രാജസ്ഥാനില്‍ വീണ്ടും സച്ചിന്‍ പൈലറ്റിന്റെ 'ക്രാഷ് ലാന്‍ഡിംഗ്': കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കി ഫോണ്‍ ചോര്‍ത്തല്‍ വിവാദം

 രാജസ്ഥാനില്‍ വീണ്ടും സച്ചിന്‍ പൈലറ്റിന്റെ 'ക്രാഷ് ലാന്‍ഡിംഗ്':  കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കി ഫോണ്‍ ചോര്‍ത്തല്‍ വിവാദം

ജയ്പൂര്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചൂടുപിടിച്ചതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്ങ്ങള്‍ അതിരൂക്ഷമാകുന്നു. എംഎല്‍എമാര്‍ നിരീക്ഷക്കപ്പെടുന്നുണ്ടെന്നും ഫോണ്‍ ചോര്‍ത്തുന്നുവെന്നുമാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഉയര്‍ത്തുന്ന പുതിയ ആരോപണം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പ്രതികരണം.

'എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതായി ചില എംഎല്‍എമാര്‍ എന്നോട് പറഞ്ഞു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ടോയെന്ന് അറിയില്ല. നിയമസഭാംഗങ്ങളെ കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പല ഉദ്യോഗസ്ഥരും അവരോട് പറഞ്ഞു'- സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനും എംഎല്‍എയുമായ വേദ് പ്രകാശ് സോളങ്കി പറഞ്ഞു.

രാജസ്ഥാനില്‍ അഴിയാക്കുരുക്കായി തുടരുന്ന സച്ചിന്‍ പൈലറ്റ് അശോക് ഗെലോട്ട് പ്രശ്നം ഹൈക്കമാന്‍ഡിനും തലവേദനയാവുകയാണ്. പ്രശ്ങ്ങളില്‍ ഹൈക്കമാന്‍ഡ് ഇനിയും അനുഭാവപൂര്‍വ്വം ഇടപെടാത്തതില്‍ സച്ചിന്‍ പൈലറ്റിന് കടുത്ത അതൃപ്തിയുണ്ട്. ഡല്‍ഹിയില്‍ തുടരുന്ന സച്ചിനെ മയപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് പരമാവധി ശ്രമിക്കുന്നതായാണ് വിവരം. പ്രശ്ന പരിഹാരത്തിന് മൂന്നംഗ സമിതിയെ ദേശീയ നേതൃത്വം നിയോഗിച്ചെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

അതേസമയം, സച്ചിന്‍ ക്യാമ്പിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ബിജെപിയും ഏറ്റെടുത്തു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് തെളിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.