പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു; സഹോദരിക്കും കുത്തേറ്റു

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു; സഹോദരിക്കും കുത്തേറ്റു

പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു. എളാട് സ്വദേശി ദ്യശ്യ(21) ആണ് മരിച്ചത്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യയുടെ സഹോദരിക്കും കുത്തേറ്റു. അവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു. ഇതിന് പിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവില എട്ടരയോടെയാണ് പെണ്‍കുട്ടിയെ വിനീഷ് വീട്ടില്‍ കയറി കുത്തിയത്.

ദൃശ്യ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്രമം തടയാന്‍ ശ്രമിച്ചപ്പോഴാണ് സഹോദരിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അടിയന്തര ശസ്ത്രക്രിയയും നടക്കുന്നുണ്ട്. പ്രതിയെ കുന്നക്കാവ് വെച്ച് നാട്ടുകാര്‍ ഓടിച്ച് പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.

എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് ദിവ്യ. പ്ലസ്ടു മുതല്‍ പ്രണയാഭ്യര്‍ത്ഥനയുമായി ദിവ്യക്ക് പുറകെ വിനീഷ് ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവ്യയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതിന് പലതവണ നാട്ടുകാര്‍ ഇടപെട്ട് വിനീഷിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.


കൊലപാതകം നടന്ന വീട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് വിനീഷിന്റെ വീട്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് ശരീരത്തില്‍ രക്തപ്പാടുകളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയില്‍ കയറിയ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കട കത്തിച്ചതിന് പിന്നില്‍ വിനീഷ് തന്നെയാണെന്ന സൂചനയാണ് പൊലീസിന് ഉള്ളത്. എന്നാല്‍ വിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച പ്രതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.