മോസ്‌കോ: തീ ആളിപ്പടരുന്ന കെട്ടിടത്തിലെ രക്ഷാപ്രവര്‍ത്തനം അതീവ സാഹസികമായ പ്രവര്‍ത്തിയാണ്. എന്നാല്‍ അതു ജീവന്‍ രക്ഷിക്കാനാകുമ്പോള്‍ വെറും സാഹസികതയെന്നല്ല മറിച്ച് ധീരതയെന്നു തന്നെ വിശേഷിപ്പിക്കണം. റഷ്യയില്‍ തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ മൂന്നു കുട്ടികളെ രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം ആരുടെയും ഹൃദയത്തില്‍തൊടും. ഒരു സംഘം ആളുകള്‍ തീ പിടിച്ച കെട്ടിടത്തിനു പുറത്തെ പൈപ്പില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് കുട്ടികളെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
റഷ്യന്‍ നഗരമായ കോസ്ട്രോമയിലാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീ ആളിപ്പടര്‍ന്നതോടെ ഇവിടെ കുടുങ്ങിയ കുട്ടികളെ താഴെ എത്തിക്കാന്‍ പൈപ്പിനു മുകളിലൂടെ വലിഞ്ഞുകയറിയാണ് നാട്ടുകാര്‍ മനുഷ്യ ചങ്ങല തീര്‍ത്തത്. മൂന്നു കുട്ടികളെയാണ് ഇങ്ങനെ കെട്ടിടത്തില്‍ നിന്ന് രക്ഷിച്ചതും താഴെ ഇറക്കിയതും.
തീ ആളിപ്പടര്‍ന്നതോടെ ജനലിനുള്ളിലൂടെ പുറത്തെത്തിച്ച കുട്ടിയെ പൈപ്പില്‍ തൂങ്ങിനിന്ന് ഒരാള്‍ തൊട്ട് താഴെയുള്ള മറ്റൊരാള്‍ക്ക് കൈമാറുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഈ സമയത്ത് തന്നെ മൂന്നാമതൊരാള്‍ പൈപ്പിലൂടെ കയറി കുട്ടിയെ വാങ്ങുകയും താഴെ നില്‍ക്കുന്ന സ്ത്രീക്ക് നല്‍കുകയും ചെയ്തു. ജനല്‍ വഴി ഇത്തരത്തില്‍ മൂന്ന് കുട്ടികളെയാണ് ഇവര്‍ രക്ഷിച്ചതെന്നാണ് ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളെ രക്ഷിക്കുന്ന സമയത്ത് വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടികളെ രക്ഷിച്ച് കഴിഞ്ഞപ്പോഴേക്കും അഗ്‌നിശമന സേന പ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെ തീ അണച്ചെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.