സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്: മൂല്യ നിര്‍ണയ മാനദണ്ഡമായി; ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്: മൂല്യ നിര്‍ണയ മാനദണ്ഡമായി; ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ്

ന്യൂഡല്‍ഹി: റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുകയായി കണക്കാക്കുമെന്ന് സിബിഎസ്ഇയും ഐസിഎസ്ഇയും സുപ്രീം കോടതിയില്‍ അറിയിച്ചു. ഇതില്‍ 10,11 ക്ലാസുകളിലെ വാര്‍ഷിക ഫലത്തിന്റെയും 12ാം ക്ലാസ് പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം 30:30:40 എന്ന അനുപാതത്തിലെടുത്താകും ഫലം കണക്കാക്കുക. വിദ്യാര്‍ഥികള്‍ക്കും സ്വീകാര്യമായ ഈ നിര്‍ദേശത്തോട് സുപ്രീം കോടതിയും യോജിച്ചു.

10,11 ക്ലാസുകളിലെ തിയറി മാര്‍ക്കുകളാണ് മൂല്യനിര്‍ണയത്തിന് പരിഗണിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാര്‍ക്കുകളാണ് ഇങ്ങനെ നിര്‍ണയിക്കുക.

പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്കുകള്‍ സ്‌കൂളുകള്‍ സമര്‍പ്പിക്കണം. ജസ്റ്റിസ് എ.എം ഖാന്‍വീല്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഎസ്ഇയ്ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് മൂല്യനിര്‍ണയ വിവരങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചത്.

പരീക്ഷാ മൂല്യനിര്‍ണയ വിവരങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ച് ഉത്തരവായാല്‍ ഉടന്‍ തന്നെ വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ജൂലായ് 31ന് മുന്‍പ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. പരീക്ഷാ മൂല്യനിര്‍ണയം നിരീക്ഷിക്കാന്‍ 1000 സ്‌കൂളുകള്‍ക്ക് ഒരു സമിതിയുണ്ടാകും.

ചില സ്‌കൂളുകള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് വലിയതോതില്‍ മാര്‍ക്ക് നല്‍കുകയും ചിലര്‍ കുറവു നല്‍കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇതു ഫലത്തെ ബാധിക്കാതിരിക്കാനാണ് ഈ സമിതിയെ രൂപീകരിക്കുന്നത്. മൂല്യനിര്‍ണയ രീതിയില്‍ വിയോജിപ്പുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.