ഓര്‍മശക്തിക്ക് 'ചുംബന മരുന്ന്'... പിന്നെ 'കൃഷ്ണനും ഗോപികയും കളി' : വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച 'ആള്‍ദൈവം' അണ്ടര്‍ അറസ്റ്റ്

ഓര്‍മശക്തിക്ക് 'ചുംബന മരുന്ന്'... പിന്നെ 'കൃഷ്ണനും ഗോപികയും കളി' : വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച 'ആള്‍ദൈവം' അണ്ടര്‍ അറസ്റ്റ്

ചെന്നൈ: പരീക്ഷാ കാലഘട്ടങ്ങളില്‍ തന്റെ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ മുറിയിലേക്കു വിളിച്ച് ഓര്‍മശക്തിക്ക് എന്നുപറഞ്ഞ് ചുംബനം നല്‍കുക...'ഞാന്‍ കൃഷ്ണന്‍, നിങ്ങളെല്ലാം ഗോപികമാര്‍' എന്ന് വിദ്യാര്‍ഥിനികളെ പറഞ്ഞ് വിശ്വസിപ്പിച്ച് അവരെ അര്‍ധ നഗ്നരാക്കി നൃത്തം ചെയ്യിക്കുക...കുട്ടികളെ ഒപ്പമിരുത്തി മദ്യപിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യുക തുടങ്ങിയ 'കലാപരിപാടികള്‍' പതിവാക്കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ പൊലീസ് പൊക്കി.

ചെന്നൈ കേളമ്പാക്കത്ത് ശീരാമരാജ്യം എന്ന ആശ്രമത്തിന്റെയും സുശീല്‍ ഹരി ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെയും സ്ഥാപകന്‍ ശിവശങ്കര്‍ ബാബ (71) യാണ് പൊലീസ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവം പുറത്തായതോടെ ആള്‍ദൈവം ആശ്രമത്തില്‍ നിന്നും മുങ്ങിയിരുന്നു.

ചെന്നൈയില്‍ നിന്നുള്ള സിബിസിഐഡി സംഘം ഗാസിയാബാദില്‍ നിന്നാണ് ഇയാളെ പൊക്കിയത്. ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ പ്രത്യേക അനുമതിയോടെ തമിഴ്‌നാട്ടിലേക്കെത്തിച്ച് ശനിയാഴ്ച ചെങ്കല്‍പെട്ട് കോടതിയില്‍ ഹാജരാക്കും.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു സിബിസിഐഡി സംഘം അങ്ങോട്ടേക്കു തിരിച്ചു. എന്നാല്‍ സംഘം എത്തുമ്പോഴേക്കും ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട ബാബയെ ഇന്നലെ രാവിലെയോടെ ഗാസിയാബാദില്‍ നിന്നു പിടികൂടുകയായിരുന്നു.

ശിവശങ്കര്‍ ബാബയില്‍ നിന്നുണ്ടായ മോശം അനുഭവത്തെകുറിച്ച് പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയില്‍ മൂന്നു കേസുകള്‍ നേരത്തേ റജിസ്റ്റര്‍ ചെയ്തിരുന്നു. വിദ്യാര്‍ഥിനികളെ ചുംബിക്കുക, നിര്‍ബന്ധിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുക, ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുക തുടങ്ങി ബാബയുടെ ലൈംഗിക വൈകൃതങ്ങള്‍ സംബന്ധിച്ചും പരാതി ഉയര്‍ന്നതോടെ പോക്‌സോ നിയമ പ്രകാരവും കേസെടുത്തിരുന്നു.

നിര്‍ബന്ധിച്ചു മദ്യം നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണവും മറ്റൊരു വിദ്യാര്‍ഥിനി ഉന്നയിച്ചു. പഠിച്ചത് മറക്കാതിരിക്കാനെന്നു പറഞ്ഞു കുട്ടികളെ ചുംബിക്കുന്നതും സ്ഥിരമായിരുന്നു.

