ഫ്ലോറിഡ: അമേരിക്ക ഒരു സ്വപ്ന ഭൂമിയാണ് . ആ ഭൂമിയിൽ എത്തിപ്പെടുക എന്നുള്ളത് പലരുടെയും ആഗ്രഹവും. എങ്ങിനെയെങ്കിലും എത്തിപ്പെട്ടാലോ വന്ന വഴി മറക്കുന്നവർ ഏറെയാണ് താനും. എന്നാൽ തങ്ങൾ താണ്ടിയ കല്ലും മുള്ളും നിറഞ്ഞ വഴിയിൽ അനുഭവിച്ച വേദനകൾ മറക്കാതെ, ആ പാതയിൽ പിന്നാലെ വരുന്നവർക്ക് ഒരു കൈത്താങ്ങാകുന്നവരുമുണ്ട്. തങ്ങളുടെ സമ്പന്നതയിൽ നിന്നും ഒരു ഭാഗം ആവശ്യക്കാർക്ക് കൊടുത്ത് സഹായിക്കുന്നവരെയും നമുക്കറിയാം. എന്നാൽ വ്യത്യസ്തമായ രീതിയിൽ താൻ ജനിച്ചു വളർന്ന നാടിന് സഹായഹസ്തം നീട്ടിയ ഒരാളുണ്ട് അമേരിക്കയിലെ ഫ്ലോറിഡ എന്ന സംസ്ഥാനത്ത്. വളരെ അപകടം പിടിച്ച ഒരു സാഹസിക പ്രവൃത്തിയിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് എഞ്ചിനീയറായ ഈ വൈമാനികൻ. സ്വന്തമായി 'ഏവിയേഷൻ അക്കാഡമി ' നടത്തുന്ന ഇദ്ദേഹം ഒറ്റ എഞ്ചിനിൽ പ്രവർത്തിക്കുന്ന രണ്ടു പേർക്ക് യാത്ര ചെയ്യാവുന്ന ഒരു വിമാനം അമേരിക്കയിലെ 48 സംസ്ഥാനങ്ങൽക്ക് മുകളിൽക്കൂടി പറപ്പിച്ചാണ് മുങ്ങിത്താഴുന്ന തന്റെ രാജ്യത്തിന് സഹായ ഹസ്തമെത്തിക്കാൻ ലോകരാജ്യങ്ങൾക്ക് പ്രചോദനം നൽകിയത് . മലയാളിയായ, ക്യാപ്റ്റൻ വിബിൻ വിൻസെന്റ് ആണ് മഹാമാരിയിൽ മുങ്ങിത്താഴുന്ന തന്റെ രാജ്യത്തിന് മുകളിൽ കരുണയുടെ ചിറക് വിരിച്ചത്. കേരളത്തിൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ എത്തിയ ഈ മലയാളി യുവാവ് വളരെ പ്രശംസനീയമായ ഒരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരി തളർത്തിയ ഇന്ത്യ മഹാരാജ്യത്തിന്റെ അവസ്ഥ കണ്ട് കയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റില്ല എന്ന് തീരുമാനിച്ച ക്യാപ്റ്റൻ സഹായാഭ്യർത്ഥനയുമായി പലരെയും സമീപിച്ചു. ദുരിതാശ്വാസത്തിന് കൊടുക്കുന്ന പണം എത്തേണ്ടിടത് എത്തുമോ എന്ന്, പണം കൊടുക്കുന്ന ഓരോ വ്യക്തിയും ആശങ്കപ്പെടാറുണ്ട്. ആ ആശങ്ക, സഹായിക്കാൻ മനസ്സുള്ളവരെ തടുക്കുന്നു എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ മറ്റൊരു വഴി തേടുകയായിരുന്നു. മലയാളി സംഘടനകളുടെയും മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെയും പിന്തുണയോടുകൂടി ഒരു 'ക്യാമ്പയിൻ ' ആരംഭിച്ചു, ‘വിംഗ്സ് ഫോർ ഇന്ത്യ ' എന്ന പേരിൽ. ചിറക് തളർന്ന ഇന്ത്യയുടെ ചിറകിന് ശക്തി കൊടുക്കാനായി, എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുക, ബോധ വത്ക്കരണം നടത്തുക തുടങ്ങിയ ഉദ്ദേശത്തോടുകൂടി അമേരിക്കയിലുടനീളം 'പറക്കാൻ 'തീരുമാനിച്ചു. കൂടുതൽ സുരക്ഷിതമായ വിമാനം തെരഞ്ഞെടുക്കാമായിരുന്നുവെങ്കിലും അപകടം പിടിച്ച ഒറ്റ എൻജിനുള്ള വിമാനം തന്നെ തെരഞ്ഞെടുത്തു. അമേരിക്കയിലെ രണ്ട് സംസ്ഥാനങ്ങൾ ഒഴിച്ച്, നാല്പത്തിയെട്ട് സംസ്ഥാനങ്ങൾക്ക് മുകളിൽക്കൂടി പറന്നു. രണ്ടു മണിക്കൂറിൽകൂടുതൽ പറക്കാൻ കെൽപ്പില്ലാത്ത ആ കുഞ്ഞിവിമാനം, ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും നിർത്തി ഇന്ധനം നിറച്ച്, ഇരുപത് ദിവസം കൊണ്ടാണ് പറക്കൽ പ്രക്രിയ പൂർത്തിയാക്കിയത്.
