാക്കുന്നു. fallopian canal ചെവിയുടെ പ്രവര്‍ത്തനത്തെ വ്യക്തമായി മനസിലാക്കാന്‍ ഏറെ സഹായിക്കുന്നതാണ്. Sphenoid, temporal എല്ലുകളെപ്പറ്റി ആദ്യമായി പഠനങ്ങള്‍ നടത്തിയത് ഫല്ലോപ്പിയോയാണ്.

Placenta, vagina, cricoid, tympanum എന്നീ പദങ്ങള്‍ വൈദ്യശാസ്ത്ര ലോകത്തേക്ക് കൊണ്ടു വന്നതും അവയെപ്പറ്റി ആഴത്തില്‍ പഠനങ്ങള്‍ നടത്തിയതും അദ്ദേഹം തന്നെയാണ്. കാരറ്റോയ്ഡ്, വെര്‍ട്ടിബ്രല്‍ ആര്‍ട്ടറികളിലെ രക്ത ചംക്രമണത്തെപ്പറ്റി ആദ്യമായി സംസാരിക്കുന്നത് ഫല്ലോപ്പിയോയാണ്. പല്ലുകളുടെ വളര്‍ച്ചയെപ്പറ്റിയും അദ്ദേഹം ശാസ്ത്രീയ പഠനങ്ങള്‍ നടത്തി. ഭ്രൂണാവസ്ഥ മുതല്‍ പ്രായപൂര്‍ത്തിയായവരുടെ വരെയുള്ള ശരീരങ്ങളെപ്പറ്റി വിശദമായി പഠിക്കുകയും കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തു.

ഒരു ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഒരു വൈദ്യനെന്ന നിലയില്‍ സിഫിലിസ്, ഗല്ലിക്കന്‍ ജ്വരം എന്ന ഫ്രഞ്ച് അസുഖം എന്നിവക്കെതിരെ ശക്തമായി പോരാടുകയും അക്കാലത്ത് പ്രധാന രോഗങ്ങളായിരുന്ന ഇവയെ സുഖപ്പെടുത്തുന്ന ചികിത്സാവിധികളെക്കുറിച്ച് പുസ്തകം രചിക്കുകയും ചെയ്തു. സിഫിലിസിനു അന്ന് നിലവിലുണ്ടായിരുന്നത് മെര്‍ക്കുറി ഉപയോഗിച്ചുള്ള ചികിത്സയായിരുന്നു.

മെര്‍ക്കുറിയുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കിയുള്ള ചികിത്സാ രീതിക്ക് തുടക്കമിട്ടത് ഫല്ലോപ്പിയോയാണ്. ജീവശാസ്ത്രത്തിലും അതീവ താത്പര്യമുണ്ടായിരുന്ന അദ്ദേഹം പാദുവായിലെ യൂണിവേഴ്‌സിറ്റിയിലെ hortus botanicus (ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍) വളര്‍ത്തുന്നതില്‍ വലിയപങ്ക് വഹിച്ചു. ഇക്കാരണത്താല്‍ ഒരു ജീവശാസ്ത്ര ജനുസിന് ഫലോപ്പിയ എന്ന പേരു നല്‍കിയിട്ടുണ്ട്.

നമ്മുടെ തലമുറയില്‍ പലര്‍ക്കും ഇങ്ങനെ ഒരാളെ അറിയുക പോലുമില്ലെങ്കിലും ഫല്ലോപ്പിയോയുടെ ജീവിതത്തിന്റെ ഒരു രേഖാചിത്ര പരിശോധന അദ്ദേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കും. ആധുനിക അനാട്ടമിക്കും വൈദ്യശാസ്ത്ര വിജ്ഞാനത്തിനും തുടക്കമിടുന്നതില്‍ ഫല്ലോപ്പിയോ വഹിച്ച പങ്ക് വലുതാണ്.

പുരോഹിതര്‍ ആത്മാക്കളുടെ മാത്രം രക്ഷ ശ്രദ്ധിക്കുന്നവരല്ല, മറിച്ച് വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യം വെക്കുന്നവരാണെന്ന് ഫല്ലോപ്പിയോ നമ്മെ ഓര്‍മിപ്പിക്കുന്നു. ആത്മാവിന്റെയും ശരീരത്തിന്റെയും പാലനത്തിലും ശുശ്രൂഷയിലും ശ്രദ്ധ ചെലുത്തിയ ഫല്ലോപ്പിയോ അനാട്ടമിയില്‍ മധ്യ കാലഘട്ടത്തില്‍ സഭ നല്‍കിയ വലിയ സംഭാവനകളുടെ ഒരു എളിയ ഉദാഹരണമാണ്.


(അടുത്ത ലക്കത്തില്‍ ജ്യുസെപ്പെ പിയാസ്സി)





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.