ബാബയുടെ പ്രവൃത്തികളില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്. ചില ജീവനക്കാരാണ് കുട്ടികളെ ബാബയ്ക്ക് അരികിലെത്തിച്ചിരുന്നതെന്നാണ് ആരോപണം.സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപികമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരാതികളില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച മഹാബലിപുരം ഓള്‍വിമന്‍ പൊലീസ് സ്റ്റേഷന്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബാബയ്ക്കു നോട്ടിസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. അന്വേഷണം സിബിസിഐഡിക്കു കൈമാറി സംസ്ഥാന ഡിജിപി ഉത്തരവിട്ടത്തോടെ ശിവശങ്കര്‍ ചെന്നൈയില്‍ നിന്നു മുങ്ങുകയായിരുന്നു.

ശിവശങ്കര്‍ ബാബയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സുശീല്‍ ഹരി ഇന്റര്‍നാഷനന്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ കാഞ്ചീപുരം ജില്ലാ ശിശുക്ഷേമ സമിതി നിര്‍ദേശം നല്‍കി. സ്‌കൂളിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാനും സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാണിയമ്പാടി സ്വദേശിയായ ശിവശങ്കര്‍ 1980 കളിലാണു ശിവശങ്കര്‍ ബാബയെന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. വാഹന മേഖലയുമായി ബന്ധപ്പെട്ട ബിസിനസില്‍ നിന്നു ശ്രീരാമരാജ്യ ആശ്രമത്തിന്റെ അധിപനും ആള്‍ദൈവമെന്ന നിലയിലേക്കുമുള്ള ശിവശങ്കര്‍ ബാബയുടെ യാത്ര അതിവേഗമായിരുന്നു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയില്‍ 1949ല്‍ ജനനം. മദ്രാസ് സര്‍വകലാശാലയില്‍ നിന്നു രസതന്ത്രത്തില്‍ ബിരുദം. എന്നാല്‍ പിന്നീടു വേറിട്ട വഴികളിലായിരുന്നു ജീവിതം.

റോഡ്, റെയില്‍ ഗതാഗതവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ലണ്ടന്‍, പുണെ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നു ബിരുദാനന്തര ബിരുദം നേടി. ബിസിനസിനൊപ്പം ആത്മീയ വിഷയങ്ങളിലും അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ആത്മീയ പാതയിലുള്ള വളര്‍ച്ച ആരംഭിക്കുന്നതും ഇവിടുന്നു തന്നെ.

ചെന്നൈയിലെ ബംഗ്ലാവില്‍ 1984ല്‍ സ്വാമി അയ്യപ്പനു ക്ഷേത്രം പണിതും രത്നഗിരി മുരുക ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിനിടെ മണിക്കൂറുകളോളം കരഞ്ഞും ശ്രദ്ധ നേടി. ആത്മീയ ഗുരുവിന്റെ ശരീരം ആത്മാവില്‍ നിന്നും വേര്‍പെടുന്നതു നേരില്‍ കണ്ടെന്നും ശരീരത്തില്‍ നിന്നു സര്‍പ്പം ഉത്ഭവിച്ചെന്നുമുള്ള അദ്ഭുത കഥകളിലൂടെ ആയിരങ്ങളുടെ ദൈവമായി ശിവശങ്കര്‍ ബാബ മാറുകയായിരുന്നു.

'ഞാനും ദൈവമാണ്, നിങ്ങളും' എന്ന സന്ദേശത്തിലൂടെ ഒട്ടേറെപേരെ തന്നിലേക്ക് ആകര്‍ഷിച്ചു. സാമൂഹിക, സാസ്‌കാരിക, ആധ്യാത്മിക കേന്ദ്രമായി ചെന്നൈ കേളമ്പാക്കത്ത് 60 ഏക്കറിലായി പരന്നു കിടക്കുന്ന ശ്രീരാമരാജ്യം എന്ന ആശ്രമം സ്ഥാപിച്ചു.

കാര്‍ട്ടൂണ്‍, സംഗീതം, നൃത്തം, വിദേശ ഭാഷകള്‍ എന്നിങ്ങനെ വിവിധ ക്ലാസുകള്‍, സൗജന്യ ഉച്ചഭക്ഷണം എന്നിവയും നല്‍കിവരുന്നു. ഇപ്പോള്‍ വിവാദ കേന്ദ്രമായി മാറിയ സുശീല്‍ ഹരി ഇന്റര്‍നാഷനല്‍ സ്‌കൂളും പാവപ്പെട്ടവര്‍ക്കു സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രിയും ആശ്രമത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.