സിഡ്‌നിയില്‍ ശ്മശാനങ്ങളുടെ നടത്തിപ്പ് വിശ്വാസികളിൽ നിന്ന് പൂർണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം: പ്രതിഷേധവുമായി കത്തോലിക്ക സഭ

സിഡ്‌നിയില്‍ ശ്മശാനങ്ങളുടെ നടത്തിപ്പ് വിശ്വാസികളിൽ നിന്ന് പൂർണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം: പ്രതിഷേധവുമായി കത്തോലിക്ക സഭ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ശ്മശാനങ്ങളുടെ നടത്തിപ്പ് ചുമതലയില്‍നിന്ന് മതവിഭാഗങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരേ വന്‍ പ്രതിഷേധം. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി കത്തോലിക്ക സഭ ഉള്‍പ്പടെ വിവിധ മതവിഭാഗങ്ങള്‍ പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അപ്പാടെ ഇല്ലാതാക്കുന്നതാണു ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ തീരുമാനം. വിശ്വാസ സമൂഹത്തില്‍നിന്നുള്ള ഏതിര്‍പ്പ് ശക്തമായതോടെ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

കാത്തലിക് മെട്രോപൊളിറ്റന്‍ സെമിത്തേരി ട്രസ്റ്റിനാണ് 150 വര്‍ഷത്തിലേറെയായി സിഡ്‌നിയിലെ നാലു കത്തോലിക്ക ശ്മശാനങ്ങളുടെ നടത്തിപ്പ് ചുമതല. റൂക്ക് വുഡ്, ലിവര്‍ പൂള്‍, കെംപസ് ക്രീക്ക്, നോര്‍ത്ത് റോക്ക് എന്നിവിടങ്ങളിലെ ശ്മശാനങ്ങളാണ് ട്രസ്റ്റിനു കീഴിലുള്ളത്. ട്രസ്റ്റ് പിരിച്ചുവിട്ട് ശ്മശാനങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കത്തോലിക്ക വിശ്വാസികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

കത്തോലിക്കര്‍ മാത്രമല്ല, ഇസ്ലാം, ജൂത സമൂഹങ്ങളും മരിച്ചവരെ അടക്കം ചെയ്യാനും അവരുടെ കുഴിമാടം മാന്യമായി പരിപാലിക്കാനും കത്തോലിക്കാ മെട്രോപൊളിറ്റന്‍ സെമിത്തേരി ട്രസ്റ്റിനെ ആശ്രയിക്കുന്നുണ്ട്. ലാഭേച്ഛയില്ലാതെയുള്ള ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തെ ഏറെ മതിപ്പോടെയാണ് സിഡ്‌നിയിലെ ജനങ്ങള്‍ നോക്കിക്കാണുന്നത്.

150 വര്‍ഷത്തിലേറെയായി, ഓസ്ട്രേലിയന്‍ സമൂഹം ഏറ്റവും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്ന പ്രവര്‍ത്തനമാണ് കാത്തലിക് മെട്രോപൊളിറ്റന്‍ സെമിത്തേരി ട്രസ്റ്റ് കാഴ്ച്ചവെയ്ക്കുന്നത്.

എന്നാല്‍, സിഡ്‌നിയില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഈ ശ്മശാനങ്ങള്‍ മതിയാകില്ലെന്നും പുതിയ ഭൂമിക്കായി 300 ദശലക്ഷം ഡോളറിലധികം കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള വിലയിരുത്തലിനെതുടര്‍ന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്.

സ്ഥലപരിമതിയുടെ പേരു പറഞ്ഞ് ഇനിമുതല്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യാതെ ദഹിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് കത്തോലിക്ക വിശ്വാസങ്ങള്‍ക്ക് എതിരാണ്. ഈ നീക്കത്തോടു യോജിക്കാന്‍ വിശ്വാസികള്‍ക്കു കഴിഞ്ഞിട്ടില്ല. സ്ഥലം ലാഭിക്കുന്നതിനായി നിലവിലുള്ള കുഴിമാടങ്ങള്‍ വീണ്ടും ഉപയോഗിക്കാനോ നീക്കം ചെയ്യാനോ പോലും സാധ്യതയുണ്ട്.
ഇതുകൂടാതെ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള ചെലവ് മൂന്നു മടങ്ങ് വര്‍ധിച്ച് 9000 ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെയാകാനും ഈ നടപടി കാരണമാകുമെന്ന ആശങ്ക വിശ്വാസികള്‍ക്കിടയിലുണ്ട്.


സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷർ

ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ചുമതലകളില്‍നിന്ന് മതസംഘടനകളെ ഒഴിവാക്കാനുള്ള നീക്കത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷറും സര്‍ക്കാര്‍ തീരുമാനത്തോടു കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു.

കത്തോലിക്ക വിശ്വാസികള്‍ക്കിടയിലും ഇതര മതസ്ഥര്‍ക്കിടയിലും തലമുറകളായി ഏറെ വിശ്വാസ്യതയുുള്ള ട്രസ്റ്റിനെ പിരിച്ചുവിടാനുള്ള നീക്കം ദൗര്‍ഭാഗ്യകരമാണ്. മൃതദേഹത്തെ ഏറെ ആദരവോടെ യാത്രയാക്കുന്ന പാരമ്പര്യമാണ് കത്തോലിക്ക സഭയുടേത്. നിരവധി ആളുകള്‍ ഇതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവയ്ക്കാനായി തന്നെ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. ഇത് വളരെ വൈകാരികവും ആത്മീയവുമായ കാര്യങ്ങളാണ്. സെമിത്തേരി നടത്തിപ്പില്‍നിന്ന് വിശ്വാസികളെ ഒഴിവാക്കുന്നത് ശരിയായ നടപടിയല്ലെന്നു ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ പറഞ്ഞു.

ശ്മശാനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ മൃതദേഹങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരം ലഭിക്കില്ലെന്നു കാത്തലിക് മെട്രോപൊളിറ്റന്‍ സെമിത്തേരി ട്രസ്റ്റ് ഗവര്‍ണര്‍ ഡാനി കേസി പറഞ്ഞു. സെമിത്തേരിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പരിചയമില്ലാത്തവര്‍ ചുമതല ഏല്‍ക്കുമ്പോള്‍ മരിച്ചവരോടോ മൃതദേഹങ്ങളോടോ യാതൊരു അനുഭാവവും ഉണ്ടാകില്ല. ഇതൊരു ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നെന്നു ഡാനി കേസി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ തീരുമാനത്തില്‍ നിരാശരാണെങ്കിലും മന്ത്രി മെലിന്‍ഡ പേവിയുമായുള്ള
ചര്‍ച്ചയ്ക്കുശേഷം വിവേകപൂര്‍ണ്ണമായ ഒരു നിഗമനത്തിലെത്തിച്ചേരാന്‍ സര്‍ക്കാരിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ എല്ലാ എംപിമാര്‍ക്കും കത്ത് നല്‍കി. നിവേദനത്തില്‍ 16000-ല്‍ അധികം പേരാണ് ഇതിനകം ഒപ്പിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.