കുറ്റം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതിന്റെ പേരില്‍ ശിക്ഷിക്കരുത്: ഹൈക്കോടതി

കുറ്റം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതിന്റെ പേരില്‍ ശിക്ഷിക്കരുത്: ഹൈക്കോടതി

കൊച്ചി: കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് 'ഉണ്ട്' എന്ന് ഉത്തരം പറഞ്ഞതിന്റെ പേരിൽ മാത്രം ഒരാളെ ശിക്ഷിക്കരുതെന്ന് ഹൈക്കോടതി. അതിനുമുമ്പ് സ്വീകരിക്കേണ്ട നടപടികൾ കർശനമായി പാലിക്കണം.

മലപ്പുറം ആനക്കയം സ്വദേശി റസീൻ ബാബുവിന് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഈ ഉത്തരവ്.

2014-ൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് റസീൻ ബാബുവിനെ ശിക്ഷിച്ചത്. കോടതിയിൽ കുറ്റസമ്മതം നടത്തിയതിനെത്തുടർന്ന് പിഴയടയ്ക്കാൻ ശിക്ഷിച്ചു. ഇതിനെതിരേയായിരുന്നു ഹർജി. തെറ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് ഉത്തരം നൽകിയത് മാത്രം കണക്കിലെടുത്ത് ശിക്ഷിച്ചത് തെറ്റായ നടപടിയാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

കുറ്റം സമ്മതിച്ചതിന്റെ പരിണതഫലം എന്താണെന്ന് അറിയില്ലായിരുന്നെന്നും കോടതി ശിക്ഷിച്ചതിന്റെ പേരിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും കോൺസ്റ്റബിൾ (ടെലി കമ്യൂണിക്കേഷൻ) ആയി നിയമനം നിഷേധിക്കപ്പെട്ടുവെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.

കേസ് 2017 മാർച്ച് ഒമ്പതിന് വിചാരണക്കോടതിയുടെ പരിഗണനയ്ക്കുവന്നപ്പോൾ തെറ്റുചെയ്തിട്ടില്ലെന്നാണ് പ്രതി പറഞ്ഞതെന്ന് രേഖകളിൽനിന്ന് വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി. 2018 ഏപ്രിൽ 24-നാണ് കേസ് വീണ്ടും വിചാരണക്കോടതിയുടെ പരിഗണനയ്ക്കുവരുന്നത്. അപ്പോഴും തെറ്റുചെയ്തിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഇത്തവണ ഉണ്ടെന്നായിരുന്നു പ്രതിയുടെ ഉത്തരം. ഇതിന്റെയടിസ്ഥാനത്തിൽ തന്നെ ശിക്ഷിച്ചെന്നാണ് ഹർജിക്കാരൻ ബോധിപ്പിച്ചത്.

കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് പറഞ്ഞതുകൊണ്ടുമാത്രം നടപടിക്രമങ്ങൾ പാലിക്കപ്പെട്ടതായി കണക്കാക്കാനാകിലെന്നു പറഞ്ഞ ഹൈക്കോടതി. കുറ്റസമ്മതം സ്വീകരിച്ചാൽ മാത്രമേ പ്രതിയെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കാവൂ എന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേസ് പുനർവിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതിയിലേക്ക് മടക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.