മെയ് 15ന് ആരംഭിച്ച് ജൂൺ അഞ്ചിന് അവസാനിച്ച ക്യാമ്പയിൻ പൊതുജനങ്ങളിൽ വളരെ സ്വാധീനം ചെലുത്തി എന്ന് ക്യാപ്റ്റൻ പറഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും സംഭാവനകൾ ഒഴുകി എത്തി. റെഡ്ക്രോസ് പോലെയുള്ള സംഘടനകൾ വഴിയായിരുന്നു സംഭാവനകളുടെ കൈമാറ്റം നടന്നത്. അപകടം പിടിച്ച ഒറ്റ എഞ്ചിൻ വിമാനം തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ള ഉദ്ദേശ്യവും ഇത് തന്നെയായിയുന്നു. ലോകത്തിന്റെ അംഗീകാരവും ശ്രദ്ധയും പിടിച്ച് പറ്റുക, ഒപ്പം അതിലൂടെ മാതൃരാജ്യത്തിന് സഹായമെത്തിക്കുക. 12500 അടിയിൽക്കൂടുതൽ ഉയരത്തിൽ പറക്കാൻ ഓക്സിജൻ ആവശ്യമാണ് . ഈ വിമാനത്തിൽ ഓക്സിജനോ എയർകണ്ടീഷനോ ഇല്ല. നിസാരമായി കാര്യങ്ങൾ ചെയ്തു എന്ന് തോന്നാൻ പാടില്ല. വെല്ലുവിളികളെ തരണം ചെയ്ത് കൈവരിക്കുന്ന നേട്ടം ആദരിക്കപ്പെടും. അല്പം ബുദ്ധിമുട്ടിയാലെ പ്രയോജനം ഉള്ളു എന്ന് ക്യാപ്റ്റൻ പറയുന്നു. ആദ്യമായാണ് ഒരാൾ,ഒറ്റ എഞ്ചിൻ വിമാനത്തിൽ അമേരിക്കയിലുടനീളം ആകാശസഞ്ചാരം നടത്തിയത്.
കേരളത്തിലെ, കൊച്ചി വൈപ്പിൻ സ്വദേശിയായ ക്യാപ്റ്റൻ വിബിന്റെ മാതാപിതാക്കളും സഹോദരങ്ങളും കൊച്ചിയിലാണ്. എൻജിനീയറായ ഭാര്യയും രണ്ടുവയസ്സുള്ള മകളുമായി വിബിൻ ഫ്ലോറിഡയിലെ മയാമിക്കടുത്തു താമസിക്കുന്നു. തന്റെ പ്രവർത്തനങ്ങൾക്കൊക്കെ ഭാര്യയുടെ പൂർണ്ണ പിന്തുണ ഉണ്ടെന്ന് ക്യാപ്റ്റൻ. സ്വന്തമായി ഏവിയേഷൻ അക്കാഡമി നടത്തുന്ന ക്യാപ്റ്റന് പതിനൊന്ന് വിമാനങ്ങൾ സ്വന്തമായി ഉണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ അധികം ഇല്ലെന്ന് ക്യാപ്റ്റൻ പറയുന്നു. ഇരുപത് വയസ്സുകാർക്കും അറുപത് വസ്സുകാർക്കും പൈലറ്റാകാൻ സാധിക്കുമെന്നും ക്യാപ്റ്റൻ. പലരും, പ്രത്യേകിച്ച് മലയാളികൾ കടന്നുവരാൻ മടിക്കുന്ന ഒരു മേഖലയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലരും ഇവിടെ വന്ന് പഠനം പൂർത്തിയാക്കി, ലോകത്തിന്റെ പലഭാഗത്തും പൈലറ്റയി ജോലി നോക്കുന്നു.
ക്യാപ്റ്റൻ വിബിൻ സിന്യൂസിന് നൽകിയ അഭിമുഖം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമേരിക്കയിൽ സാഹസികമായി വിമാനം പറത്തി ഇന്ത്യയുടെ കോവിഡ് പോരാളി
സിസിലി ജോൺ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.