ലോക്ക് തുറന്ന് കേരളം: പൊതു നിരത്തുകള്‍ രാവിലെ മുതല്‍ സജീവം; നിരീഷണവുമായി പൊലീസ്

ലോക്ക് തുറന്ന് കേരളം: പൊതു നിരത്തുകള്‍ രാവിലെ മുതല്‍ സജീവം; നിരീഷണവുമായി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസം നീണ്ട ലോക്ക്ഡൗണില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവു ഏര്‍പ്പെടുത്തിയതോടെ രാവിലെ മുതല്‍ പൊതു നിരത്തുകള്‍ സജീവമായി. സ്വകാര്യ ബസുകള്‍ അധികം ഒടിത്തുടങ്ങിയില്ലെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ തന്നെ തുറന്നു. കര്‍ശന പരിശോധനയില്‍ ഇളവ് വരുത്തിയെങ്കിലും പൊലീസിന്റെ നിരീഷണം തുടരുന്നുണ്ട്.

എല്ലാ ജില്ലകളിലും ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപന മേഖലകളെ നാല് വിഭാഗങ്ങളായി തിരിച്ച് വെവ്വേറെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിപിആര്‍ 30 ന് മുകളിലുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ ബാധകമാകുന്ന തദ്ദേശസ്ഥാപനങ്ങള്‍ 12 ആയി ചുരുങ്ങി. തിരുവനന്തപുരം ആറ്, പാലക്കാട് മൂന്ന് എറണാകുളം, മലപ്പുറം, കാസര്‍കോട് ഒന്നു വീതം. ഇത്തരം തദ്ദേശ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഒരു വഴി മാത്രമേ അനുവദിക്കൂ. ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

അവശ്യ സാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, റേഷന്‍, പലവ്യഞ്ജനം, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം, കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകളും ബേക്കറികളും എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. മാളുകള്‍ തുറക്കില്ല ഹോട്ടലുകളില്‍ പാഴ്സലും ഹോം ഡെലിവറിയും മാത്രം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ.

വിവാഹത്തിനും സംസ്‌കാരത്തിനും 20 പേര്‍ മാത്രം. കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഇന്നു പുനരാരംഭിക്കും. സെക്രട്ടേറിയറ്റിലും അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിലും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 % ജീവനക്കാര്‍ ഹാജരാകണം. ടിപിആര്‍ 20 % വരെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ 25 % ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങണം.

അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നില്ല. നാളെ മുതല്‍ തുറക്കും. വ്യവസായ, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാം. ആരാധനാലയങ്ങള്‍ തുറക്കില്ല. ആള്‍ക്കൂട്ടവും പൊതുപരിപാടികളും പാടില്ല. വിനോദസഞ്ചാരം, വിനോദ പരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പരിപാടികള്‍ എന്നിവയും അനുവദിക്കില്ല.

എല്ലാ ദേശീയ സംസ്ഥാന പൊതുപരീക്ഷകളും പുനരാരംഭിക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകളാകാം. ടാക്സി കാറില്‍ ഡ്രൈവര്‍ക്കു പുറമേ മൂന്ന് പേര്‍. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കു പുറമേ രണ്ട് പേര്‍. കുടുംബസമേതം യാത്ര ചെയ്യുമ്പോള്‍ ഇതു ബാധകമല്ല.

ടിപിആര്‍ 20 ശതമാനമോ അതില്‍ താഴെയോ ഉള്ള സ്ഥലങ്ങളിലെ യാത്രയ്ക്കു പാസ് ആവശ്യമില്ല. പകരം സത്യവാങ്മൂലം കരുതണം. ട്രിപ്പിള്‍ ലോക്ഡൗണ്‍ (ടിപിആര്‍ 30നു മുകളില്‍) മേഖലകളിലേക്കും തിരിച്ചും മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹ, മരണാനന്തര ചടങ്ങുകള്‍, പരീക്ഷ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടു മാത്രമേ യാത്ര അനുവദിക്കൂ. ഇവര്‍ക്കു പൊലീസിന്റെ ഇ പാസ് നിര്‍ബന്ധമാണ്. രേഖകളും കയ്യില്‍ കരുതണം. ലോക്ഡൗണ്‍ (ടിപിആര്‍ 20-30 %) മേഖലകളില്‍നിന്ന് അതില്‍ കുറവുള്ള സ്ഥലങ്ങളിലേക്കു പോകാനും പാസ് ആവശ്യമാണ്.

ടിപിആര്‍ 20 % വരെയുള്ള സ്ഥലങ്ങളില്‍ ഇന്നുമുതല്‍ മദ്യവില്‍പന പുനരാരംഭിക്കും. ബെവ്കോ വില്‍പനകേന്ദ്രങ്ങളില്‍ നിന്നും ബാറുകളില്‍നിന്നും പാഴ്സലായി വാങ്ങാം. ശനിയും ഞായറും കള്ളുഷാപ്പുകള്‍ക്കു പ്രവര്‍ത്തിക്കാമെങ്കിലും ബാറുകള്‍ക്കും ബവ്കോ കേന്ദ്രങ്ങള്‍ക്കും അനുമതിയില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.