വാര്‍ത്താസമ്മേളനത്തിനിടെ കൊക്കക്കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കമ്പനിക്ക് നഷ്ടം 400 കോടി

 വാര്‍ത്താസമ്മേളനത്തിനിടെ കൊക്കക്കോള കുപ്പികള്‍ എടുത്തുമാറ്റി  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കമ്പനിക്ക് നഷ്ടം 400 കോടി

ബുദാപെസ്റ്റ്: പോര്‍ച്ചുഗല്‍ ടീം നായകന്‍ ക്രിസ്റ്റ്യാനോയും മാനേജറും നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ കുടിക്കാന്‍ നല്‍കിയ കൊക്കക്കോള കുപ്പികള്‍ മേശപ്പുറത്തുനിന്ന് എടുത്ത് മാറ്റിയ സംഭവത്തെതുടര്‍ന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. കൊക്കക്കോള കുപ്പികള്‍ എടുത്തുമാറ്റി പകരം വെള്ളത്തിന്റെ കുപ്പി ഉയര്‍ത്തിക്കാട്ടുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തിങ്കളാഴ്ച്ച വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച്ച ഓഹരി വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ കൊണ്ട് കമ്പനിയുടെ ഓഹരിവില 1.6 ശതമാനമായി ഇടിഞ്ഞത്. അതായത് 242 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറിലേക്കാണ് കൊക്കോ കോളയുടെ ഓഹരിവില ഇടിഞ്ഞത്. ഏകദേശം 400 കോടി യുഎസ് ഡോളറിന്റെ നഷ്ടമാണ് ലോകം മുഴുവന്‍ ആരാധകരുള്ള താരത്തിന്റെ ചെറിയൊരു പ്രവര്‍ത്തി മൂലം ആഗോള കമ്പനിക്ക് ഉണ്ടായത്. യൂറോ കപ്പിന്റെ ഒഫീഷ്യല്‍ സ്പോണ്‍സറായ കൊക്കോക്കോളയ്ക്ക് വലിയ ക്ഷീണമാണ് ഈ സംഭവമുണ്ടാക്കിയത്.


യൂറോ കപ്പില്‍ ഹംഗറിക്കെതിരായ പോര്‍ച്ചുഗലിന്റെ മത്സരത്തിനു മുന്‍പായിരുന്നു ക്രിസ്റ്റ്യാനോയുടെ വാര്‍ത്താസമ്മേളനം. മേശപ്പുറത്തു വച്ചിരുന്ന കൊക്കോ കോളയുടെ രണ്ട് ബോട്ടിലുകളാണ് പോര്‍ച്ചുഗീസ് താരം മുന്നില്‍നിന്നു മാറ്റിവെച്ചത്. പിന്നീട് സമീപത്തിരുന്ന വെള്ളത്തിന്റെ കുപ്പി എടുത്ത ശേഷം ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ എന്ന് ഉറക്കെ പറയുകയും ചെയ്തു.

ആരോഗ്യകാര്യത്തിലും ഫിറ്റ്നെസ് നിലനിര്‍ത്തുന്നതിലും ഏറെ ശ്രദ്ധാലുവാണ് റൊണാള്‍ഡോ. ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ നേരത്തേയും ക്രിസ്റ്റ്യാനോ പ്രകടമാക്കിയിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക്സ് ഉള്‍പ്പടെ ആരോഗ്യത്തിനു ദോഷം ചെയ്യുന്ന ഒരുത്പന്നത്തെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രോത്സാഹിപ്പിക്കാറില്ല. ഇതിന്റെ പേരില്‍ മദ്യക്കമ്പനികളുടെ ഉള്‍പ്പടെ കോടികള്‍ ലഭിക്കുന്ന പരസ്യങ്ങള്‍ അദ്ദേഹം വേണ്ടെന്നു വച്ചിട്ടുണ്ട്. തന്റെ മകന്‍ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.